നോട്ട് പിന്‍വലിക്കല്‍: കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞു

നോട്ട് പിന്‍വലിക്കല്‍:  കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞു

 

പൂനെ: 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വിലക്കാനുള്ള തീരുമാനം കാര്‍ഷിക മേഖലയില്‍ കനത്ത തിരിച്ചടിയായി. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ രാജ്യത്തെ പണവിനിമയ സംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ കാര്‍ഷിക വിളകളുടെ വിലയില്‍ വലിയ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയെന്ന ലക്ഷ്യത്തോടെ നടത്തിയ മിന്നല്‍ പ്രഖ്യാപനം കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ വിപണനക്കാര്‍ക്കും കനത്ത തിരിച്ചടിയായതായാണ് റിപ്പോര്‍ട്ട്. കുറച്ചുകാലത്തേക്ക് ഈ മാന്ദ്യം തുടരുമെന്നും വിളവെടുപ്പ് സീസണോടെ ഇതിന് മാറ്റമുണ്ടാകുമെന്നുമാണ് ഇപ്പോഴിവര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം റെക്കോഡ് ഖാരിഫ് വിളവെടുപ്പ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കാര്‍ഷിക വിളകള്‍ വിപണിയിലെത്തിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ വാങ്ങുകയോ അല്ലെങ്കില്‍ പേയ്‌മെന്റിന് കാത്തുനില്‍ക്കുകയോ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ത് വലിയ രീതിയില്‍ വില തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം റാബി വിളവിറക്കുന്നതിനാവശ്യമായ സാമഗ്രികള്‍ വാങ്ങാന്‍ പദ്ധതിയിട്ട നിരവധി കര്‍ഷകരില്‍ നിന്നും 1000, 500 രൂപ നോട്ടുകള്‍ വാങ്ങുന്നതിന് വ്യാപാരികള്‍ വിസമ്മതിച്ചതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കൂടിയ വിലയ്ക്ക് ഇതുമൂലം വിത്തുകള്‍ വാങ്ങേണ്ടി വന്നതായും കര്‍ഷകര്‍ പരാതിപ്പെട്ടു. എന്നാല്‍ കൂടുതല്‍ കാലം നശിക്കാതെ നില്‍ക്കുമെന്നതിനാല്‍ തോട്ടവിളകളുടെ വില്‍പ്പനക്കാരെ ഈ സാഹചര്യം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികളും കര്‍ഷകരും വ്യക്തമാക്കുന്നത്.

വാങ്ങാനുള്ള സമ്മര്‍ദത്തേക്കാള്‍ വില്‍ക്കാനുള്ള സമ്മര്‍ദം കാര്‍ഷിക വിപണിയില്‍ ശക്തമാണെന്നും വിപണി കൂടുതല്‍ ഇടിയുന്നതിനാണ് ഇത് വഴിവെക്കുക എന്നും ഈഡെല്‍വെയ്സ്സ് അഗ്രി റിസര്‍ച്ച് വൈസ്പ്രസിഡന്റ് പ്രേരണ ദേശായി പറഞ്ഞു. കര്‍ഷകരാണ് ഇതുമൂലമുള്ള ദുരിതം ഏറെ അനുഭവിക്കുന്നത് സാധാരണയായി നവംബറില്‍ ഖാരിഫ് വിളകളുടെ വില ഇടിയാറുണ്ട്. പക്ഷേ ഇത്തവണ വിലയിടിവ് വളരേയേറേ കടുത്തതായിരിക്കുമെന്നും പ്രേരണ ദേശായി പറയുന്നു.

Comments

comments