പിയര്‍ലെസ് മ്യൂച്ചല്‍ ഫണ്ടിനെ ഏറ്റെടുക്കാന്‍ എസ്സല്‍ ഫിനാന്‍സ്

പിയര്‍ലെസ് മ്യൂച്ചല്‍ ഫണ്ടിനെ  ഏറ്റെടുക്കാന്‍ എസ്സല്‍ ഫിനാന്‍സ്

കൊല്‍ക്കത്ത: എസ്സല്‍ ഗ്രൂപ്പിനു കീഴിലെ സ്വകാര്യ നിക്ഷേപ ശാഖ എസ്സല്‍ ഫിനാന്‍സ് കൊല്‍ക്കത്ത ആസ്ഥാനമാക്കിയ ധനകാര്യ സേവന കമ്പനിയായ പിയര്‍ലെസിന്റെ മ്യൂച്ചല്‍ ഫണ്ട് ബിസിനസിനെ ഏറ്റെടുക്കുന്നു. ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇരു സ്ഥാപനങ്ങളും പുറത്തുവിട്ടിട്ടില്ല.

സാമ്പത്തിക സേവന രംഗത്ത് തന്ത്രപരമായ സംയോജനത്തിന്റെ ഭാഗമായിട്ടാണ് ഏറ്റെടുക്കല്‍ നടത്തുന്നതെന്ന് എസ്സല്‍ ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അമിതാഭ് ചതുര്‍വേദി പറഞ്ഞു. മ്യൂച്ചല്‍ ഫണ്ട് ബിസിനസിന് പുറമെ കമ്പനിയുടെ നില മെച്ചപ്പെടുത്താനും ഏറ്റെടുക്കല്‍ ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിയര്‍ലെസ് ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ സഹകമ്പനിയാണ് പിയര്‍ലെസ് മ്യൂച്ചല്‍ ഫണ്ട്‌സ്. 2008 ഏപ്രിലിലാണ് കമ്പനിയെ ഏകീകരിച്ചത്. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ കമ്പനി 970.88 കോടി രൂപയുടെ മൂലധനം രേഖപ്പെടുത്തിയിരുന്നു. പിയര്‍ലെസ് ഫണ്ട് മാനേജ്‌മെന്റിന് നിലവില്‍ ഓഹരിയുമായി ബന്ധപ്പെട്ട സേവിംഗ് സ്‌കീം ഉള്‍പ്പെടെ ഒരു ലിക്യുഡ് സ്‌കീം, നാല് ഫിക്‌സഡ് ഇന്‍കം സ്‌കീം, ഒരു ഹൈബ്രിഡ് സ്‌കീം എന്നിവയുണ്ട്.
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൂടെ ചെറുകിട- ഇടത്തരം സംരംഭകര്‍ക്കുള്ള ബിസിനസ് വായ്പ, ഭവന വായ്പ, വിനിമയ നിരക്ക്, സ്വകാര്യ നിക്ഷേപം, നിക്ഷേപ ബാങ്കിംഗ് തുടങ്ങിയ ധനകാര്യ സേവനങ്ങള്‍ എസ്സല്‍ ഫിനാന്‍സ് നല്‍കിവരുന്നു. എസ്സല്‍ ഗ്രൂപ്പിന്റെ 10 ബില്ല്യണ്‍ ഡോളര്‍ ധനകാര്യ ബിസിനസിന്റെ ബ്രാന്‍ഡാണ് എസ്സല്‍ ഫിനാന്‍സ്.
2015 നവംബറില്‍ കുറഞ്ഞ ചെലവിലുള്ള ഭവന നിര്‍മാണ വിഭാഗത്തില്‍ പ്രവേശിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. 2017ഓടെ 800 കോടി രൂപയുടെ നിക്ഷേപത്തില്‍ 10,000 വീടുകള്‍ പൂര്‍ത്തീകരിക്കുകയാണ് എസ്സല്‍ ഗ്രൂപ്പിന്റെ ലക്ഷ്യം.

Comments

comments

Categories: Branding