10,000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയുമായി മലബാര്‍ ഗ്രൂപ്പ്

10,000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയുമായി മലബാര്‍ ഗ്രൂപ്പ്

മുംബൈ: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗ്രൂപ്പ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. മലബാര്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സ് വഴി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള കൊമേഷ്യല്‍, റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകള്‍ നടപ്പിലാക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. പദ്ധതിക്കായി എന്‍ആര്‍ഐ, ബാങ്കുകള്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് മലബാര്‍ ഡെവലപ്പേഴ്‌സ് നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നും കമ്പനിക്ക് 1,000 ത്തിലേറെ നിക്ഷേപകരുണ്ടെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യയിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനുദേശിക്കുന്ന രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറ് വിപണികളിലേക്കും റിയര്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ നടപ്പിലാക്കും.

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ&വൈയുമായി സഹകരിച്ച് മലബാര്‍ ഗ്രൂപ്പ് ഒരു സ്ട്രാറ്റജിക് സര്‍വെ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ടൗണ്‍ഷിപ്പ്, പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റുകള്‍ എന്നിവയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എം പി അഹമ്മദ് വ്യക്തമാക്കി. 2020 ആകുന്നതോടെ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വലിയ കമ്പനികളിലൊന്നാകാനാണ് മലബാര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 200 ഏക്കര്‍ സ്ഥലമാണ് മലബാര്‍ ഡെവലപ്പേഴ്‌സിനുള്ളത്. ഇവിടങ്ങളില്‍ കമ്പനിയുടെ രണ്ടു ദശലക്ഷം സ്‌ക്വയര്‍ഫീറ്റിന്റെ പ്രൊജക്റ്റുകള്‍ പുരോഗമിക്കുകയാണ്. 16 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വരുന്ന പ്രൊജക്റ്റുകള്‍ ആലോചനയിലുമാണ്. തൃശൂരില്‍ ഹൈടെക് ടൗണ്‍ഷിപ്പ് പ്രൊജക്റ്റും തിരുവനന്തപുരത്തെയും ‘മാള്‍ ഓഫ് ട്രാവന്‍കൂര്‍’ പ്രൊജക്റ്റുകളും നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്ത് മാംഗ്ലൂരില്‍ കമ്പനിക്ക് 30 ഏക്കര്‍ സ്ഥലമുണ്ടെന്നും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കമ്പനി ബിസിനസ് വെഞ്ച്വര്‍ പാര്‍ട്‌ണേസിനെ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഡെലവപ്പേഴ്‌സിന്റെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പ്രൊജക്റ്റായ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ടൗണ്‍ഷിപ്പ് കോഴിക്കോട് നിര്‍മ്മാണത്തിലാണെന്നും 120 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പ്രൊജക്റ്റിന് 5,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും എം പി അഹദമ്മദ് പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മിതമായ നിരക്കിലുള്ള ഭവനങ്ങളുംം ലക്ഷ്വറി വില്ലകളും നിര്‍മ്മാണത്തിന്നതിന് മലബാര്‍ ഡെവലപ്പേഴ്‌സ് പദ്ധതിയിടുന്നുണ്ട്. അടുത്ത ഘട്ടില്‍ മഹാരാഷ്ട്ര, ആന്ധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.

Comments

comments

Categories: Branding

Related Articles