ഡൈസണ്‍ ഇന്ത്യയിലേക്ക്: 1200 കോടി നിക്ഷേപിക്കും

ഡൈസണ്‍ ഇന്ത്യയിലേക്ക്:  1200 കോടി നിക്ഷേപിക്കും

 

ന്യൂഡെല്‍ഹി: ബ്രിട്ടീഷ് ടെക്‌നോളജി കമ്പനിയായ ഡൈസണ്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവര്‍ രാജ്യത്ത് 1200 കോടി രൂപ നിക്ഷേപിക്കും. വാക്വം ക്ലീനര്‍, ഹാന്‍ഡ് ഡ്രൈയര്‍, ബ്ലേഡ്‌ലെസ് ഫാന്‍, ഹീറ്റര്‍ എന്നിവയുടെ പ്രമുഖ നിര്‍മാതാക്കളാണ് ഡൈസണ്‍.
സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ ശൃംഖല തുറക്കുന്നതിനുള്ള അപേക്ഷ ഇന്ത്യന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഡിസംബറോടെ മറുപടി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കമ്പനിക്കു കീഴിലെ ചില്ലറവില്‍പ്പനക്കാര്‍ക്കുവേണ്ടിയാവും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുക. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് 1200 കോടി രൂപ നിക്ഷേപിക്കും. സ്വന്തം ചില്ലറവില്‍പ്പനശാലകളിലെ ശമ്പളത്തിനും നികുതിയടയ്ക്കുന്നതിനുമെല്ലാം ഈ തുക ചെലവിടും- കമ്പനി സ്ഥാപകനും ചീഫ് എന്‍ജിനീയറുമായ ജെയിംസ് ഡൈസണ്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ ഫലപ്രാപ്തിയെ ആശ്രയിച്ചിരിക്കും തീരുമാനങ്ങള്‍. ഇന്ത്യയില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെങ്കില്‍ കൂടുതല്‍ നിക്ഷേപം നടത്തും. 30 ശതമാനം പ്രാദേശിക വിഭവ സമാഹരണമെന്ന നിബന്ധന പാലിക്കാതെ തന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കാനാവുമെന്ന് ജെയിംസ് ഡൈസണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉന്നത സാങ്കേതിക വിദ്യയിലെ ഉല്‍പ്പന്നം സാധ്യമാണ്. എന്നാല്‍ പ്രാദേശിക വിഭവ സമാഹരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴൊന്നും പറയാനാവില്ല. ധാരാളം ഉപഭോക്താക്കളുള്ള ഇന്ത്യന്‍ വിപണി ഡൈസണിന്റെ വരുമാനത്തിന് കുതിപ്പേകുമെന്നതില്‍ സംശയമില്ല. അമേരിക്കയും ജപ്പാനും ചൈനയുമാണ് നിലവില്‍ കമ്പനിയുടെ വലിയ വിപണികള്‍. എന്നാല്‍ ഭാവിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയേക്കും. ഇവിടെ നിന്ന് മില്ല്യണ്‍ കണക്കിന് പൗണ്ടിന്റെ വില്‍പ്പന ലഭിക്കും. ഇന്ത്യന്‍ വിപണിക്കു വേണ്ടി വിലകള്‍ മാറ്റി നിശ്ചയിക്കില്ലെന്നും ഡൈസണ്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ ശൃംഖലകള്‍ തുറക്കുന്നതിന് 30 ശതമാനം വിഭവങ്ങള്‍ പ്രാദേശികമായി സമാഹരിക്കണമെന്ന നിബന്ധന നിലവിലുണ്ട്. എന്നാല്‍ ഉന്നത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഭാവിയില്‍ ഇതില്‍ ഇളവു നല്‍കിയേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡൈസണ്‍ പ്രാദേശിക വിഭവ സമാഹരണ നിബന്ധന പാലിക്കേണ്ടിവന്നേക്കുമെന്ന് കരുതപ്പെടുന്നു.

Comments

comments

Categories: Branding