ഉപ്പു തിന്നുന്ന ഇന്ത്യക്കാര്‍

ഉപ്പു തിന്നുന്ന ഇന്ത്യക്കാര്‍

ദേവാനിക് സാഹ

രാശരി ഇന്ത്യക്കാരന്‍ ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് കേട്ടാല്‍ ഞെട്ടും-10.98 ഗ്രാം. അതായത്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിനേക്കാള്‍ 119 ശതമാനം അധികം. ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പാണ് പരമാവധി ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുശാസിക്കുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തി(ജിഐജിഎച്ച്)ന്റെ പഠനത്തെ ആധാരമാക്കി ഇന്ത്യസ്‌പെന്‍ഡ് തയാറാക്കിയ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അനുവദനീയമായ അളവില്‍ കൂടുതല്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കും. ഹൃദ്രോഗത്തിലേക്കും ഇത് നയിക്കും. 2010നും 2013നും ഇടയില്‍ ഇന്ത്യയില്‍ സംഭവിച്ച ആകെ മരണങ്ങളുടെ 23 ശതമാനവും ഹൃദ്രോഗം മൂലമായിരുന്നുവെന്നതും ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. 19 വയസിന് മുകളിലുള്ള 2,27,214 ഇന്ത്യക്കാരിലാണ് പഠനം നടത്തിയത്. 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യക്കാരന്‍ ഒരു ദിവസം അകത്താക്കുന്ന ഉപ്പിന്റെ അളവ് 5.22 ഗ്രാം മുതല്‍ 42.30 ഗ്രാം വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. 1986നും 2015നും ഇടയിലെ വിവിധ പഠനങ്ങളെ ആധാരമാക്കിയാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അതോടൊപ്പം 21 വ്യത്യസ്ത പഠനങ്ങളും അവസാനവട്ട വിശകലനത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ 24 മണിക്കൂര്‍ സമയത്തേക്കുള്ള മൂത്രപരിശോധന, ഭക്ഷ്യ ചോദ്യാവലി സര്‍വെ എന്നിവയടങ്ങുന്നു. ഒരു ദിവസം രണ്ട് ഗ്രാമില്‍ കൂടുതല്‍ സോഡിയം (അഞ്ച് ഗ്രാം ഉപ്പിനു തുല്യം) ഭക്ഷിക്കുന്നതും മതിയാവാത്ത അളവില്‍ പൊട്ടാസ്യം കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഹൃദയരോഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ദക്ഷിണ, കിഴക്കന്‍ സംസ്ഥാനങ്ങളാണ് ഉപ്പു തീറ്റയില്‍ മുന്നില്‍ നില്‍ക്കുന്നത്. നഗര പ്രദേശങ്ങളെടുത്താല്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കുറവ് ഉപ്പ് അകത്താക്കുന്നത്-ആറു മുതല്‍ ഏഴു ശതമാനം വരെ. ഗ്രാമ പ്രദേശങ്ങളെ പരിഗണിക്കുമ്പോള്‍ ഹരിയാനയും മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര ഒഴികെയുള്ളവയും കുറഞ്ഞ അളവില്‍ ഭക്ഷണത്തില്‍ ഉപ്പ് ഉള്‍പ്പെടുത്തുന്നു. ത്രിപുരയാണ് ഉപ്പ് തീറ്റയില്‍ ഒന്നാമതുള്ള സംസ്ഥാനം. ത്രിപുരയിലെ ഗ്രാമ,നഗര പ്രദേശങ്ങളെ പഠനത്തിന് വിധേയമാക്കിയപ്പോള്‍ ശരാശരി 13.14 ഗ്രാം ഉപ്പാണ് ഒരു ദിവസം അവര്‍ അകത്താക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഭക്ഷണരീതികളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ധാന്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം കുറച്ച്, സംസ്‌കരിച്ച, ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലേക്ക് ഇന്ത്യന്‍ ഭക്ഷണ രീതികള്‍ മാറിയിരിക്കുന്നു-എഴുത്തുകാരി ക്ലെയര്‍ ജോണ്‍സണ്‍ തന്റെ പഠനത്തില്‍ വിശദമാക്കുന്നു. അതിനാല്‍ ഇന്ത്യക്കാരുടെ ഭക്ഷണം ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയിലേക്കു നയിക്കുന്ന അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങിയവയ്ക്കു കാരണമാകുന്നു-പഠനം ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ഹൃദ്രോഗങ്ങളിലേക്ക് നയിക്കും

സെന്‍സസ് ഓഫീസ് പ്രസിദ്ധീകരിച്ച കോസസ് ഓഫ് ഡെത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2010-13 പ്രകാരം, 2010നും 2013നും ഇടയില്‍ ഇന്ത്യയില്‍ സംഭവിച്ച ആകെ മരണങ്ങളുടെ 23 ശതമാനവും ഹൃദ്രോഗങ്ങള്‍ നിമിത്തമാണെന്ന് വ്യക്തമാക്കുന്നു, 21.5 ശതമാനം ഗ്രാമ പ്രദേശങ്ങളിലും 29.2 ശതമാനം നഗരങ്ങളിലും. ഇന്ത്യയിലെ മരണങ്ങളുടെ പ്രധാന കാരണം ഹൃദയരോഗങ്ങളാണെന്ന് ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ ഇന്ത്യസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടുപിന്നില്‍ പഴക്കംചെന്ന ശ്വാസകോശ രോഗങ്ങളാണുള്ളത്. ഗ്രാമങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ ഉപ്പ് ഭക്ഷിക്കുന്ന പ്രവണത കൂടുതല്‍ നഗരങ്ങളിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലാണെന്ന് ജിഐജിഎച്ച് പഠനം വ്യക്തമാക്കുന്നു.

ഗ്രാമത്തിലായാലും നഗരത്തിലായാലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ നിമിത്തം കൂടുതല്‍ മരണമടയുന്നതെന്ന് സെന്‍സസ് റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെക്കാള്‍ 1.5 മടങ്ങ് ഹൃദയാഘാതമുണ്ടാകുന്നത് പുരുഷന്മാരിലാണെന്ന് 2015 ജൂണില്‍ ഇന്ത്യസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സംസ്‌കരിച്ച ഭക്ഷണങ്ങളാണ് ഉപ്പിന്റെ ഉപയോഗം ഇത്രയധികം ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നഗരങ്ങളില്‍ സംസ്‌കരിച്ച ഭക്ഷണത്തിന്റെയും ഗ്രാമങ്ങളില്‍ അച്ചാറിന്റെയും ഉപയോഗമാണ് വില്ലന്മാരായി നില്‍ക്കുന്നത്.

ഹൃദയരോഗങ്ങള്‍ ചികിത്സിക്കാന്‍ ചെലവേറിയതാണ്. ഇത് കുടുംബങ്ങള്‍ക്ക് കനത്ത സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നു. ഹൃദ്രോഗിയുള്ള ഒരു ഇന്ത്യന്‍ കുടുംബം വരുമാനത്തിന്റെ 27 ശതമാനവും ചികിത്സയ്ക്കായി ചെലവഴിക്കുന്നു. ഹൃദ്രോഗമില്ലാത്ത ഒരു കുടുംബം ആശുപത്രിയില്‍ ചെല്ലുന്നതിന് 4.5 മടങ്ങ് കൂടുതല്‍ തവണ ഹൃദയരോഗമുള്ള ഒരു കുടുംബം ആശുപത്രിയില്‍ അഡ്മിഷന്‍ എടുക്കുന്നു-ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് 2014 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു.

