പ്രതിഫല തുകയില്‍ രജനീകാന്ത് ഒന്നാമത്; നായികമാരില്‍ നയന്‍താര

പ്രതിഫല തുകയില്‍ രജനീകാന്ത് ഒന്നാമത്;  നായികമാരില്‍ നയന്‍താര

 

ചെന്നൈ: തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ നായകന്മാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുക വാങ്ങുന്നത് സ്റ്റൈല്‍ മന്നനായ രജനീകാന്ത്. അതേസമയം, ഉയര്‍ന്ന പ്രതിഫല തുക വാങ്ങുന്ന നായികമാരില്‍ നയന്‍താരയാണ് മുന്നില്‍.
ഷങ്കര്‍ സംവിധാനം ചെയ്ത യെന്തിരന്‍ ആദ്യ ഭാഗത്തിനായി 45.50 കോടി രൂപയാണ് രജനീകാന്തിന് പ്രിതിഫലമായി സണ്‍ പിക്‌ചേഴ്‌സ് നല്‍കിയത്. ലിംഗ സിനിമയില്‍ അഭിനയിച്ചപ്പോള്‍ രജനീകാന്തിന്റെ പ്രതിഫലം 60 കോടിയായി ഉയര്‍ന്നു.
താരതമ്യേന കുറഞ്ഞ മുടക്ക് മുതലില്‍ ഒരുക്കിയ കബാലിയില്‍ അഭിനയിക്കുന്നതിന് രജനികാന്ത് വാങ്ങിയത് 40 കോടി രൂപയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് 250 കോടി മുടക്കി നിര്‍മിക്കുന്ന യെന്തിരന്‍ രണ്ടാം ഭാഗത്തിലെ അഭിനയത്തിന് 70 കോടി രൂപയാണ് രജനീകാന്തിന്റെ ശമ്പളം.
പ്രതിഫല തുകയില്‍ നിലവില്‍ രണ്ടാമത് നില്‍ക്കുന്ന നായകന്‍ ഇളയ ദളപതി വിജയ് ആണ്. തമിഴ്‌നാടിന് പുറമേ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലും വലിയ തോതില്‍ പ്രേക്ഷകരെ ലഭിക്കുന്നുവെന്നതാണ് വിജയിന്റെ മൂല്യം ഉയരുന്നതിന് കാരണമായത്.
പുലി എന്ന സിനിമയ്ക്ക് വേണ്ടി വിജയ് 35 കോടിയാണ് പ്രതിഫലമായി കൈപ്പറ്റിയത്. വിജയിന്റെ 60-ാമത്തെ ചിത്രമായ ഭൈരവയില്‍ 42 കോടി രൂപയാണ് ശമ്പളമെന്നാണറിയുന്നത്.
ഭൈരവയുടെ ചിത്രീകരണ സമയത്ത് പ്രതിഫലത്തിന്റെ സിംഹ ഭാഗവും റിലീസിന് ശേഷം അവശേഷിക്കുന്ന തുകയും ഇളയ ദളപതി കൈപ്പറ്റുന്ന രീതിയിലാണ് കരാര്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കത്തി എന്ന സിനിമയ്ക്ക് 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചതാണ് വിജയിന്റെ പ്രതിഫലം ഉയരുന്നതിന് കാരണായത്. കത്തിയില്‍ അഭിനയിച്ചതിന് 25 കോടി രൂപയാണ് വിജയ് വാങ്ങിയത്.
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അജിത്, തല സിരുതൈ ശിവ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി 40 കോടി രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. വേതാളം എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം വാങ്ങിയത് 35 കോടി രൂപയായിരുന്നു.
തെലുങ്കില്‍ വിജയ് സിനിമകളെക്കാള്‍ നേട്ടമുണ്ടാക്കാന്‍ അജിത്തിന്റെ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.
ദശാവതാരം, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയ സമയത്ത് പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനികാന്തിന് ഒപ്പമായിരുന്നു കമല്‍ഹാസന്‍. വിശ്വരൂപം, പാപനാസം, തൂങ്കാവനം സിനിമകള്‍ക്ക് യഥാക്രമം 30, 20-25 കോടി രൂപയായിരുന്നു കമല്‍ഹാസന്റെ പ്രതിഫലം.
150 കോടി മുതല്‍ മുടക്കില്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്നതും കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്നതുമായ മരുതനായകം എന്ന ചിത്രത്തോടെ താരത്തിന്റെ പ്രതിഫലത്തുക ഉയരുമെന്നാണ് കരുതുന്നത്.
സൂര്യയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നേതൃത്വം നല്‍കുന്ന സ്റ്റുഡിയോ ഗ്രീന്‍, സ്വന്തം ബാനറായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് എന്നീ കമ്പനികള്‍ സിനിമാ നിര്‍മാണത്തില്‍ പങ്കാളികളായതിനാല്‍ നടന്‍ സൂര്യയുടെ കൃത്യമായ പ്രതിഫലം വ്യക്തമല്ല.
