പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വാന്‍പേഴ്‌സി

പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വാന്‍പേഴ്‌സി

 

ലണ്ടന്‍: ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യവാനായി കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹോളണ്ട് ഫുട്‌ബോളര്‍ റോബിന്‍ വാന്‍പേഴ്‌സി. തുര്‍ക്കിഷ് സൂപ്പര്‍ ലീഗിലെ അകിസര്‍ ബെലെഡിയെസ്പര്‍ ക്ലബിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ഫെനര്‍ബാഷെയുടെ സ്‌ട്രൈക്കറായ റോബിന്‍ വാന്‍പേഴ്‌സിക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഫെനര്‍ബാഷെ 3-1ന് വിജയിക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റതിനെ തുടര്‍ന്ന്, മത്സരത്തിനിടെ മുഖം മുഴുവന്‍ ചോര പടര്‍ന്ന നിലയില്‍ ഡച്ച് താരത്തെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോയത്. ഇതിനെ തുടര്‍ന്ന് പല അഭ്യൂഹങ്ങളും പ്രചരിച്ചു. വാന്‍പേഴ്‌സിക്ക് കാഴ്ച കാഴ്ച നഷ്ടമായെന്നും അതിനാല്‍ ഇനി കരിയറില്‍ ഉണ്ടാവില്ല എന്നും പല മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിടുകയും ചെയ്തു.

ഗ്രൗണ്ടില്‍ നിന്നും ആശുപത്രിയിലേക്ക് വാന്‍പേഴ്‌സിയെ മാറ്റുന്ന ദൃശ്യങ്ങളും താരത്തിന് കാര്യമായെന്തോ സംഭവിച്ചെട്ട മട്ടിലുള്ളതായിരുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ മാറ്റിക്കൊണ്ടാണ് മുപ്പത്തിമൂന്നുകാരനായ വാന്‍പേഴ്‌സി തന്നെ സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. അപകടനില തരണം ചെയ്തുവെന്നും കണ്ണിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല എന്നുമാണ് ഡച്ച് താരം അറിയിച്ചത്.

പ്രാര്‍ത്ഥനയോടെ കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയും വാന്‍പേഴ്‌സി അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും താരമായിരുന്ന വാന്‍പേഴ്‌സി 2014 ലോകകപ്പ് ഫുട്‌ബോളില്‍ ഹോളണ്ടിന് വേണ്ടി സ്‌പെയിനിനെതിരെ വിഖ്യാതമായ ഹെഡര്‍ ഗോളും നേടിയിരുന്നു. ഇതോടെ ഫ്‌ളൈയിംഗ് ഡച്ച് എന്ന വിശേഷണം വാന്‍പേഴ്‌സിക്ക് ലഭിക്കുകയും ചെയ്തു.

Comments

comments

Categories: Sports