നോട്ട് അസാധുവാക്കല്‍: മാളുകളെയും ഇ-റീട്ടെയ്‌ലര്‍മാരെയും വലച്ചു

നോട്ട് അസാധുവാക്കല്‍: മാളുകളെയും  ഇ-റീട്ടെയ്‌ലര്‍മാരെയും വലച്ചു

 

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ഷോപ്പിംഗ് മാളുകള്‍, വാണിജ്യ നഗരങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചു. ഓണ്‍ലൈന്‍ (ഇ-കൊമേഴ്‌സ്) മേഖലയെയും നോട്ട് പിന്‍വലിക്കല്‍ പിന്നോടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന മാളുകള്‍ പോലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടപാടുകളില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. ചില സ്റ്റോറുകളിലെ വില്‍പ്പന 80 ശതമാനം ഇടിഞ്ഞിട്ടുണ്ട്. എങ്കിലും വരും ആഴ്ചകളില്‍ ബിസിനസ് സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാര ലോകം.
ഇ-കൊമേഴ്‌സ് കമ്പനികളുടെ വില്‍പ്പനയില്‍ ഏകദേശം 30 ശതമാനം കുറവുണ്ടായി. അധികം ഓര്‍ഡറുകളിലും കാഷ് ഓണ്‍ ഡെലിവറി (സിഒഡി) സമ്പ്രദായമാണുള്ളത്. അതിനാല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ ബില്ലുകള്‍ അടയ്ക്കുന്നതിനായി പ്രശ്‌നങ്ങള്‍ നേരിടുന്നു. സിഒഡി ഓര്‍ഡറുകള്‍ ധാരാളമുള്ളതിനാല്‍ അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന ഇടിവ് ഏകദേശം 50 ശതമാനത്തിലെത്തുമെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു.
മുംബൈയിലെ ബാന്ദ്ര റോഡ്, ക്രൗണ്‍ഫോര്‍ഡ് മാര്‍ക്കറ്റ് എന്നിവ പോലെ തിരക്കുള്ള വാണിജ്യ കേന്ദ്രങ്ങളില്‍രണ്ടു ദിവസമായി ജനത്തിരക്ക് കുറവാണ്. ഷോപ്പിംഗ് മാളുകളിലേക്കുള്ള ആളുകളുടെ വരവ് 15- 20 ശതമാനം താഴ്ന്നതായി ഇന്‍ഫിനിറ്റി മാളിന്റെ വൈസ് പ്രസിഡന്റ് മുകേഷ് കുമാര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ സാധനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധച്ചതിനാല്‍ സ്റ്റോറുകളുടെ ശരാശരി വില്‍പ്പന 15 മുതല്‍ 20 ശതമാനം വരെ കുറഞ്ഞു. ഏറെക്കുറെ 60 ശതമാനം ഇടപാടുകളും ഇലക്ട്രോണിക് കാര്‍ഡിലൂടെയാണ് നടന്നത്. 40 ശതമാനം പേര്‍ മാത്രമാണ് പണം നല്‍കി സാധനങ്ങള്‍ വാങ്ങിയതെന്ന് മുകേഷ് കുമാര്‍ വ്യക്തമാക്കി.
മാളുകളിലെ ശരാശരി വില്‍പ്പനയില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് ഒബ്‌റോയ് മാളിന്റെ വൈസ് പ്രസിഡന്റ് അനുപം റ്റി ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച ഇതിന്റെ വ്യക്തമായ കണക്കുകള്‍ ലഭ്യമാകും. വീക്കെന്‍ഡുകളില്‍ മാളില്‍ ഏകദേശം 50,000- 55,000 പേര്‍ എത്തിച്ചേരാറുണ്ട്. വരും ആഴ്ചയില്‍ ഇത് 10-15 ശതമാനം കുറഞ്ഞേക്കും- ഡിഎല്‍എഫ് യൂട്ടിലിറ്റീസിന്റെ വൈസ് പ്രസിഡന്റ് പുഷ്പ ബെക്ടര്‍ പറഞ്ഞു. ബിസിനസില്‍ ഇതുമൂലം 15-20 ശതമാനം ഇടിവുണ്ടാകും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ഡിജിറ്റല്‍ രീതിയിലുള്ള ഇടപാടുകള്‍ നിലവിലെ 65-70 ശതമാനത്തില്‍ നിന്ന് 90 ശതമാനമായി വര്‍ധിക്കുമെന്നും ബെക്ടര്‍ വിശദമാക്കി.
ഷോപ്പേഴ്‌സ് ഷോപ്പ്, ബിഗ് ബസാര്‍, എഫ്ബിബി തുടങ്ങിയ റീട്ടെയ്‌ലര്‍മാര്‍ വില്‍പ്പനയില്‍ ഇടിവ് സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ കമ്പനികള്‍ തയാറായിട്ടില്ല.

Comments

comments

Categories: Business & Economy