സിങ്കം സീരീസിലെ പുതിയ ചിത്രമായ എസ് ത്രീയ്ക്ക് വേണ്ടി സൂര്യ 30 കോടി പ്രതിഫലം വാങ്ങിയതായാണറിവ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് യഥാക്രമം 18, 5 എന്ന പ്രകാരം ആകെ 23 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 24 എന്ന ചിത്രത്തിന് 25 കോടിയും സ്വീകരിച്ചു.
വിജയത്തുടര്‍ച്ച സാധ്യമാകാത്തത് വിക്രത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എ എല്‍ വിജയ് സംവിധാനം ചെയ്ത താണ്ടവം എന്ന ചിത്രത്തിന് 12 കോടി വാങ്ങിയ വിക്രം 14 കോടി രൂപയാണ് ഐ എന്ന ചിത്രത്തിനായി ഈടാക്കിയത്. ഇരുമുഖന്‍ വന്‍ വിജയമായതോടെ വിക്രത്തിന്റെ പ്രതിഫലം 18-20 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍.
വിജയ് ടിവിയിലും അവാര്‍ഡ് നിശകളിലും അവതാരകനായി തുടങ്ങി ചെറുവേഷങ്ങളിലൂടെ സിനിമയിലെത്തിയ ശിവകാര്‍ത്തികേയനാണ് പ്രതിഫല തുകയില്‍ മുന്നിലുള്ള മറ്റൊരു തമിഴ് സിനിമാ താരം. വരുത്തപ്പെടാത്ത വാലിബര്‍ സംഘം മുതല്‍ അവസാനം പുറത്തിറങ്ങിയ റെമോ വരെ പരിഗണിക്കുമ്പോള്‍ കരിയറില്‍ വലിയ മുന്നേറ്റമാണ് ശിവകാര്‍ത്തികേയന്‍ നടത്തിയത്.
35 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച് ആഗോള തലത്തില്‍ 1200 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത റെമോ 64 കോടി രൂപയ്ക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. ഇതോടെ ഒന്‍പത് കോടി വാങ്ങിയിരുന്ന ശിവകാര്‍ത്തികേയന്‍ 12 കോടി രൂപയായി പ്രതിഫലം ഉയര്‍ത്തി.
പത്ത് കോടി രൂപയാണ് നിലവില്‍ ധനുഷിന്റെ പ്രതിഫലം. ബോളിവുഡില്‍ ചെയ്യാനൊരുങ്ങുന്ന സിനിമയ്ക്ക് പ്രതിഫലം 15 കോടിയായി ഉയര്‍ന്നേക്കും. അടുത്തിടെ വലിയ വിജയങ്ങള്‍ നേടാനാവാത്ത ധനുഷിന്റെ വരും ചിത്രങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ.
പത്ത് കോടിയാണ് സൂര്യയുടെ സഹോദരനായ കാര്‍ത്തിയുടെ പ്രതിഫലം. വരാനിരിക്കുന്ന സിനിമകളിലെ തെലുങ്ക് ഡബ്ബിംഗ് റൈറ്റ്‌സ് ഉള്‍പ്പെടെ 13 കോടി രൂപ കാര്‍ത്തിക്ക് ലഭിക്കും.
തനി ഒരുവന്‍ വലിയ വിജയമായതോടെ ജയം രവിയുടെ പ്രതിഫലം 8.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഏഴ് കോടി രൂപ വീതമാണ് വിശാലും ചിമ്പുവും പ്രതിഫലമായി വാങ്ങുന്നത്. അഞ്ച് മുതല്‍ 6 കോടി രൂപ വരെയാണ് വിജയ് സേതുപതി പ്രതിഫലമായി വാങ്ങുന്നത്.
തമിഴ് നായികമാരില്‍ പ്രതിഫല തുയില്‍ ഒന്നാമതുള്ള നയന്‍താര 3-4 കോടി രൂപയാണ് കുറച്ചുനാളുകളായി ശമ്പളമായി കൈപ്പറ്റുന്നത്. വലിയ പ്രോജക്ടുകള്‍ക്ക് പ്രതിഫലം നാല് കോടിക്ക് മുകളിലുമാകും. തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് വ്യത്യസ്തമായി മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രത്തിന് താരം വാങ്ങിയത് 75 ലക്ഷം രൂപയായിരുന്നു.
ബാഹുബലിയുടെ വിജയത്തിന് ശേഷം അനുഷ്‌ക പ്രതിഫലം നാല് കോടിയായി ഉയര്‍ത്തി. രുദ്രമാദേവിയില്‍ അഭിനയിക്കുന്നതിന് അഞ്ച് കോടി രൂപയായിരുന്നു അനുഷ്‌ക കൈപ്പറ്റിയത്.
വിജയ്, അജിത്, സൂര്യ സിനിമകളിലെ സാന്നിധ്യമായ കാജല്‍ അഗര്‍വാളിന്റെ പ്രതിഫലം രണ്ട് കോടി രൂപയാണ്. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമായ സമാന്ത പ്രഭു യഥാക്രമം രണ്ട്, 1.5 കോടി രൂപ വീതമാണ് ശമ്പളം വാങ്ങുന്നത്.
1.5 കോടി രൂപയാണ് ശ്രുതി ഹാസന്റെ പ്രതിഫലം. തമിഴിലും തെലുങ്കിലും തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയതാണ് ശ്രുതിയുടെ പ്രതിഫലം ഉയരാന്‍ കാരണമായത്. നിലവില്‍ വിജയ ചിത്രങ്ങള്‍ കുറവായ തൃഷയുടെ പ്രതിഫലവും 1.5 കോടി രൂപയാണ്.

Comments

comments

Categories: Movies, Slider