ഏറ്റവും വലിയ തുറന്ന സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി

ഏറ്റവും വലിയ തുറന്ന സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആഗോള വളര്‍ച്ചയുടെ പുതിയ കേന്ദ്രമായി ഏഷ്യ ഉയര്‍ന്നു വന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മല്‍സരക്ഷമമായ ഉല്‍പ്പാദന വ്യവസ്ഥയും വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയുമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ഇന്ത്യയും ജപ്പാനും ഏഷ്യയുടെ ഉയര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാന്‍ സന്ദര്‍ശനം നടത്തുന്ന മോദി ടോക്ക്യോയില്‍ ഇന്ത്യ- ജപ്പാന്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ തൊഴില്‍ ചെലവ്, വലിയ ആഭ്യന്തര വിപണി, സുസ്ഥിരമായ സൂക്ഷ്മ സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം ഇന്ത്യയെ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ഇടമാക്കി മാറ്റിയിട്ടുണ്ട്. അളവിലും വേഗത്തിലും വൈദഗ്യത്തിലുമായി വിവിധ മേഖലകളില്‍ ഇന്ത്യക്ക് ജപ്പാന്റെ സഹായമാവശ്യമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുത്തില്‍ 52 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സരക്ഷമതാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഈ രണ്ടു വര്‍ഷങ്ങളില്‍ 32 പടിയാണ് ഉയര്‍ന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സോഫ്റ്റ് വെയര്‍ മേഖലയിലെ വൈദഗ്ധ്യവും ജപ്പാന്റെ ഹാര്‍ഡ് വെയര്‍ മേഖലയിലെ വൈദഗ്ധ്യവും കൂടിച്ചേര്‍ന്നാല്‍ മികച്ച ഫലങ്ങളുണ്ടാക്കാനാകും. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ നാലാമത്തെ സ്രോതസ് ജപ്പാനാണ്. മേക്ക് ഇന്‍ ഇന്ത്യ- മേക്ക് ബൈ ജപ്പാന്‍ കൂട്ടുകെട്ട് ( ഇന്ത്യയില്‍ നിര്‍മിക്കുന്ന- ജപ്പാന്‍ നിര്‍മിക്കുന്ന) മികച്ച ഫലങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ശക്തമായ ഇന്ത്യയും ശക്തമായ ജപ്പാനും സുസ്ഥിരമായ ഏഷ്യയ്ക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories