യുഎസ് വിപണിയില്‍ നിന്ന് സാമ്പാര്‍പൊടി തിരിച്ചുവിളിച്ച സംഭവം: എംറ്റിആര്‍ പരിശോധിക്കുന്നു

യുഎസ് വിപണിയില്‍ നിന്ന് സാമ്പാര്‍പൊടി  തിരിച്ചുവിളിച്ച സംഭവം: എംറ്റിആര്‍ പരിശോധിക്കുന്നു

ചെന്നൈ: യുഎസ് വിപണിയില്‍ നിന്ന് തങ്ങളുടെ സാമ്പാര്‍ പൗഡര്‍ പിന്‍വലിക്കാനുള്ള അമേരിക്കന്‍ കമ്പനിയുടെ തീരുമാനത്തിനു പിന്നിലെ കാരണം ബെംഗളൂരു ആസ്ഥാനമാക്കിയ എംറ്റിആര്‍ ഫുഡ്‌സ് പരിശോധിക്കുന്നു. കുട്ടികളിലും പ്രായമായവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നതുമായ സാല്‍മോണല്ല എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെന്നു പറഞ്ഞാണ് എംറ്റിആറിന്റെ സാമ്പാര്‍പൊടി യുഎസ് വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചത്. ശ്രീ ശിവ ഫുഡ്‌സ് കോര്‍പ്പറേഷനായിരുന്നു സാമ്പാര്‍പൊടി അമേരിക്കയിലേക്ക് കയറ്റിയയച്ചത്.

സാല്‍മോണെല്ല പിടിപെട്ടവര്‍ക്ക് പനി, വയറിളക്കം, ചര്‍ദ്ദി, മനംപുരട്ടല്‍, വയറുവേദന തുടങ്ങിയവ അനുഭവപ്പെടാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ധമനികളിലെ അണുബാധ, വാതം എന്നിവയ്ക്കും സാല്‍മോണെല്ല ബാധ വഴിവെയ്ക്കുമെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) വിശദീകരിച്ചു. 2016 ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെ രണ്ട് മൊത്ത വില്‍പ്പനക്കാരിലൂടെയാണ് സാമ്പാര്‍ പൊടി വിറ്റഴിച്ചത്. അതേസമയം, ഒരിടത്തും അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎസ്എഫ്ഡിഎ വ്യക്തമാക്കി.
ശ്രീ ശിവ ഫുഡ്‌സ് തങ്ങളുടെ അംഗീകൃത ഇറക്കുമതിക്കാരോ വിതരണക്കാരോ അല്ലെന്നും ഇത് സമാന്തര കയറ്റുമതിയുടെ ഭാഗമായി സംഭവിച്ചതാകാമെന്നും എംറ്റിആര്‍ ഫുഡ്‌സ് വക്താവ് നളിനി റാവു പറഞ്ഞു. ആഭ്യന്തര ഉപഭോഗത്തിന് കരുതിവെച്ച ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ അറിവും അനുമതിയും കൂടാതെ അനധികൃതമായി ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് സമാന്തര ഇറക്കുമതി. ഇന്ത്യയില്‍ വില്‍ക്കുന്നതിനാണ് സാമ്പാര്‍പൊടി തയാറാക്കിയതെന്ന് പരിശോധനയില്‍ മനസിലായി. എംറ്റിആര്‍ സാമ്പാര്‍ മസാലയ്ക്ക് 12 മാസം കാലാവധിയുണ്ട്. 2015 ഒക്‌റ്റോബര്‍ 27 നിര്‍മാണ തിയതിയായി രേഖപ്പെടുത്തിയ ഈ ഉല്‍പ്പന്നം 2016 ഒക്‌റ്റോബര്‍ വരെ ഇന്ത്യയില്‍ ഉപയോഗിക്കാം-അവര്‍ വ്യക്തമാക്കി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ, അന്താരാഷ്ട്ര നിയമങ്ങള്‍ കമ്പനി കൃത്യമായി പാലിക്കാറുണ്ട്. ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ചേരുവകളാണ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്. രണ്ടു പതിറ്റാണ്ടായി യുഎസിലേക്ക് പായ്ക്കു ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രമുഖരാണ് എംറ്റിആര്‍. കമ്പനിക്കു കീഴിലെ പ്ലാന്റുകള്‍ക്കും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും യുഎസ്എഫ്ഡിഎയുടെ അംഗീകാരമുണ്ട്. പാക്കേജിംഗ് അവരുടെ നിയമങ്ങള്‍ക്കനുസൃതമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എംറ്റിആര്‍ പുറത്തിറക്കിയ ഒരു ഉല്‍പ്പന്നം പോലും യുഎസ് തിരസ്‌കരിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച് സാല്‍മൊണല്ല അടങ്ങിയതാണെന്ന് ആരോപിച്ച ശ്രീ ശിവ ഫുഡ്‌സിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നളിനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding