ഓസ്‌ട്രേലിയന്‍ വാസം തുടരുന്ന ഇന്ത്യക്കാര്‍

ഓസ്‌ട്രേലിയന്‍ വാസം  തുടരുന്ന ഇന്ത്യക്കാര്‍

രേഖ ഭട്ടാചാര്യ

സ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം വളരെ വേഗത്തിലാണ് ഉയരുന്നത്. കുടിയേറുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിലും മുന്നേറ്റം ദര്‍ശിക്കാം. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സാന്നിധ്യം അവിടത്തെ വാര്‍ഷിക നികുതിയില്‍ പ്രകടമാണ്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാരായ നികുതിദാതാക്കള്‍ 7.9 ബില്ല്യണ്‍ ഡോളര്‍ നല്‍കിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എബിഎസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.

നികുതി നല്‍കുന്നവരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയില്‍ നിന്ന് കുടിയേറിയവരുടെ സ്ഥാനം. ബ്രിട്ടനില്‍ നിന്ന് കുടിയേറിയവരാണ് പട്ടികയില്‍ ഒന്നാമതെന്ന് എബിഎസ് ചൂണ്ടിക്കാട്ടി.ഓസ്‌ട്രേലിയന്‍ ജീവിതം സ്വപ്‌നം കാണുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ചില തടസങ്ങള്‍ ഇന്ത്യക്കാരുടെ ഓസ്‌ട്രേലിയന്‍ പ്രവേശനത്തിന്റെ വേഗതയെ ചെറുതായി കുറച്ചെന്നത് സംശയമില്ലാത്ത കാര്യം. എന്നിരുന്നാലും ഏറക്കുറെ അഭിവൃദ്ധിയുള്ള ആ രാജ്യത്തെ കുടിയേറ്റക്കാരില്‍ ഒന്നാമതാവാനുള്ള ഇന്ത്യക്കാരുടെ പ്രയാണം ശരിയായ ദിശയയില്‍ തന്നെയാണ്.

വംശീയമായ യാഥാസ്ഥിതികത്വവും അവസരങ്ങളുടെ അഭാവവുമാണ്, ഓസ്‌ട്രേലിയന്‍ പ്രകടന സ്വഭാവമുള്ള ഫെയര്‍ ഗോ എന്നത് ഭൂരിഭാഗം വരുന്ന ആംഗ്ലോ- സാക്‌സണ്‍ സമൂഹത്തെ ഉദേശിച്ച് മാത്രമുള്ളതാണോയെന്ന് അത്ഭുതപ്പെടാന്‍ ധാരാളം ഇന്ത്യന്‍വംശജരെ പ്രേരിപ്പിക്കുന്ന രണ്ടു കാരണങ്ങള്‍.

ബ്രിസ്‌ബെയ്‌നില്‍ മന്‍മീത് അലിഷെര്‍ എന്ന ബസ് ഡ്രൈവറെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ യൂറോപ്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ജീവനോടെ ചുട്ടുകൊന്നത് അടുത്തിടെ ഓര്‍മയിലെത്തുന്ന ഒരു സംഭവം. ചില ജനവിഭാഗങ്ങള്‍ വംശീയപരമായ യാഥാസ്ഥിതികത്വത്തിന്റെ പേരില്‍ പ്രകോപനപരമായ അക്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ഹീനമായ സംഭവങ്ങള്‍ നൈപുണ്യമുള്ള ഇന്ത്യക്കാരെപ്പോലും ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നില്ല. 2005നു ശേഷം ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ കുടിയേറുന്നവരില്‍ ഭൂരിഭാഗം പേരും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. ഇന്ത്യക്കാരായ നികുതിദായകരിലധികവും പുരുഷന്‍മാരാണെന്നതാണ് ഇതില്‍ ശ്രദ്ധേയം.

