വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: പി സദാശിവം

വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: പി സദാശിവം

തിരുവനന്തപുരം: വജ്രജൂബിലി വര്‍ഷത്തില്‍ കേരളത്തിന്റെ വികസനത്തിന് പുതു അധ്യായമായി നവകേരള മിഷന് തുടക്കമായി. മിഷന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. കേരളമാകെയുള്ള തദ്ദേശസ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. നവകേരളമിഷന്‍ വികസനകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു.

ആരോഗ്യസംരക്ഷണ, വിദ്യാഭ്യാസ, ഭവനനിര്‍മാണ പദ്ധതികളുടെ നേട്ടങ്ങള്‍ വികസനകാര്യത്തില്‍ കേരളത്തിന് ഏറെ അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍തന്നെ ഇത്തരം കേരളാ മോഡലുകള്‍ വികസനമാതൃകകളാണ് എന്ന് ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാലേ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വികേന്ദ്രീകൃത ഭരണത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനായ കേരളത്തിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി ഇക്കാര്യം ഉറപ്പാക്കാനാവും. നവകേരള മിഷനുകള്‍ ഈ ലക്ഷ്യത്തിലേക്കുളള പുതുചുവടുവെപ്പാണ്. ഹരിതകേരളം പദ്ധതി കൃഷി വ്യാപകമാക്കാനുള്ള മികച്ച ശ്രമമാണ്. രാജ്ഭവനില്‍ ഇത്തരത്തില്‍ കൃഷിമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സഹകരണത്തോടെ പച്ചക്കറിയും ഔഷധച്ചെടികളുടെയും കൃഷിയും ആരംഭിച്ചിട്ടുണ്ട്. അവിടെ ലഭിക്കുന്ന വിളകള്‍ ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ ലഭ്യമായ സ്ഥലങ്ങളില്‍ കഴിയുന്ന രീതിയില്‍ കൃഷി വ്യാപകമാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാകുന്ന അവസ്ഥയുണ്ടാകണം. മാലിന്യസംസ്‌കരണപ്രശ്നപരിഹാരവും നവകേരളമിഷന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട്. ശുചിത്വ മിഷന്റെ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ മാതൃകാപരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലൈഫ് ഭവനനിര്‍മ്മാണ പദ്ധതി പണ്ട് 1972ല്‍ കേരളം തന്നെ സൃഷ്ടിച്ച ലക്ഷം വീട് നിര്‍മ്മാണ പദ്ധതിയുടെ ചരിത്രം തിരുത്തിയെഴുതാന്‍ സഹായിക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കാര്യക്ഷമതയില്‍ വിശ്വാസം കുറയുന്നതാണ് പണമില്ലെങ്കിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ആശുപത്രികളിലെ തിരക്കും പ്രശ്നമാണ്. ആര്‍ദ്രം ഹെല്‍ത്ത് മിഷന്‍ ഗുണപരമായ ആരോഗ്യസേവനങ്ങളും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കാനും ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനും സഹായിക്കും. ഇതുവഴി ജനവിശ്വാസം വീണ്ടെടുക്കാം. പരമാവധി സര്‍ക്കാര്‍ ആശുപത്രികളിലാണ് താന്‍ ചികില്‍സ തേടാറുള്ളതെന്നും മികച്ച ഡോക്ടര്‍മാരുടെ സേവനം അവിടെയാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാസമേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തില്‍ നാഴികക്കല്ലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. പ്രാഥമിക വിദ്യാഭ്യാസ മേഖല നവീകരിക്കാനും ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം നേടിയ നേട്ടങ്ങളില്‍ തളച്ചുനില്‍ക്കാതെ മുന്നോട്ടുപോകുകയാണ് നവകേരള മിഷന്‍ പദ്ധതികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനം നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും കാലാനുസൃതമായി ഇവ നിലനിര്‍ത്താന്‍ പല മേഖലകളിലും കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം നടക്കാത്തതാണ് പ്രശ്നം. നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാണീ മിഷനുകളെന്ന് പിണറായി പറഞ്ഞു.

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നവകേരളമിഷന്‍ അവതരണം നടത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, ജി. സുധാകരന്‍, ഡോ. ടി എം തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്, ജെ മേഴ്സിക്കുട്ടി അമ്മ, കെ എസ് സുനില്‍കുമാര്‍, ടി പി രാമകൃഷ്ണന്‍, എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, നിയമസഭയിലെ കക്ഷിനേതാക്കളായ ഒ. രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള, മേയര്‍ വി കെ പ്രശാന്ത്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

comments

Categories: Slider, Top Stories