നോട്ട് അസാധുവാക്കല്‍ അര്‍ത്ഥമാക്കുന്നത്

നോട്ട് അസാധുവാക്കല്‍  അര്‍ത്ഥമാക്കുന്നത്

അഭിഷേക് വാങ്‌മെയര്‍

രാജ്യത്ത് നിലവില്‍ വിതരണത്തിലുണ്ടായിരുന്ന പതിനാല് ലക്ഷം കോടി രൂപ 2016 നവംബര്‍ എട്ട് അര്‍ധരാത്രി മുതല്‍ ഉപയോഗശൂന്യമായി. കണക്കില്ലാതെ സൂക്ഷിച്ചിരിക്കുന്ന കുഴല്‍പ്പണവും മറ്റ് സാമ്പത്തിക തട്ടിപ്പുകളും നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ്പെട്ടെന്നുള്ള ഈ തീരുമാനം. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 7.85 ലക്ഷം കോടി അഞ്ഞൂറു രൂപ നോട്ടുകളും 6.33 ലക്ഷം കോടി ആയിരം രൂപ നോട്ടുകളുമാണ് അസാധുവായിരിക്കുന്നത്.

സാമ്പത്തിക ഗവേഷണ സ്ഥാപനമായ അംബിറ്റ് കാപ്പിറ്റലിന്റെ 2016 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ തീരുമാനം മൂന്നു വിധത്തില്‍ കള്ളപ്പണ ഇടപാടുകാര്‍ക്ക് തിരിച്ചടിയാകും.

1. പെട്ടെന്നുള്ള തീരുമാനം കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെ നേരിട്ടു തന്നെ ബാധിക്കുന്നു. ഇനി മുമ്പിലുള്ള രണ്ട് വഴികള്‍ പണം സ്വന്തം പേരില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ നവംബര്‍ 24 നു മുമ്പായി മാറിയെടുക്കുകയോ ചെയ്യുകയെന്നതു മാത്രമാണ്.  നിലവിലെ കണക്കുകള്‍ അനുസരിച്ച് ഒരു ദിവസം ഒരാള്‍ക്ക് മാറാവുന്ന തുക 4000 രൂപയാണ്. നവംബര്‍ പത്തു മുതല്‍ 24 വരെയുള്ള പതിനഞ്ച് ദിവസം ഒരാള്‍ക്ക് മാറാവുന്ന പരമാവധി തുക 60000 രൂപയും. തടസം നീങ്ങുന്നതിനനുസരിച്ച് കൈമാറ്റം ചെയ്യാവുന്ന തുകയുടെ പരിധി പിന്നീട് ഉയര്‍ത്തും. എന്തായാലും നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണമില്ല.

2. കണക്കില്‍ കാണിക്കാത്ത വരുമാനം പരസ്യപ്പെടുത്താന്‍ ഗവണ്‍മെന്റ് അനുവദിച്ച ‘ഇന്‍കം ഡികഌറേഷന്‍ സ്‌കീം’ സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. അതിനാല്‍ ഇനി കണക്കില്‍പ്പെടാത്ത പണം പരസ്യപ്പെടുത്താന്‍ സാധ്യമല്ല. പ്രധാനമന്ത്രി പറഞ്ഞതുപോലെ കണക്കില്‍ കാണിക്കാതെ സൂക്ഷിച്ച പണം ഇനി വിലയില്ലാത്ത വെറും പേപ്പര്‍ കെട്ടുകളായി മാറും.

3. ഇന്ത്യയില്‍ തെരഞ്ഞെടുപ്പു വേളകളില്‍ വോട്ട് ചെയ്യാന്‍ പണം അനധികൃതമായി കൈമാറ്റം ചെയ്തിരുന്ന രീതി ഇനി നടക്കില്ല.

2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാങ്ക് നോട്ടുകള്‍ 40 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്. 500 രൂപ നോട്ടുകള്‍ 76 ശതമാനവും 1000 രൂപ നോട്ട് 109 ശതമാനവും വര്‍ധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ പുതിയ നോട്ടുകളില്‍ നാനോ ചിപ്പ് സംവിധാനം ഇല്ല. അച്ചടി ചെലവ് കുറയ്ക്കുന്നതിനു വേണ്ടി പഴയ 500 രൂപ ഗവണ്‍മെന്റ് രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിരുന്നതായി 2014ല്‍ ഇന്ത്യസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അസാധുവായത് അച്ചടി ചെലവ് കുറഞ്ഞ  നോട്ടുകള്‍,  നിലനില്‍ക്കുന്നത് അച്ചടി ചെലവ് കൂടിയ നോട്ടുകള്‍

ഇപ്പോള്‍ അച്ചടി ചെലവ് കുറഞ്ഞ നോട്ട് അസാധുവാകുകയും ചിലവുകൂടിയ നോട്ട് നിലനില്‍ക്കുകയുമാണ്. അച്ചടി ചെലവ് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ രൂപ 1000 നോട്ടാണ്. മുഖവിലയുടെ 0.32 ശതമാനമാണ് ഇതിന്റെ അച്ചടി ചെലവ്. എന്നാല്‍ നൂറു രൂപയുടെ അച്ചടി ചെലവ് അതിന്റെ മുഖവിലയുടെ 1.8 ശതമാനം വരും. 50 രൂപ നോട്ടിന് 3.6 ശതമാനവും 10 രൂപ നോട്ടിന് 9.6 ശതമാനവും അച്ചടിക്ക് ചെലവാകും.  500 ന്റെ 15.7 ബില്ല്യണ്‍ നോട്ടും 1000 ന്റെ 6.3 ബില്ല്യണ്‍ നോട്ടും ഇന്ത്യയില്‍ വിതരണത്തിലുണ്ടായിരുന്നു. അതായത് 22 ബില്ല്യണ്‍ നോട്ടുകളാണ് ഇപ്പോഴത്തെ നടപടിയോടെ അസാധുവായത്.

പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും ഗുണകരമാവും ഈ തീരുമാനം. ബാങ്ക് എക്കൗണ്ടുകള്‍ ഇല്ലാതെ പണം കൈയില്‍ സൂക്ഷിച്ചിരിക്കുന്ന സാധാരണക്കാരും സ്ഥാപനങ്ങളും സ്വാഭാവികമായി തന്നെ എക്കൗണ്ടുകള്‍ തുടങ്ങുകയും ഇടപാടുകള്‍ ബാങ്കുവഴി ആരംഭിക്കുകയും ചെയ്യും. ആശുപത്രി, ഗതാഗതം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്നു വരെ 1000, 500 നോട്ടുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പണം ഉപയോഗിച്ച് അധികം വിനിമയം നടത്തേണ്ടിവരുന്ന റിയല്‍ എസ്‌റ്റേറ്റ് പോലുള്ള മേഖലകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറും നോട്ട് പിന്‍വലിക്കല്‍ തീരുമാനം.

(ഇന്ത്യസ്‌പെന്‍ഡിലെ അനലിസ്റ്റാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: FK Special
Tags: ban, note