തിരിച്ചടിച്ച് ഇന്ത്യ

തിരിച്ചടിച്ച് ഇന്ത്യ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗിസില്‍ ടീം ഇന്ത്യ ശക്തമായ നിലയില്‍. ഇംഗ്ലണ്ട് നേടിയ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 537 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ ചേതേശ്വര്‍ പൂജാര, മുരളി വിജയ് എന്നിവരുടെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 319 റണ്‍സ് നേടിയിട്ടുണ്ട്.

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുരളി വിജയ്-ചേതേശ്വര്‍ പൂജാര കൂട്ടുകെട്ട് ടീം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 301 പന്തില്‍ നിന്നും 126 റണ്‍സെടുത്തായിരുന്നു മുരളി വിജയിന്റെ മടക്കം. റാഷിദിന്റെ പന്തില്‍ വിജയിനെ ഹമീദ് ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു.

206 പന്തുകളില്‍ നിന്നും 124 റണ്‍സായിരുന്നു ചേതേശ്വര്‍ പൂജാരയുടെ സമ്പാദ്യം. ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ അലൈസ്റ്റര്‍ കുക്കിന് പിടികൊടുത്താണ് പൂജാര പുറത്തായത്. അമിത് മിശ്ര റണ്‍സൊന്നും നേടാതെ ഔട്ടാവുകയും ചെയ്തു. 70 പന്തുകളില്‍ നിന്നും 26 റണ്‍സുമായി ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍.

72 പന്തില്‍ നിന്നും 29 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയായിരുന്നു ഓപ്പണറായ ഗൗതം ഗംഭീറിന്റെ പുറത്താകല്‍. 25-ാം ഓവറില്‍ ബ്രോഡ് ഗംഭീറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ സ്‌കോര്‍ ചെയ്തതിനോട് ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ ഇന്നലെ ഗംഭീറിന് സാധിച്ചുള്ളൂ.

അതേസമയം, ജോ റൂട്ട് (124), മൊയീന്‍ അലി (117), ബെന്‍ സ്‌റ്റോക്‌സ് (128) എന്നിവരുടെ സെഞ്ച്വറി മികവിലായിരുന്നു ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 537 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ടീം ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമാണ് ആദ്യ ദിനത്തില്‍ വീഴ്ത്തിയത്. അമിത് മിശ്രയും ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Sports