എടിഎമ്മുകള്‍ സാധാരണ നിലയിലെത്താന്‍ 10 ദിവസങ്ങളെങ്കിലുമെടുക്കും

എടിഎമ്മുകള്‍ സാധാരണ നിലയിലെത്താന്‍  10 ദിവസങ്ങളെങ്കിലുമെടുക്കും

ന്യൂഡെല്‍ഹി/തിരുവനന്തപുരം: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ എടിഎമ്മുകള്‍ തുറന്നുവെങ്കിലും മിക്ക എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമല്ലാതിരുന്നത് ഇടപാടുകാരെ വലച്ചു. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന ചുരുക്കം ചില എടിഎമ്മുകളില്‍ മാത്രമാണ് ഇന്നലെ പണം ലഭ്യമായിരുന്നത്. ഇതിനാല്‍ പണം ലഭിക്കുന്ന എടിഎമ്മുകള്‍ക്ക് മുന്നിലും ബാങ്കുകള്‍ക്കു മുന്നിലും ഇന്നലെയും നീണ്ട ക്യൂ രൂപപ്പെട്ടു. പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്‍കിയിട്ടുള്ള എടിഎമ്മുകളില്‍ പണമെത്തുന്നത് ഇനിയും വൈകുന്നതിനാണ് സാധ്യത.
എടിഎമ്മുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ പത്തു ദിവസങ്ങളെങ്കിലും എടുക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. നോട്ടുകള്‍ മാറ്റുന്നതിലൂടെ എടിഎം മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ സംഭവിച്ച സാങ്കേതിക പ്രയാസങ്ങള്‍ മറികടക്കുന്നതിന് ആവശ്യമായ വിദഗ്ധര്‍ ലഭ്യമല്ലെന്നും എസ്ബിഐ വ്യക്തമാക്കുന്നു.
മുന്‍പുണ്ടായിരുന്നതു പോലെ എടിഎമ്മുകള്‍ വളരെ വേഗം പുനഃക്രമീകരിക്കുക സാധ്യമല്ലെന്നും ഓരോ എടിഎമ്മിലും പ്രത്യേകം കാര്യങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. രണ്ടുലക്ഷത്തോളം എടിഎമ്മുകള്‍ നിലവില്‍ ഉള്ളപ്പോള്‍ ഹിറ്റാച്ചി, എന്‍സിആര്‍ കോര്‍പ്പറേഷന്‍ തുടങ്ങി ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് ഈ സേവനം നല്‍കുന്നത്. നിവവധി മെഷീനുകള്‍ ഇപ്പോള്‍ 500, 1000 നോട്ടുകള്‍ മാത്രം എടുക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താതെ നിലവില്‍ 100 രൂപ നിക്ഷേപിക്കാനാവില്ല;. ഇത്രയധികം തുക രാജ്യത്തെ എല്ലാ എടിഎമ്മുകളിലേക്കും എത്തിക്കുക എന്നത് ശ്രമകരമാണെന്നും അതിനു തക്ക സുരക്ഷാ ക്രമീകരണങ്ങള്‍ ലഭ്യമല്ലെന്നും എസ്ബിഐ ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തായിരുന്നു എടിഎമ്മുകള്‍ക്ക് മുന്നിലെ ഏറ്റവും വലിയ തിരക്ക്. പണം ലഭ്യമായ എടിഎമ്മുകളില്‍ രാവിലെ നിറച്ച പണം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുന്ന സ്ഥിതിയുമുണ്ടായിരുന്നു. പണം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പലരും ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയായ 2000 രൂപ പിന്‍വലിക്കുകയായിരുന്നു. നവംബര്‍ 19 വരെയാണ് ഈ നിയന്ത്രണമുള്ളത്. അതിനുശേഷം 4000 വരെ പിന്‍വലിക്കാം. തുറക്കാത്ത എടിമ്മുകള്‍ക്കു മുന്നിലും രാവിലെ ക്യൂ രൂപപ്പെട്ടിരുന്നു.

സോഫ്റ്റ് വെയര്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ പുതിയ 2000 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ നിറക്കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനാല്‍ 100, 50 നോട്ടുകള്‍ മാത്രമാണ് എടിഎമ്മുകളില്‍ ഇപ്പോളുള്ളത്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഈ നോട്ടുകളുടെ ക്ഷാമം കാരണം ചില ബാങ്ക് ശാഖകളില്‍ അസാധുവായ നോട്ടുകള്‍ മാറ്റിനല്‍കുന്നത് തടസപ്പെട്ടിട്ടുമുണ്ട്.

Comments

comments

Categories: Slider, Top Stories