ഗ്ലാമര്‍ പരിവേഷവുമായി പ്രഥമ വനിത

ഗ്ലാമര്‍ പരിവേഷവുമായി പ്രഥമ വനിത

ട്രംപിന്റെ പ്രസിഡന്റ് പദവിക്ക് ഗ്ലാമര്‍ പരിവേഷം നല്‍കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ തന്നെയായിരിക്കും.

വിദേശത്തു ജനിക്കുകയും പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്ത യുഎസിന്റെ ആദ്യ പ്രഥമ വനിതയെന്ന പ്രത്യേകതയും 46-കാരിയായ മെലാനിയയ്ക്കാണ്. 2005ല്‍ ട്രംപിനെ വിവാഹം കഴിച്ചതിലൂടെയാണു യുഎസ് പൗരത്വം നേടിയത്. 2006ലാണ് യുഎസ് പൗരത്വം നേടിയത്.
1970 ഏപ്രില്‍ 26ന് സ്ലൊവേനിയയില്‍ (പഴയ യുഗോസ്ലാവ്യ) കാര്‍ സെയില്‍സ്മാന്റെ മകളായ ജനിച്ച മെലാനിയ, 1986ല്‍ 16ാം വയസില്‍ മോഡലിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചു. അമ്മ ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നതാണ് ഈ രംഗത്തേയ്ക്കു വരാന്‍ മെലാനിയയ്ക്കു പ്രേരണയായത്. ഡിസൈനും ആര്‍ക്കിടെക്ചര്‍ കോഴ്‌സും പഠിച്ചതിനു ശേഷമാണ് മോഡലിംഗ് രംഗത്തേയ്ക്ക് മെലാനിയ സജീവമായത്. വാനിറ്റി ഫെയര്‍, വോഗ്, ഹാര്‍പേഴ്‌സ് ബസാര്‍, ജിക്യൂ, എല്ലെ തുടങ്ങിയ അന്താരാഷ്ട്ര മാസികകളുടെ കവര്‍ ചിത്രത്തിനു വേണ്ടി മോഡലായതോടെ പ്രശസ്തിയുടെ കൊടുമുടിയേറി. 1998ല്‍ ഒരു പാര്‍ട്ടിക്കിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളര്‍ന്നു. 2005 ജനുവരി 22ന് ഫ്‌ളോറിഡയില്‍ വച്ച് ഇരുവരും വിവാഹം ചെയ്തു. വിവാഹ ചടങ്ങില്‍ മെലാനിയ അണിഞ്ഞ ഡിയോര്‍ ഡ്രസ് രണ്ട് ലക്ഷം ഡോളര്‍ വിലമതിക്കുന്നതായിരുന്നു. വിവാഹ ചടങ്ങിന് ഹിലരി ക്ലിന്റനും പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന് മനുഷ്യത്വപരമായൊരു മുഖം സമ്മാനിക്കാന്‍ മെലാനിയ നടത്തിയ ശ്രമം നിസാരമായിരുന്നില്ല. പത്ത് വര്‍ഷം മുന്‍പ് ട്രംപ് ഒരു ടിവി പരിപാടിയുടെ ഷൂട്ടിംഗിനായി യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കെതിരേ അസഭ്യമായി സംസാരിച്ച ശബ്ദരേഖ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രചാരണ ഘട്ടത്തില്‍ പുറത്തുവിട്ടപ്പോള്‍ ഉയര്‍ന്ന പൊതുവികാരത്തെ ശമിപ്പിക്കാന്‍ മെലാനിയയാണു നേരിട്ട് രംഗത്തുവന്നത്. ട്രംപിന്റെ സ്ത്രീകള്‍ക്കെതിരേയുള്ള നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ മെലാനിയ, ട്രംപ് കരുതലുള്ളവനാണെന്നും ചില സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വീഴ്ചകള്‍ സംഭവിച്ചിരിക്കാമെന്നും മെലാനിയ വിശദീകരിച്ചു.
എന്നാല്‍ മെലാനിയ, ട്രംപിനു വേണ്ടി പ്രചാരണം നയിച്ചപ്പോള്‍ വിവാദത്തിലകപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.
ഈ വര്‍ഷം ജുലൈയില്‍ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ മെലാനിയ നടത്തിയ പ്രസംഗം 2008ല്‍ ഡമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വച്ച് മിഷേല്‍ ഒബാമ നടത്തിയ പ്രസംഗത്തിന്റെ കോപ്പിയടിയായിരുന്നു. ഒടുവില്‍ ട്രംപാണ് മെലാനിയയുടെ രക്ഷയ്ക്ക് വിശദീകരണവുമായെത്തിയത്. ഫാഷന്‍ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള മെലാനിയയ്ക്ക് നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാനും വശമുണ്ട്. സ്ലൊവേനിയന്‍, ഇംഗ്ലീഷ്, സെര്‍ബിയന്‍, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാം മെലാനിയയ്ക്ക്.
വ്യാഴാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയ മെലാനിയയെ, മിഷേല്‍ ഒബാമ സ്വീകരിക്കുകയുണ്ടായി. വൈറ്റ് ഹൗസ് ഇരുവരും ചുറ്റി കറങ്ങുകയും ട്രുമാന്‍ ബാല്‍ക്കണിയില്‍ അല്‍പനേരം ചെലവഴിക്കുകയും ചെയ്തു. മ്യൂസിയം കണക്കേയുള്ള വൈറ്റ് ഹൗസില്‍ ചെലവഴിക്കുമ്പോഴുള്ള സുഖവും ദുഖവും ഏകാന്തതയും വിരസതയുമൊക്കെ മിഷേല്‍ നന്നായി മെലാനിയയ്ക്ക് വിശദീകരിക്കുകയുണ്ടായി.

Comments

comments

Categories: Trending