നോട്ടുകളുടെ നിരോധനം: ഒല മണി വാലറ്റ് റീചാര്‍ജില്‍ 1500 ശതമാനത്തിന്റെ വര്‍ധന

നോട്ടുകളുടെ നിരോധനം:  ഒല മണി വാലറ്റ് റീചാര്‍ജില്‍ 1500 ശതമാനത്തിന്റെ വര്‍ധന

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 കറന്‍സി നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സൊലൂഷന്‍സിനും ചാകരയാണ്. സര്‍ക്കാരിന്റെ പുതിയ നയത്തിനു പിന്നാലെ കാബ് അഗ്രിഗേറ്റേഴ്‌സായ ഒലയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സൊലൂഷന്‍സായ ഒല മണിയുടെ ഉപയോഗത്തില്‍ വര്‍ധന രേഖപ്പെടുത്തി. 102 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒല മണി വാലറ്റ് റീചര്‍ജില്‍ 1500 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ 12-15 മണിക്കൂറിനുള്ളില്‍ റീചര്‍ജില്‍ 15 മടങ്ങിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

നാഗ്പ്പൂര്‍, ചണ്ഢീഗഡ്, ഭോപ്പാല്‍, ലക്‌നൗ, പാറ്റ്‌ന, അഹമ്മദാബാദ്, കോയമ്പത്തൂര്‍, ജയ്പൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ പണത്തേക്കാള്‍ ഏറെ ഒല മണി ഉപയോഗിച്ച് ഡിജിറ്റല്‍ പേയ്‌മെന്റാണ് നടത്തിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുന്ന പ്രവണത കടലാസ് പണ രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്കുള്ള തുടക്കമാണെന്നും ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ വിജയത്തിനായി മുന്‍പന്തിയില്‍ ഒല മണി ഉണ്ടായിരിക്കുമെന്നും ഒല മണി തലവന്‍ പല്ലവ് സിങ് പറഞ്ഞു.

ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിപണി, വിനോദരംഗം, യാത്ര-ടിക്കറ്റ് ബുക്കിങ്, ഷോപ്പിങ്, റീചാര്‍ജ് എന്നീ മേഖലകളിലായി 500 ഓളം ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ ഒല മണിക്കുണ്ട്. അടുത്തിടെ ഒല മണി മുംബൈ മെട്രോയുമായി സഹകരിച്ച് സ്ഥിരയാത്രക്കാര്‍ക്ക് പ്രീപേഡ് മെട്രോ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ ടിക്കറ്റ് ബുക്കിങില്‍ രാജസ്ഥാന്‍ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഒല മണിയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് പങ്കാളിയാണ്.

പിസ്സ ഹട്ട്, ബുക്ക്‌മൈഷോപ്പ്, ഐആര്‍സിടിസി, ഡോമിനോസ്, ക്ലിയര്‍ട്രിപ്പ് തുടങ്ങിയവരുമായും ഒല മണിക്ക് സഹകരണമുണ്ട്. രാജ്യത്തെ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേഴ്‌സുമായി സഹകരിക്കുന്ന ഒല മണി വഴി പ്രീപേയ്ഡ് മൊബീല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനും മിനുറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ പണം കൈമാറ്റം ചെയ്യുന്നതിനും സാധിക്കും.

Comments

comments

Categories: Branding