റോക് മ്യൂസിക്കിലെ കാവ്യാത്മകത

റോക് മ്യൂസിക്കിലെ കാവ്യാത്മകത

 

ബഹുമുഖ പ്രതിഭയായിരുന്നു ലിയോനാര്‍ഡ് കോഹന്‍. കനേഡിയന്‍ കവിയും സംഗീതജ്ഞനും നോവലിസ്റ്റുമായുമെല്ലാം നിറഞ്ഞുനിന്ന ശേഷമാണ് 82 വയസില്‍ കോഹെന്‍ ഇന്നലെ ലോകത്തോട് വിട പറഞ്ഞത്. 1934 സെപ്റ്റംബര്‍ 21ന് കാനഡയിലെ ക്യൂബെക്കിലായിരുന്നു കോഹെന്റെ ജനനം. 2000ത്തിലേറെ ഗാനങ്ങള്‍ കോഹെന്റേതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. റോക് സംഗീതത്തിലെ മാസ്മരിക സ്പര്‍ശമായിരുന്ന അദ്ദേഹം തന്റെ കാവ്യാത്മകത കൊണ്ട് ആഘോഷത്തിന്റെ പുതിയ വിസ്മയം തീര്‍ത്തു.

1988ല്‍ പുറത്തിറങ്ങിയ ഐ ആം യുവര്‍ മാന്‍ എന്ന കോഹെന്റെ ആല്‍ബം പ്രണയത്തിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്രയായിരുന്നു. ശ്രദ്ധേയ മലയാള ചിത്രമായ പ്രണയത്തില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. റോക് സംഗീതത്തിലെ അക്ഷരങ്ങളുടെ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. വീണ്ടെടുക്കലിന്റെയും ലൈംഗിക തൃഷ്ണയുടെയുമെല്ലാം പുതിയ തലത്തിലേക്ക് കോഹെന്റെ സൃഷ്ടികള്‍ ആരാധകരെ കൂട്ടിക്കൊണ്ടുപോയി. മ്യൂസിക് ബിസിനസില്‍ തനതായ ഇടം സൃഷ്ടിച്ചെടുത്ത കലാകാരനായിരുന്നു അദ്ദേഹം. മതവും ജീസസ് ക്രൈസ്റ്റും ജൂതരും സ്‌നേവും സെക്‌സുമെല്ലാം കോഹെന്റെ പാട്ടുകളിലൂടെ നിറഞ്ഞൊഴുകി. പ്രശസ്തമായ ഹാലേലുയ പുതിയ ചരിത്രം കുറിച്ചാണ് വിറ്റുപോയത്.
50 വര്‍ഷത്തോളം നീണ്ട സംഗീത കരിയര്‍ കൊണ്ട് ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന മ്യൂസിക് താരങ്ങളിലൊരാളായി അദ്ദേഹം മാറിയിരുന്നു. കവിതയെഴുത്തില്‍ തുടങ്ങി, പിന്നീട് അതുകൊണ്ടു ജീവിക്കാനാകില്ലെന്ന് മനസിലാക്കി പാട്ടെഴുതി സംഗീത വ്യവസായത്തിലേക്ക് കടന്ന കോഹെന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. കനേഡിയന്‍ മ്യൂസിക് ഹാള്‍ ഓഫ് ഫെയിം, കനേഡിയന്‍ സോംഗ് റൈറ്റേഴ്‌സ് ഹാള്‍ ഓഫ് ഫെയിം അമേരിക്കയുടെ റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം തുടങ്ങി എണ്ണിയാല്‍ തീരാത്ത അംഗീകാരങ്ങള്‍ കൈവന്നിട്ടുള്ള കോഹെന് കാനഡയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കാനഡയും ലഭിച്ചിട്ടുണ്ട്.

Comments

comments

Categories: Editorial