2006 മുതല്‍ 2011 വരെയാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതെന്ന് 2013 ലെ എബിഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 53 ശതമാനം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ 2005 നു ശേഷം ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്നവരാണ്. 2011 ലെ സെന്‍സസ് പ്രകാരം, ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഏകദേശം 3,00,000 പേര്‍ ഇന്ത്യയില്‍ ജനിച്ചവരാണ്. കൂടാതെ 4,00,000 അടുത്തുള്ളവര്‍ക്ക് ഇന്ത്യന്‍ വംശപരമ്പരയുമായി ബന്ധമുള്ളവരാണ്.

ഓസ്‌ട്രേലിയയിലെ സാമൂഹിക സാഹചര്യം ബഹുസംസ്‌കാരം പ്രധാന നയമായി തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ കാലക്രമേണ ഇതിന് മാറ്റംവരുന്നുണ്ട്.  സിഡ്‌നി, മെല്‍ബണ്‍ എന്നിവയുടെ അതിര്‍ത്തി പ്രദേശത്തിന് പുറത്ത് വ്യക്തമായ മാറ്റം കാണാന്‍ കഴിയും. സിഡ്‌നിയിലെ പാര്‍ക്ക്‌ലെ, റിവെസ്ബി, റോസ്ഹില്‍, ടുറാമുറ, മെയ്‌സ് ഹില്‍സ് തുടങ്ങിയ പ്രദേശങ്ങളിലും മെല്‍ബണിലെ ക്രെയ്ഗിബേണ്‍, കാറം ഡൗണ്‍സ്, ഡീര്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ഹിന്ദു, സിഖ് അമ്പലങ്ങളുണ്ട്. പക്ഷേ, എണ്ണത്തില്‍ ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ വംശജര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അവസരമൊരുക്കുന്ന ചുരുക്കം ചില ആരാധനാലയങ്ങള്‍ മാത്രമാണവ.

ഓസ്ട്രലിയന്‍ ഖജനാവിലേക്ക് മികച്ച സംഭാവന ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള നികുതിദായകര്‍ക്ക് അവിടത്തെ നയതന്ത്രജ്ഞര്‍ നന്ദി പറഞ്ഞേക്കും. ഓസ്‌ട്രേലിയയുമായി ഇന്ത്യയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് ഇവിടെ പരാമര്‍ശേക്കേണ്ടത് ഉചിതവുമാണ്.  141 തലമുറയ്ക്ക് മുന്‍പേ ഇന്ത്യന്‍ ഡിഎന്‍എ ഓസ്‌ട്രേലിയയുടെ ജനസമൂഹത്തില്‍ എത്തിയിരുന്നെന്ന് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവലൂഷനറി ആന്ത്രപോളജിയുടെ ഗവേഷണം വ്യക്തമാക്കുന്നു.

4,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച രേഖകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍ ചെയ്യുന്നതിനുവേണ്ടി ബ്രിട്ടീഷുകാരാണ് ഇന്ത്യക്കാരെ കൂട്ടത്തോടെ ആദ്യമായി ഓസ്‌ട്രേലിയയിലെത്തിച്ചത്. 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വലിയൊരു സംഖ്യയോളം പഞ്ചാബികള്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിരതാമസമാക്കി. തൊഴിലിനായി എത്തിച്ചേര്‍ന്നവരാണ് ഇതില്‍ കൂടുതല്‍ പേരും. ഒട്ടകങ്ങളെ ഓടിക്കുന്നതില്‍ നിന്ന് ആഡംബര കാറുകള്‍ ഡ്രൈവ് ചെയ്യുന്നതിലേക്ക് ദീര്‍ഘ കാലത്തെ സ്വപ്‌ന സഞ്ചാരത്തിലൂടെയാണ് ഇന്ത്യക്കാര്‍ എത്തിച്ചേര്‍ന്നതെന്നതില്‍ സംശയമില്ല.

(സിഡ്‌നി നിവാസിയായ പത്രപ്രവര്‍ത്തകയാണ് ലേഖിക)

Comments

comments

Categories: FK Special