ഗ്രാമങ്ങളിലെ എല്‍പിജി പദ്ധതി ഫലപ്രാപ്തിയിലേക്ക്

ഗ്രാമങ്ങളിലെ എല്‍പിജി പദ്ധതി ഫലപ്രാപ്തിയിലേക്ക്

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പദ്ധതി പ്രകാരമുള്ള ഗ്രാമീണ കുടുംബങ്ങളിലെ എല്‍പിജി കണക്ഷനുകളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആറ് മാസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ എല്‍പിജി സിലിണ്ടറും സ്റ്റൗവും റെഗുലേറ്ററും നല്‍കുന്ന പദ്ധതിയാണിത്.

എന്‍ഡിഎയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതി ആയതിനാല്‍ തന്നെ വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ ഇതിനെകാണുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളെ പുകയില്‍ നിന്നും മുക്തമാക്കുകയാണ് ലക്ഷ്യം. ക്ലീന്‍ കുക്കിംഗ് ഗ്യാസ് പദ്ധതി പ്രകാരം അഞ്ചുകോടി ഗ്രാമീണ കുടുംബങ്ങളില്‍ എല്‍പിജി കണക്ഷന്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 8,000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ്. മലിനീകരണമുണ്ടാക്കുന്ന മണ്ണെണ്ണയും വിറകും പാചക ഇന്ധനമെന്ന നിലയില്‍ ഗ്രാമീണ കുടുംബങ്ങളില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യം.
പിഎംയുവൈ പ്രകാരം ഏറ്റവുമധികം കണക്ഷനുകള്‍ ലഭിച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശിനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സംസ്ഥാനത്ത് പദ്ധതിക്ക് പരമാവധി പ്രചാരണം കൊടുക്കാനാണ് ബിജെപിയുടെ ശ്രമം. 34 ലക്ഷം കണക്ഷനുകളാണ് ഉത്തര്‍ പ്രദേശില്‍ മാത്രം നല്‍കിയിരിക്കുന്നത്. 13 ലക്ഷവുമായി മധ്യപ്രദേശും 12 ലക്ഷവുമായി രാജസ്ഥാനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഓരോ കുടുംബത്തിലെയും മുതിര്‍ന്ന സ്ത്രീയുടെ പേരിലാണ് കണക്ഷന്‍ കൊടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. എല്‍പിജി സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ അത് തിരിച്ചു നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ‘ഗിവ് ഇറ്റ് അപ്പ്’ കാംപെയ്‌നിലൂടെ ലാഭം കിട്ടിയ തുക ഗ്രാമങ്ങളില്‍ എല്‍പിജി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. എല്ലാ വീടുകളിലും എല്‍പിജി കണക്ഷന്‍ എത്തുന്ന അവസ്ഥയിലേക്ക് വൈകാതെ തന്നെ ഇന്ത്യക്ക് മാറാന്‍ സാധിക്കണം.

Comments

comments

Categories: Editorial