ഫിലിപ് ലാം വിരമിക്കാനൊരുങ്ങുന്നു

ഫിലിപ് ലാം വിരമിക്കാനൊരുങ്ങുന്നു

 

മ്യൂണിക്: പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാനൊരുങ്ങി ജര്‍മന്‍ ക്ലബായ ബയണ്‍ മ്യൂണിക്കിന്റെ ക്യാപ്റ്റന്‍ ഫിലിപ് ലാം. സീസണ്‍ അവസാനിക്കുന്നതോടെ പ്ലേയിംഗ് കരിയര്‍ മതിയാക്കാനാണ് ജര്‍മന്‍ താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കുമായി 2018 വരെയാണ് ഫിലിപ് ലാമിന് കരാറുള്ളത്. എന്നാല്‍ അടുത്ത ഒരു സീസണില്‍ കൂടി ഇപ്പോഴത്തെ നിലവാരത്തില്‍ കളി തുടരാന്‍ സാധിച്ചേക്കില്ലെന്ന തിരിച്ചറിവാണ് താരത്തെ വിരമിക്കലിന് പ്രേരിപ്പിക്കുന്നതെന്നാണറിയുന്നത്.

ഒന്‍പത് മാസം മുമ്പ് താന്‍ 2017ല്‍ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും ആ തീരുമാനം ഇതുവരെ മാറിയിട്ടില്ലെന്നും ഫിലിപ് ലാം പറഞ്ഞു. വിരമിക്കല്‍ ജയങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും കളിയില്‍ ആരോഗ്യമുള്ള ശരീരത്തിന്റെ വഴക്കമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ലബുമായി കരാര്‍ ബാക്കിനില്‍ക്കുന്നതിനാല്‍ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും ഫ്‌ലിപ് ലാം വ്യക്തമാക്കി. ബയണ്‍ മ്യൂണിക്കില്‍ ജര്‍മന്‍ താരം പന്ത് തട്ടാന്‍ തുടങ്ങിയിട്ട് 22 വര്‍ഷമായി.

ബയണ്‍ മ്യൂണിക് സീനിയര്‍ ടീമില്‍ അംഗമായിട്ട് ഇത് 12-ാം സീസണും. ഈ സീസണിലെ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 12 മത്സരങ്ങള്‍ക്കിറങ്ങിയ ഫിലിപ് ലാം രണ്ട് ഗോളുകളും ബയണിനായി സ്വന്തമാക്കി.

ഫിലിപ് ലാമിന് മുപ്പത്തിമൂന്ന് വയസായെങ്കിലും പ്രായത്തെ വെല്ലുന്ന മികച്ച പ്രകടനമാണ് ലെഫ്റ്റ് ബാക്കില്‍ കളിക്കുന്ന താരം മത്സരത്തിലുടനീളം കാഴ്ചവെക്കുന്നത്.

Comments

comments

Categories: Sports