ഇംഗ്ലണ്ടിന് മികച്ച തുടക്കം: ജോ റൂട്ടിന് സെഞ്ച്വറി. മൊയീന്‍ അലി 99ന് നോട്ടൗട്ട്

ഇംഗ്ലണ്ടിന് മികച്ച തുടക്കം:  ജോ റൂട്ടിന് സെഞ്ച്വറി. മൊയീന്‍ അലി 99ന് നോട്ടൗട്ട്

 

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്നാം ദിനത്തില്‍ കളിയവസാനിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയിലാണ്. ജോ റൂട്ടിന്റെ സെഞ്ച്വറിയും പുറത്താകാതെ മൊയീന്‍ അലി നേടിയ 99 റണ്‍സുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൊയീന്‍ അലിക്കൊപ്പം 19 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും ക്രീസിലുണ്ട്.

ടോസ് നഷ്‌പ്പെട്ട ഇന്ത്യയെ ഫീല്‍ഡിംഗിന് അയച്ച ഇംഗ്ലണ്ടിന് 102 റണ്‍സായപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോ റൂട്ടും മോയിന്‍ അലിയും ചേര്‍ന്ന് 68 ഓവറില്‍ 230 റണ്‍സെന്ന രീതിയില്‍ ഇംഗ്ലണ്ട് സ്‌കോറിംഗ് ഉയര്‍ത്തി. 93 ഓവറില്‍ നിന്നാണ് ഇംഗ്ലണ്ട് 311 റണ്‍സില്‍ എത്തിയിരിക്കുന്നത്.

പതിനൊന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 180 പന്തില്‍ നിന്നും 124 റണ്‍സാണ് ജോ റൂട്ട് സ്വന്തമാക്കിയത്. 192 പന്തില്‍ നിന്നാണ് മൊയീന്‍ അലിയുടെ പുറത്താകാതെയുള്ള 99 റണ്‍സ് നേട്ടം. ഇവര്‍ക്ക് പുറമെ ഓപ്പണര്‍മാരായ അലൈസ്റ്റര്‍ കുക്ക്, ഹസീബ് ഹമീദ് എന്നിവര്‍ യഥാക്രമം 21, 31 റണ്‍സ് വീതവും ബെന്‍ ഡക്കറ്റ് 13 റണ്‍സും ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഇംഗണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണിംഗ് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഹസീബ് ഹമീദ് ക്രീസ് വിട്ടത്. ഡിആര്‍എസ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ഹസീബ് ഹമീദിന്റെ പുറത്താകല്‍. അശ്വിന്റെ പന്തില്‍ വിക്കറ്റ് നഷ്ടമായ ഹസീബ് അംപയറുടെ തീരുമാനം പുന:പരിശോധിക്കുകയായിരുന്നു.

ഇതോടെ ടീം ഇന്ത്യയ്‌ക്കെതിരെ ഡിആര്‍എസ് സംവിധാനം വഴി പുറത്താകുന്ന ആദ്യ ക്രിക്കറ്ററായി ഹസീബ് ഹമീദ് മാറി. രവിചന്ദ്ര അശ്വിന്‍ രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളും ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തി. അമിത് മിശ്ര, അശ്വിന്‍, ജഡേജ എന്നീ സ്പിന്നര്‍മാരും പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരുമാണ് ടീം ഇന്ത്യയുടെ ബൗളിംഗ് നിരയിലുള്ളത്.

Comments

comments

Categories: Sports