ധീരമായ തീരുമാനം, ഇനിയും ചെയ്യാന്‍ നിരവധി കാര്യങ്ങള്‍

ധീരമായ തീരുമാനം, ഇനിയും ചെയ്യാന്‍ നിരവധി കാര്യങ്ങള്‍

നവംബര്‍ 8 തീര്‍ച്ചയായും ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ദിവസം തന്നെയായിരുന്നു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളാണ് സര്‍ക്കാര്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി അസാധുവാക്കിയത്. പകരം 2,000 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ വീണ്ടും പുറത്തിറക്കുന്നതുകൊണ്ട് കാര്യമുണ്ടോയെന്നത് സര്‍ക്കാര്‍ ചിന്തിക്കണം. ഇടയ്ക്കിടയ്ക്ക് നോട്ടുകള്‍ പിന്‍വലിച്ച് പുതിയ സീരിസില്‍ ഇറക്കുകയെന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യവുമാണ്.

കാഷ്‌ലെസ് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ കുറച്ചു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നോട്ടുകള്‍ മാറ്റിയിറക്കുകയെന്നത് തീര്‍ത്തും അപ്രായോഗികവും സാമ്പത്തിക ബാധ്യതയുമാണ്. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് കേരളത്തിലെ കള്ളനോട്ട് മാഫിയയെ വരെ കാര്യമായി പിടിച്ചു കുലുക്കിയിട്ടുണ്ട്. 1990 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 16,800 കോടി രൂപയുടെ കള്ളനോട്ടാണ് കേരളത്തിലെത്തിയത്. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹവാല ഇടപാടിലൂടെയാണ് കള്ളനോട്ട് എത്തുന്നത്. ഇതില്‍ 15,000 കോടി രൂപയുടെ കള്ളനോട്ടുകള്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളുടെ കൈയിലുണ്ട്. നോട്ടുകള്‍ അസാധുവാക്കിയതോടെ ഇതൊന്നും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. പുതിയ നോട്ടുകള്‍ വ്യാജമായി ഇറക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശരിയായിരിക്കാം. എന്നിരുന്നാലും ഏതു തരം ടെക്‌നോളജിയെയും തീവ്രവാദികള്‍ മറികടക്കുന്നുണ്ടെന്നത് കണക്കിലെടുക്കണം. സാമ്പത്തികപരമായും റിസ്‌കില്ലാത്തതുമായ നടപടിയാണ് ഇ-പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നുള്ളത്. വിപണിയില്‍ കറന്‍സിയുടെ ലഭ്യത കുറച്ച് ദൈനംദിന ജീവിതത്തില്‍ കാഷ്‌ലെസ് ഇടപാട് ഉറപ്പുവരുത്തുന്നതാകണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടിസ്ഥാന നയം.

Comments

comments

Categories: Editorial