ടെസ്ല ജര്‍മനിയിലെ ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിനെ ഏറ്റെടുക്കും

ടെസ്ല ജര്‍മനിയിലെ ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിനെ ഏറ്റെടുക്കും

കാലിഫോര്‍ണിയ: യുഎസിലെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ജര്‍മനിയിലെ ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 2018 ആകുമ്പോഴേക്കും ഇലക്ട്രിക് കാര്‍ നിര്‍മാണം ആറു മടങ്ങായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് ടെസ്ല ഏറ്റെടുക്കല്‍ നടപടിക്കായി ഒരുങ്ങുന്നത്.

ജര്‍മനിയിലെ പ്രുവെം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗ് ബാറ്ററി, ഫ്യുവല്‍ സെല്‍ എന്നിവയ്ക്കാവശ്യമായ ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ്. ടെസ്ലയുടെ എതിരാളികളായ ബിഎംഡബ്ല്യു, ഡയംലര്‍ കമ്പനികള്‍ക്ക് ഇലക്ട്രിക് കാര്‍ ബാറ്ററികള്‍ നിര്‍മിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുള്ള കമ്പനിയാണ് ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗ്. കാലിഫോര്‍ണിയയിലെ ഫ്രെമോണ്ടിലാണ് ടെസ്ലയുടെ മുഖ്യ നിര്‍മാണശാല സ്ഥിതി ചെയ്യുന്നത്. ഇതുവരെ ഫ്രെമോണ്ടിലെ ഫാക്റ്ററി നാലുവര്‍ഷത്തിനുള്ളില്‍ 400 ശതമാനത്തിന്റെ ഉല്‍പ്പാദന വളര്‍ച്ചയാണ് നേടിയിട്ടുള്ളതെന്ന് ടെസ്ല തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിന്റെ ഏറ്റെടുക്കല്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും ടെസ്ല സൂചിപ്പിച്ചു.

ഏറ്റെടുക്കല്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജര്‍മനിയിലെ ദേശീയ നിയന്ത്രകരുടെ അനുമതി ആവശ്യമാണ്. ഏറ്റെടുക്കലിനു ശേഷം ടെസ്ലയുടെ ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് സംവിധാനം പ്രുവെമിലാണ് നിര്‍മിക്കുക. ജര്‍മന്‍ അതിര്‍ത്തിയില്‍ അയര്‍ലന്‍ഡിനു സമീപമായുള്ള പ്രദേശമാണ് പ്രുവെം.

ഇടപാടിന്റെ സാമ്പത്തിക വശങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ജര്‍മനിയില്‍ 1000 എന്‍ജിനീയര്‍മാര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി സഹായകമാകുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു. നിലവില്‍ 700 ജീവനക്കാരാണ് ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിലുള്ളത്.

Comments

comments

Categories: Auto