ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വസന്തകാലം

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വസന്തകാലം

 

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ടെക്‌നോക്രാറ്റ് നന്ദന്‍ നിലേകനി ഇന്നലെ അഭിപ്രായപ്പെട്ടത് ഭാരതം ഒരു പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളപ്പണത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തിലായിരുന്നു നിലേക്കനിയുടെ വിലയിരുത്തല്‍.

നിലേക്കനി പറഞ്ഞത് വളരെ ശരിയാണ്. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള യുദ്ധത്തിനൊപ്പം തന്നെ പൂര്‍ണമായും ഡിജിറ്റല്‍ തലത്തിലേക്കുള്ള മാറ്റം കൂടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തത് മുതല്‍ ഡിജിറ്റല്‍ ഇന്ത്യയെന്ന തന്റെ സ്വപ്‌നം എത്തിപ്പിടിക്കുന്നതിനുള്ള ചുവടുകളാണ് മോദി കരുതലോടെ എടുത്തുവെക്കുന്നത്. അത് സമ്പദ് വ്യവസ്ഥയുടെ പല തലങ്ങളില്‍ നിഴലിക്കുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നത് അഴിമതിയും കള്ളപ്പണത്തിന്റെ ഒഴുക്കും തടയുന്നതിനുള്ള ഫലപ്രാപ്തിയാര്‍ന്ന നടപടിയാണ്. മാത്രമല്ല നോട്ടുകള്‍ വിപണിയില്‍ എത്തുന്നത് കുറഞ്ഞാല്‍ സാമ്പത്തികപരമായും അത് ലാഭമുണ്ടാക്കും. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ പണം കൈയില്‍ കൊണ്ടു നടക്കാതെ തന്നെ ഏത് രീതിയിലുള്ള പര്‍ച്ചേസും നടത്താനുള്ള സുഗമമായ മാര്‍ഗവും. എന്നാല്‍ അതിന് വ്യാപകമായ തലത്തില്‍ ഡിജിറ്റല്‍ പണമിടപാടും സംവിധാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണം.

പേടിഎം പോലുള്ള ഡിജിറ്റല്‍ പണമിടപാടു സംരംഭങ്ങള്‍ക്ക് വന്‍ അവസരമാണ് പ്രധാനമന്ത്രിയുടെ നടപടി തുറന്നിട്ടിരിക്കുന്നത്. ആപ്പ് അധിഷ്ഠിത ഡിജി വാലറ്റുകള്‍ ദൈനംദിന ജീവിതത്തില്‍ സാധനം വാങ്ങുന്നതും സിനിമാ ടിക്കറ്റ് എടുക്കുന്നതും പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും കഴിഞ്ഞാല്‍ വന്‍മാറ്റമായിരിക്കും രാജ്യത്തുണ്ടാകുക.

500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് 18 മണിക്കൂറിനുള്ളില്‍ പേടിഎം സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൊബീല്‍ ഡിജി വാലറ്റായ മൊബിക്വിക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതാകട്ടെ 40 ശതമാനം വര്‍ധനയും. തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം വന്‍കുതിപ്പാണുണ്ടായിരിക്കുന്നതെന്ന് പേടിഎം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മധുര്‍ ദിയോറയും പറഞ്ഞു.

പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. മൊത്തം ഇടപാടുകളില്‍ ഉണ്ടായിരിക്കുന്നതാകട്ടെ 250 ശതമാനം ഉയര്‍ച്ചയും. വാലറ്റിലേക്ക് കൂട്ടിച്ചേര്‍ത്ത പണത്തിന്റെ അളവില്‍ 11 മടങ്ങ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2017 ആകുമ്പോഴേക്കും 10 ബില്ല്യണ്‍ ഡോളറിന്റെ പേയ്‌മെന്റ് ഇടപാടുകളാണ് മൊബിക്വിക് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ ചെലവും കൂടിയ സുതാര്യതയും ഇടപാടുകള്‍ക്ക് ലഭിക്കുമെന്നതാണ് കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയുടെ പ്രത്യേകത. ഓണ്‍ലൈനിലൂടെ നടത്തുന്ന ഓരോ ഇടപാടും ബാങ്ക് വഴിയോ തേഡ് പാര്‍ട്ടി സേവനദാതാക്കളായ പേടിഎം പോലുള്ള കമ്പനികളിലൂടെയോയാണ്. അതുകൊണ്ടുതന്നെ എല്ലാ ഇടപാടുകളും സുതാര്യമാവുകയും സര്‍ക്കാരിനെ കബളിപ്പിക്കല്‍ എളുപ്പമല്ലാതാവുകയും ചെയ്യും.

നാട്ടിന്‍പുറങ്ങളിലെ ചെറിയ കടകളിലും ടാക്‌സികളിലും പൊതുഗതാഗതത്തിനുപയോഗപ്പെടുത്തുന്ന വാഹനങ്ങളിലുമെല്ലാം ഇലക്ട്രോണിക് പണവിനിമയം സാധ്യമാക്കുന്നതിനുവണ്ടിയുള്ള നടപടികള്‍ ത്വരിതവേഗതയില്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. പണം കൈയ്യില്‍ കൊടുക്കുന്നതിനു പകരം ഏത് സാധനം വാങ്ങിയാലും മൊബീല്‍ വാലറ്റുകളില്‍ നിന്ന് പണം കൈമാറാകുന്ന രീതിയാണ് ആപ്പ് അധിഷ്ഠിത പേയ്‌മെന്റ് ഇടപാടിലൂടെ നടക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ ബാങ്ക് എക്കൗണ്ടുകളില്‍ നിന്നോ കുറച്ച് പണമെടുത്ത് പേടിഎം പോലുള്ള ഓണ്‍ലൈന്‍ വാലറ്റുകളിലേക്ക് മാറ്റി ആവശ്യാനുസരണം സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനുള്ള ട്രാന്‍സാക്ഷന്‍ ചാര്‍ജുകളിലൂടെയാണ് ഇലക്ട്രോണിക് പേയ്‌മെന്റ് കമ്പനികള്‍ നിലനില്‍ക്കുന്നത്. ഇടപാടുകള്‍ കൂടുന്നതിനനുസരിച്ച് അവര്‍ക്കും നേട്ടമുണ്ടാകും.

നിലവില്‍ ഭാരതത്തില്‍ നടക്കുന്ന ഇടപാടുകളില്‍ 78 ശതമാനവും പണം കൈമാറി തന്നെയാണ്. ഇതില്‍ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക് പേയ്‌മെന്റ് രംഗത്ത് കൂടുതല്‍ ഇന്നൊവേഷനുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം വഴിവെക്കും.ടെലികോം രംഗത്ത് തരംഗമായ റിലയന്‍സ് ജിയോ അവരുടെ ഡിജിറ്റല്‍ വാലറ്റായ ജിയോ മണി വ്യാപകമായി പ്രൊമോട്ട് ചെയ്യാനുള്ള തീരുമാനത്തിലാണ്. റിലയന്‍സിന്റെ വരാനിരിക്കുന്ന പേയ്‌മെന്റ് ബാങ്കുമായി ബന്ധിപ്പിച്ചായിരിക്കും ജിയോമണിയുടെ പ്രവര്‍ത്തനം. ഈ മേഖലയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതോടെ ജങ്ങള്‍ ഇ-പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിന്റെ വേഗത പതിന്‍മടങ്ങ് വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതിയിലൂടെ എല്ലാവരിലേക്കും ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമവും ഇ-പണമിടപാടിന് കരുത്ത് പകരും.  ഇതിനോടൊപ്പം തന്നെ കാര്‍ഡ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രാവര്‍ത്തികമാകുന്നുവെന്ന് ഉറപ്പ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തയാറാകണം.

Comments

comments

Categories: FK Special