27 സംഭരണശാലകള്‍ കൂടി തുറക്കാന്‍ എഫ്‌സിഐ ഒരുങ്ങുന്നു

27 സംഭരണശാലകള്‍ കൂടി തുറക്കാന്‍ എഫ്‌സിഐ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1.35 മില്യണ്‍ ടണ്ണിന്റെ അധിക സംഭരണ ശേഷി ഒരുക്കുമെന്ന് ഫൂഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 50,000 ടണ്‍ ശേഷിയുള്ള 27 ധാന്യപ്പുരകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകളില്‍ അന്തിമ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. സംഭരണ അറകളുടെ നിര്‍മാണത്തിലും ഭക്ഷ്യ ധാന്യങ്ങളുടെ ക്രമീകരണത്തിലും പ്രവര്‍ത്തന പരിചയമുള്ള കരാറുകാരെ മുപ്പതു വര്‍ഷത്തെ പാട്ട കരാറിലാണ് തെരഞ്ഞെടുക്കുക.

ധാന്യങ്ങള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിഗണിച്ച് റെയില്‍വേ സ്റ്റേഷന്‍ പരിധികളിലായിരിക്കും സംഭരണ അറകള്‍ നിര്‍മിക്കുകയെന്നും എഫ്‌സിഐ അറിയിച്ചു. നിലവില്‍ 84.48 മില്യണ്‍ ടണ്ണിന്റെ സംഭരണ ശേഷിയാണ് എഫ്‌സിഐയ്ക്കുള്ളത്.

വ്യാഴാഴ്ച്ചയാണ് ധാന്യപ്പുര നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഏഴ് സ്ഥലങ്ങളിലെ സംഭരണ അറ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ ഏറ്റെടുത്ത നാഷണല്‍ കൊളാറ്ററല്‍ മാനേജ്‌മെന്റ് സര്‍വീസസ് (എന്‍സിഎംഎല്‍) ആണ് നിലവില്‍ എഫ്‌സിഐയുടെ ഏറ്റവും വലിയ കാരാറുകാര്‍. ഒരു ധാന്യപ്പുരയ്ക്ക് 60 മുതല്‍ 70 കോടി രൂപ വരെയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. 27 യൂണിറ്റുകളുടെ നിര്‍മാണത്തിനു വേണ്ടി വരുന്ന ആകെ തുക 1,900 കോടി രൂപയായിരിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ധാന്യപ്പുരകള്‍ നിര്‍മിക്കുന്നതിനു വേണ്ടിയുള്ള രണ്ടാമത്തെ ടെന്‍ഡറാണ് ഇത്. ഏഴ് ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 450-480 കോടി രൂപ വരെയാണ് എന്‍സിഎംഎല്‍ തുക കണക്കാക്കിയിരിക്കുന്നത്.

സംഭരണ ശാലകളിലേക്കുള്ള ഗാതാഗതം സുഗമമാക്കുന്നതിന് പ്രധാന ട്രാക്കുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍പാതകളും നിര്‍മിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാര്‍ പദ്ധതിയുടെ സാമ്പത്തികമായ എല്ലാ ക്രമീകരണങ്ങളും നടത്തുകയും അടുത്ത മുപ്പത് വര്‍ഷത്തെ ഉറപ്പില്‍ സംഭരണശാലകളുടെ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമെന്ന് എഫ്‌സിഐ അറിയിച്ചു.

Comments

comments

Categories: Slider, Top Stories