പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നല്‍കാന്‍ പിഎന്‍ബി

പ്രകടനം അടിസ്ഥാനമാക്കി  ശമ്പളം നല്‍കാന്‍ പിഎന്‍ബി

 

മുംബൈ: പൊതുമേഖല ധനകാര്യസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പതിവു കീഴ്‌വഴക്കങ്ങളനുസരിച്ച് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന രീതി അവസാനിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നു. കഴിവുള്ളവരെ ജോലിയില്‍ നിലനിര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണിത്.
പ്രകടനമനുസരിച്ച് പ്രതിഫലം നല്‍കുകയെന്ന നയം നടപ്പാക്കാന്‍ ബാങ്ക് ബോര്‍ഡിന്റെ അനുമതി തേടുമെന്ന് മാനേജിംഗ് ഡയറക്റ്ററായ ഉഷ അനന്തസുബ്രഹ്മണ്യന്‍ പറഞ്ഞു.
പൊതുമേഖല ബാങ്കുകളുടെ താല്‍പര്യ പ്രകാരം ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) ഓഫീസര്‍മാരുടെ അസോസിയേഷനുമായും തൊഴിലാളി യൂണിയനുമായും ശമ്പള വര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. വേതന വര്‍ധനവിന് അഞ്ചു വര്‍ഷത്തെ കാലാവധി ബാധകമാണ്. അടുത്ത നവംബറിലാണ് ശമ്പളം പുതുക്കേണ്ടത്. പ്രകടനത്തിനനുസരിച്ച് പ്രതിഫലമെന്ന നിര്‍ദേശത്തിന്റെ സാധ്യത പരിശോധിക്കുന്നതിനായി ബാങ്ക് ജനറല്‍ മാനേജര്‍മാരുടെ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അനന്തസുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. ദശകങ്ങളായി പൊതു മേഖല ബാങ്കുകളിലെ ശമ്പളം ജീവനക്കാരുടെ പ്രകടനം പരിഗണിക്കാതെ കൂട്ടായ ചര്‍ച്ചകളിലൂടെയാണ് നിശ്ചയിക്കുന്നത്. എന്നാല്‍, സ്വകാര്യ ബാങ്കുകളുടെ ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് രീതികളിലും മാറ്റം വരണം. അതിനാല്‍ ജീവനക്കാരുടെ പ്രകടന മികവ് തിരിച്ചറിയണം. കഴിവുള്ളവരെ നിലനിര്‍ത്താന്‍ ഇത് ഉപകരിക്കും- ഉഷ അനന്തസുബ്രഹ്മണ്യന്‍ സൂചിപ്പിച്ചു.
2017ലെ ശമ്പള പരിഷ്‌കരണത്തിന് മുമ്പായി ജീവനക്കാരുടെ യൂണിയനുമായും ഓഫീസേഴ്‌സിന്റെ അസോസിയേഷനുമായും ചര്‍ച്ചകള്‍ നടത്തണമെന്ന് ധനമന്ത്രാലയം പൊതുമേഖല ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Banking