മലയാളിക്ക് സന്തോഷിക്കാനറിയില്ലേ?

മലയാളിക്ക് സന്തോഷിക്കാനറിയില്ലേ?

എ ആര്‍ രഞ്ജിത്ത്

മ്മളൊക്കെ ചുറ്റും കണ്ടിട്ടുണ്ടാകാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് പറയാന്‍ പോകുന്നത്. വീടിനടുത്തുള്ള ഒരുപാട് ആളുകള്‍ (പ്രത്യേകിച്ചും കേരളത്തില്‍ താമസിക്കുമ്പോള്‍) ഇത്തരക്കാരാണെന്ന് കാണാന്‍ കഴിയും- ജീവിതം മുഴുവന്‍ കാശുണ്ടാക്കാനായി ഓടിനടക്കുകയും മനുഷ്യത്വമില്ലാത്തതും തീരെ സന്തോഷം നല്‍കാത്തതുമായ എല്ലാം ചെയ്തു കൂട്ടുകയും ചെയ്തിട്ട് അവസാന കാലത്ത് ഉണ്ടാക്കിയ കാശു മുഴുവന്‍ എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധരായിരിക്കുന്നവര്‍! പലരും സ്വത്തെല്ലാം മക്കളുടെ പേരില്‍ എഴുതിവെച്ച് വൃദ്ധസദനങ്ങളില്‍ കഴിയുകയുമാണ്.

വേറെ ചിലര്‍ പരമ്പരാഗതമായി കാശുള്ളവരാണ്. അവര്‍ സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ച് പിശുക്കി ജീവിക്കും. എന്നിട്ട് മറ്റുള്ളവരുടെ സുഖജീവിതം നോക്കി അസൂയപ്പെടുകയും ചെയ്യും. ഇത്തരക്കാര്‍ നമ്മളെയൊക്കെ കാണുമ്പോള്‍ ‘നിങ്ങള്‍ക്കൊക്കെ പരമ സുഖമല്ലേ’. നിങ്ങള്‍ക്ക് പിന്നെ എന്തിന്റെ കുറവാ’ എന്നതു പോലെയുള്ള ഡയലോഗുകള്‍ തട്ടിവിടുന്നത് കാണാം. ഇടത്തരക്കാര്‍ക്കിടയിലാണ് ഈ വികാരം കൂടുതലെന്നു തോന്നുന്നു. സര്‍ക്കാര്‍ ജോലിയോ പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഇടത്തരം ജോലികളോ ചെയ്യുന്നവര്‍, തങ്ങള്‍ വളരെ അധ്വാനിച്ച് പണമുണ്ടാക്കുന്നവരാണെന്ന് സ്വയം കരുതുന്നു. അതുകൊണ്ടു തന്നെ അത് ചെലവാക്കുമ്പോള്‍ അമിത ശ്രദ്ധ വേണമെന്നും തോന്നലുണ്ടാകുന്നു. അതിനാല്‍ ജോലി ചെയ്യുന്ന കാലമത്രയും തങ്ങള്‍ക്ക് കഴിയുന്നത്ര ചെറിയ സൗകര്യങ്ങളിലേക്ക് അവര്‍ ഒതുങ്ങിക്കൂടും (ഉദാഹരണം: ചെറിയ വീട്, ചെറിയ കാര്‍, ടൂറോ പുറത്തുള്ള കറക്കമോ സിനിമയോ ഒക്കെ വളരെ കുറവ്). പക്ഷേ, ഇതൊക്കെ ആരെങ്കിലും ചെയ്യുന്നത് കാണുമ്പോള്‍, തങ്ങള്‍ക്ക തു സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുകയും ചെയ്യുന്നു! യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു പറ്റാഞ്ഞിട്ടല്ല എന്ന് അവര്‍ പോലും മനസിലാക്കുന്നില്ല. ഇങ്ങനെ പല തരത്തില്‍ സന്തോഷം ത്യജിച്ച് ജീവിക്കുകയാണ് മലയാളി സമൂഹം.

അപ്പോള്‍, നമുക്ക് പലര്‍ക്കും തോന്നിയേക്കാം, നമ്മള്‍ ഈ ഗണത്തില്‍ പെടുന്നവരല്ലെന്ന്. പുതിയ തലമുറയില്‍ മാറ്റങ്ങളില്ലെന്നല്ല. പക്ഷേ, നമ്മളും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു ഉദാഹരണം പറയാം- തുണിക്കടയില്‍ കയറിയപ്പോള്‍ അവിടെ ജീന്‍സിന് നല്ലൊരു ഓഫര്‍ കണ്ടെന്നിരിക്കട്ടെ. ആയിരം രൂപയുടെ ഒരു ജീന്‍സ് വാങ്ങിയാല്‍, ആയിരം രൂപയോ അതിന് താഴെയോ വിലയുള്ള മറ്റൊരു ജീന്‍സ് ഫ്രീ ആയി എടുക്കാം. ഓഫര്‍ കണ്ടതോടെ കടയില്‍ തിക്കുംതിരക്കുമായി. എന്റെ സുഹൃത്ത് രാകേഷും ‘ജീന്‍സ് കൊതിയന്മാരുടെ’ ഇടയിലുണ്ടായിരുന്നു. ആയിരം രൂപയുടെ ആദ്യ ജീന്‍സ് എടുത്ത രാകേഷ്, ‘ഫ്രീ’ ജീന്‍സിനായുള്ള തിരച്ചില്‍ തുടങ്ങി. അങ്ങനെ തിരച്ചിലിനിടയില്‍ ഒരു ജീന്‍സ് പുള്ളിക്ക് വളരെ ഇഷ്ടപ്പെട്ടു. വില നോക്കിയപ്പോള്‍ വെറും നാന്നൂറ് രൂപ മാത്രം. കക്ഷി ജീന്‍സിനെ തിരികെവെച്ചു.

ആയിരം രൂപ വില വരുന്ന ഫ്രീ ജീന്‍സിനായി തിരച്ചില്‍ തുടങ്ങി. അവസാനം വളരെ ബുദ്ധിമുട്ടി ഒരെണ്ണം കണ്ടുപിടിച്ചു. കാരണം എല്ലാവരും ആയിരം രൂപയുടേത് മാത്രമാണല്ലോ എടുക്കുന്നത്. സംഭവം ഇന്നുവരെ കക്ഷി ഉപയോഗിച്ചിട്ടില്ല. എന്തുകൊണ്ടാണെന്നല്ലേ, ജീന്‍സിന്റെ കളര്‍ പുള്ളിക്കാരന് ബോധിച്ചില്ല. ഇത് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ഒന്നാണ്. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല. സന്തോഷം ത്യജിച്ചു കൊണ്ട്, നമ്മള്‍ പൈസയ്ക്ക് അമിത പ്രാധാന്യം നല്‍കിയത് തന്നെയാണ് പ്രശ്‌നം.

അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉയരും. സന്തോഷമാണോ പൈസയാണോ മുഖ്യം? മിക്കവരുടെയും ഉത്തരം പൈസയുണ്ടെങ്കിലല്ലേ സന്തോഷം വരൂ എന്നതായിരിക്കും. പക്ഷേ, സത്യം മറ്റൊന്നാണ്. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള എല്ലാ സര്‍വേകളും കാണിക്കുന്നത് സന്തോഷവും പൈസയും തമ്മില്‍ ഒരു ബന്ധവുമി ല്ലെന്നാണ്. മാത്രമല്ല പലപ്പോഴും ഏറ്റവും സന്തോഷം അനുഭവിക്കുന്നവരെ കാണുന്നത് തെരുവുകളിലുമാണ്. അപ്പോള്‍ സന്തോഷമെന്നത് നമ്മള്‍ തീരുമാനിക്കേണ്ട. നമുക്ക് ഉണ്ടാകേണ്ട ഒരു വൈകാരിക തലമാണ് അത്. പൈസയും വിജയവും സ്ഥാനവുമല്ല സന്തോഷം തരുന്നത്. മറിച്ച് സന്തോഷമുള്ള മനസിനാണ് ഇതെല്ലാം ലഭിക്കുന്നതെന്നതാണ് സത്യം. പിന്നെന്തുകൊണ്ടാണ് നമ്മളെല്ലാം ഇങ്ങനെ ആയിപ്പോയത്? അതിനും ഉത്തരമുണ്ട്.

