സോയാബീന്‍ ഉല്‍പ്പാദനം വര്‍ധിച്ചു

സോയാബീന്‍ ഉല്‍പ്പാദനം വര്‍ധിച്ചു

 

അഹമ്മദാബാദ് : ഈ വര്‍ഷത്തെ ഖാരിഫ് വിളവെടുപ്പില്‍ രാജ്യത്ത് സോയാബീന്‍ ഉല്‍പ്പാദനം വര്‍ധിച്ചു. സോയാബീന്‍ പ്രൊസ്സസേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതീക്ഷിച്ചിരുന്ന 108.8 ലക്ഷം ടണ്ണിനേക്കാള്‍ അഞ്ച് ശതമാനം വര്‍ധിച്ച് 114.9 ലക്ഷം ടണ്ണായി ഉല്‍പ്പാദനം മാറി.
വിളനാശം കുറഞ്ഞതും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഉല്‍പ്പാദനം വര്‍ധിച്ചതുമാണ് രാജ്യത്താകെ സോയാബീന്‍ വിളവ് കൂടാന്‍ കാരണമായത്. ഈ സീസണില്‍ രാജ്യത്ത് ആകെ 109.7 ലക്ഷം ഹെക്ടറിലാണ് സോയാബീന്‍ വിളവിറക്കിയത്. ഇതില്‍ 90 ശതമാനവും മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ്.
വിളവ് സംബന്ധിച്ച ഇപ്പോഴത്തെ കണക്ക് പക്ഷേ കൃഷി മന്ത്രാലയം പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാണ്. 142.2 ലക്ഷം ടണ്ണാണ് കൃഷി മന്ത്രാലയം ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 85.92 ലക്ഷം ടണ്‍ മാത്രമായിരുന്നു. സോയാബീന്‍ ഉല്‍പ്പാദനം വര്‍ധിച്ചത് സോയാമീലിന്റെ കയറ്റുമതിക്ക് ഗുണകരമാകും. ആഭ്യന്തര-അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം കാരണം കഴിഞ്ഞ വര്‍ഷം സോയാബീന്‍ മീലിന്റെ കയറ്റുമതി കുറഞ്ഞിരുന്നു.
ഒക്‌റ്റോബറില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ സോയബീന്‍ മീലിന്റെ വില ടണ്ണിന് 408 ഡോളര്‍ എന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ 367 ഡോളറിനടുത്തായിരുന്നു ആ സമയത്ത് സോയാബീന്‍ മീലിന്റെ വില.
അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസം കൈവന്നതായും കൂടുതല്‍ വിള ലഭിച്ചതോടെ വില മെച്ചപ്പെട്ടിട്ടുണ്ടെന്നും കയറ്റുമതി വര്‍ധിക്കുമെന്നും സോയാബീന്‍ പ്രൊസ്സസേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡിഎന്‍ പഥക് പറഞ്ഞു. അതേസമയം ഏറ്റവും വലിയ സോയാബീന്‍ ഉല്‍പ്പാദക സംസ്ഥാനമായ മധ്യപ്രദേശിലെ വിവിധ വിപണികളില്‍ കഴിഞ്ഞ ദിവസം സോയാബീന്‍ വില ക്വിന്റലിന് 2,400 രൂപ മുതല്‍ 2,900 രൂപ വരെയായിരുന്നു.
സര്‍ക്കാര്‍ സോയാബീനിന് ക്വിന്റലിന് 2,675 രൂപയെന്ന കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നൂറ് രൂപ ബോണസും ലഭിക്കും.

Comments

comments

Categories: Business & Economy