ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ സഹകരിക്കണം: പിണറായി

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍  അയല്‍ സംസ്ഥാനങ്ങള്‍ സഹകരിക്കണം: പിണറായി

തിരുവനന്തപുരം: ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായ ദര്‍ശനവും, സുരക്ഷിത സഞ്ചാരവും, വൃത്തിയുള്ള പരിസ്ഥിതിയും ഒരുക്കുന്നത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല ഒരു പരിസ്ഥിതിലോല പ്രദേശമായതിനാല്‍ വനപ്രദേശത്തിന്റെ തനിമ അതേപടി സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നുണ്ട്. ആനകളുള്‍പ്പെടെ വനത്തിലെ നിരവധി മൃഗങ്ങള്‍ പ്ലാസ്റ്റിക് ഉള്ളില്‍ച്ചെന്ന് ചത്തുപോകുന്ന സംഭവങ്ങളുണ്ട്. സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനാണ് പലരും പ്ലാസ്റ്റിക് കുപ്പികളുമായി വരുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര കമ്മിറ്റിയും ദേവസ്വം ബോര്‍ഡും കുടിവെള്ളം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ള കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്ലാസ്റ്റിക് വിമുക്ത ശബരിമലയ്ക്കായി മാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇത്തരത്തില്‍ അതത് ഭാഷകളില്‍ പ്രചാരണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടിയന്തരസാഹചര്യങ്ങളില്‍ മികച്ച ഏകോപനവും ആശയവിനിമയവും സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രത്യേക ശബരിമല ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സെന്ററുകളില്‍ നിന്ന് ശബരിമലയിലെ കേന്ദ്രീകൃത ഇന്‍ഫൊര്‍മേഷന്‍ സെന്ററിലേക്കും തിരുവനന്തപുരത്തേക്കും ബന്ധം സ്ഥാപിച്ചാല്‍ കൃത്യമായ വിവരങ്ങളുടെ കൈമാറ്റം സുഗമമാവും. സെക്രട്ടറിതലത്തില്‍ സംസ്ഥാനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുമായി പ്രധാന വിഷയങ്ങളില്‍ ആശയവിനിമയം നടത്തും. ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നതിനൊപ്പം ആവശ്യമായ പ്രചാരണവും നല്‍കണം. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലയ്ക്കലിലെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ നീണ്ടനേരം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക ക്യൂ കോംപ്ലക്സുകള്‍ നിര്‍മിച്ചിട്ടുണ്ട്. പമ്പാ നദിയെ മാലിന്യ വിമുക്തമാക്കുന്നതും വലിയ വെല്ലുവിളിയാണ്. ഇതിനായി സന്നിധാനത്ത് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഓരോ തീര്‍ഥാടകനും നദി ശുചിയായി സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കണം. സുരക്ഷയ്ക്കായി ആവശ്യമായ പോലീസിനെയും പ്രത്യേക സേനകളെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യസൗകര്യങ്ങളും മെച്ചപ്പെടുത്തി. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് നടപടികളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശബരിമല വൃത്തിയായും പച്ചപ്പോടും സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ശബരിമല മൊബീല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ നിലയ്ക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് തെലങ്കാന മന്ത്രി എ ഇന്ദ്രകിരണ്‍ റെഡ്ഢി പ്രതികരിച്ചു.

Comments

comments

Categories: Slider, Top Stories