ഒരു ചെറിയ സംഭവം പറയാം- വീടിനടുത്തുള്ള ഒരു കൊച്ചു കുട്ടി നല്ല ഭംഗിയുള്ള ടോയ്കാറില്‍ കളിക്കുന്നത് കണ്ട് അഞ്ച് വയസുള്ള എന്റെ മകന്‍ അവനും അത്തരത്തിലൊന്ന് വേണമെന്നു വാശിപിടിച്ചു. ഏകദേശം എണ്ണായിരം രൂപ വില വരുന്നതാണ് ആ ടോയ്കാര്‍. പല തരത്തില്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുത്തന്‍ തലമുറയുടെ സന്തോഷത്തിനു മുന്നില്‍ (അതോ വാശിയുടെ മുന്നിലോ) ഞാന്‍ മുട്ട് മടക്കി. സംഭവം ഉടനെ ഫഌപ്കാര്‍ട്ടില്‍ ബുക്ക് ചെയ്തു. നാല് ദിവസത്തിനകം ഒരു കിടിലന്‍ പെട്ടിയില്‍ സാധനമെത്തി. മകന്‍ ഹാപ്പിയോടു ഹാപ്പി.. രണ്ടു ദിവസം പുള്ളി അതില്‍ നിന്ന് ഇറങ്ങിയിട്ടേയില്ല…ഒരാഴ്ച കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ കാര്‍ കട്ടിലിനടിയില്‍ പൊടിപിടിച്ചു കിടക്കുന്നു. പുത്രനാണെങ്കില്‍ കാര്‍ വന്ന പെട്ടിയുമായാണ് ഇപ്പോള്‍ കളി. പെട്ടിക്ക് അകത്തു കയറുന്നു, ഇറങ്ങുന്നു..എടുത്തു പൊന്തിക്കുന്നു. എനിക്ക് ദേഷ്യം വന്നു..’എണ്ണായിരം രൂപ കൊടുത്തു മേടിച്ച കാറാണ് ആ കിടക്കുന്നത്. വല്ല വിലയുമുണ്ടോടാ..അവന്റെയൊരു പെട്ടി!’ പെട്ടി കത്തിച്ചു കളയണമെന്ന് തോന്നിയെങ്കിലും കണ്ട്രോള്‍ ദൈവങ്ങള്‍ കടാക്ഷിച്ചതുകൊണ്ട് അത് ചെയ്തില്ല. പിന്നെയാണ് ആലോചിച്ചത്, അവന്റെ സന്തോഷത്തിനല്ലേ കാര്‍ വാങ്ങിയത്. അപ്പോള്‍ സന്തോഷമല്ലേ പ്രധാനം. എന്നാല്‍പ്പിന്നെ പെട്ടി കൊണ്ട് കളിക്കുമ്പോള്‍ സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കാര്യം ഒ കെ അല്ലേ. അതെ, നമ്മള്‍ ചെറുപ്പം മുതലേ കുട്ടികളെ സന്തോഷത്തെ തരംതാഴ്ത്താന്‍ പഠിപ്പിക്കുകയാണ്. ഓരോ നിമിഷവും നമ്മള്‍ അറിയാതെ നാമെല്ലാം സന്തോഷത്തെ വില കുറച്ചു കാണുകയും ജീവിതം ദുരിത പൂര്‍ണമാക്കുകയും ചെയ്യുന്നു.

സന്തോഷം തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമെന്നു നാം തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു. ലോകത്തിലെ മറ്റു പല വികസിത സമൂഹങ്ങളും സന്തോഷത്തില്‍ അധിഷ്ഠിതമായ ജീവിതരീതിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്. നമ്മള്‍ മാത്രം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിഭാഗീയതകള്‍ പറഞ്ഞു സ്വന്തം സന്തോഷം നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭൂട്ടാനിലെ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് എന്ന ആശയം പല ലോക രാജ്യങ്ങളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ദുബായ് പോലെയൊരു ലോകനഗരം ഒരു ഹാപ്പിനസ് സിറ്റിയാകാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വീടുകളും ഓഫീസുകളും സന്തോഷമുള്ളവരെ കൊണ്ടു നിറഞ്ഞാല്‍ രാജ്യത്തിന്റെ ഇക്കോണമി തന്നെ വളരുമെന്ന സത്യം മനസിലാക്കിക്കൊണ്ട് തന്നെയാണ് അത്തരം നടപടികള്‍. ഇത്തരമൊരു ആശയം കേരളത്തിലും നടപ്പിലാക്കേണ്ടതാണ്. ജീവിതം എന്താണെന്നും എന്തിനാണെന്നും മനസിലാക്കിയാല്‍ അഴിമതിയും ദാരിദ്ര്യവും രാഷ്ട്രീയവിദ്വേഷവും എല്ലാം പതിയെ ഇല്ലാതാകും.

ഒന്നുറപ്പാണ്… എന്തെങ്കിലുമൊക്കെ കിട്ടിയിട്ടേ സന്തോഷിക്കൂ എന്ന് വിചാരിച്ചിരുന്നാല്‍ ഒരിക്കലും സന്തോഷം നിങ്ങളെ തേടി വരില്ല. അതിനാല്‍ ഇപ്പോള്‍ സന്തോഷവാനാകൂ, ഒരു കാരണവും ഇല്ലാതെ. എപ്പോഴും ചിരിക്കൂ. മറ്റുള്ളവരിലേക്ക് ചിരി പടര്‍ത്തൂ..വിജയം നിങ്ങളെ തേടിവരും…

(ബ്രമ്മ ലേണിംഗ് സൊലൂഷന്‍സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍. മൊബീല്‍: 9747714788)

Comments

comments

Categories: FK Special