ഉപ്പ് ഉപഭോഗം  കുറയ്ക്കുന്നതിന്  ഇന്ത്യ കൂടുതല്‍ പരിശ്രമിക്കണം

സാംക്രമിക രോഗങ്ങളല്ലാത്തവ തടയുന്നതിന് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് 30 ശതമാനം കുറയ്ക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള ഡബ്ല്യുഎച്ച്ഒയിലെ അംഗങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്.
എങ്ങനെ ഭക്ഷിക്കണം, ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കണം എന്നൊക്കെ ജനങ്ങളെ പഠിപ്പിക്കാന്‍ രാജ്യമൊട്ടാകെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പണം ആവശ്യമാണ്. ഒപ്പം, അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഹൃദയരോഗങ്ങളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും പ്രാഥമികമായി തേടണം-ജിഐജിഎച്ച് ഡയറക്റ്റര്‍ പ്രൊഫസര്‍ വിവേക് ഝാ നിര്‍ദേശിച്ചു.

സെന്‍ട്രല്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോളുമായി സഹകരിച്ച് ഇന്ത്യയിലെ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍ പരിഗണിച്ച് ജിഐജിഎച്ച് നാഷണല്‍ സാള്‍ട്ട് റിഡക്ഷന്‍ പ്രോഗ്രാം ഫോര്‍ ഇന്ത്യ എന്ന പേരില്‍ പദ്ധതി തയാറാക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍, വഴിവാണിഭക്കാര്‍, റെസ്റ്റൊറന്റ് ശൃംഖലകള്‍, ഭക്ഷണ നിര്‍മാതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവയ്ക്കു വേണ്ടി സമഗ്രമായ നയപ്രതികരണവും കര്‍മ്മപദ്ധതിയും ഈ പ്രോഗ്രാം വികസിപ്പിക്കും.

ഉപ്പ് ഉപഭോഗം കുറയ്ക്കുന്നതിന് ലോകാരോഗ്യ സംഘടന നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

ഹൃദയ രോഗങ്ങളും മറ്റ് അസുഖങ്ങളും അകറ്റിനിര്‍ത്തുന്നതിന് ഉപ്പിന്റെ ഉപഭോഗം കുറയ്ക്കാന്‍ ഡബ്ല്യുഎച്ച്ഒ കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നില്‍വയ്ക്കുന്നു.

മുതിര്‍ന്നവര്‍: ഒരു ദിവസം ഒരാള്‍ അഞ്ച് ഗ്രാമില്‍ താഴെ (ഒരു ടീ സ്പൂണില്‍ താഴെ) ഉപ്പു മാത്രമെ കഴിക്കാന്‍ പാടുള്ളു.

കുട്ടികള്‍: രണ്ട് വയസിനും പതിനഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ ഊര്‍ജ്ജ ആവശ്യം പരിഗണിച്ച് മുതിര്‍ന്നവര്‍ക്കു നിര്‍ദേശിച്ചിട്ടുള്ള  ഏറ്റവും കൂടിയ നിലയില്‍ നിന്ന് താഴെയുള്ള അളവുകളിലെ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജനിച്ച് നിര്‍ബന്ധമായും മുലയൂട്ടേണ്ട കാലയളവും (ആറ് മാസം) തുടര്‍ച്ചയായി മുലയൂട്ടേണ്ട കാലയളവും (രണ്ട് വര്‍ഷം) വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഉപ്പില്‍ നിര്‍ബന്ധമായും അയഡില്‍ അടങ്ങിയിരിക്കണം. ഭ്രൂണത്തിന്റെയും ചെറിയ കുട്ടികളുടെ തലച്ചോറിന്റെയും വികാസത്തിനും പൊതുവായി പറഞ്ഞാല്‍ വ്യക്തികളുടെ ശരിയായ മാനസിക പ്രവര്‍ത്തനങ്ങള്‍ക്കും അഭേദ്യമായ ഘടകമാണ് അയഡിന്‍ അടങ്ങിയ ഉപ്പ്.

(സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ  എംഎ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: FK Special
Tags: Indians, salt