ലഹരിക്കെതിരെ പോരാടാന്‍ ക്രിക്കറ്റ് ദൈവം

ലഹരിക്കെതിരെ പോരാടാന്‍ ക്രിക്കറ്റ് ദൈവം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാംപെയിന് നേതൃത്വം നല്‍കുമ്പോള്‍ അത് വളരെയേറെ ഫലവത്താകുമെന്നാണ് പ്രതീക്ഷ. ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ‘വിമുക്തി’യുടെ ബ്രാന്‍ഡ് അംബാസഡറാണ് സച്ചിന്‍.

നവംബര്‍ 20-ാം തിയതി തിരുവനന്തപുരത്ത് പദ്ധതിയുടെ ഉദ്ഘാടനം നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സച്ചിന്‍ പരിപാടിയുടെ ഭാഗമാകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതിയില്‍ സച്ചിന്റെ സാന്നിധ്യം പരമാവധി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഒരു ഭരണസമിതിയും എക്‌സൈസ് മന്ത്രി നേതൃത്വം നല്‍കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യുവാക്കളിലെ ലഹരി ഉപയോഗം പരിശോധിക്കുന്നതിനായി സംസ്ഥാനത്തെ 700 ലധികം കോളെജുകളിലും ധാരാളം സ്‌കൂളുകളിലും സര്‍ക്കാര്‍ ആന്റി-നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നൂറിലധികം സ്‌കൂളുകളില്‍ ലഹരി ഉപയോഗം സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി പരാതിപെട്ടികളും സ്ഥാപിച്ചു കഴിഞ്ഞു. എക്‌സൈസ് ക്രൈം റെക്കോര്‍ഡ്‌സ് ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സച്ചിന്റെ പങ്കാളിത്തം പ്രചരണ പരിപാടിക്ക് കൂടുതല്‍ ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബുകള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവരെ ഏകോപ്പിച്ചുളള ബോധവത്കരണ പരിപാടികളാണ് വിമുക്തി എന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാന തല ഗവേണിംഗ് ബോര്‍ഡും എക്‌സൈസ് മന്ത്രി ചെയര്‍മാനായി എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് പദ്ധതി നടത്തിപ്പിനായുള്ള ഫണ്ട് ഇനത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories