ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങളുമായി മങ്ക് വ്യാസ

ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങളുമായി മങ്ക് വ്യാസ

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ശക്തമായ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ധാരണ പൊതുവെ നിലനില്‍ക്കുന്നു. എന്നാല്‍ നൂതനാശയവും സാങ്കേതിക വിദ്യയുടെ പിന്‍ബലവും കൈമുതലാക്കി ശ്രദ്ധേയമായ സംരംഭങ്ങള്‍ക്കു രൂപം നല്‍കുന്ന യുവസംരംഭകര്‍ കേരളത്തിലുമുണ്ട്. അതിനുദാഹരണമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മങ്ക് വ്യാസ എന്ന സ്റ്റാര്‍ട്ടപ്പ്.

ഓണ്‍ലൈനായി ജ്യോതിഷ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് മങ്ക് വ്യാസ. പട്ടിമറ്റം സ്വദേശിയായ ദിനുപ് കല്ലേരിലും പെരുമ്പാവൂര്‍ സ്വദേശിയായ ശരത് കെ എസുമാണ് മങ്ക് വ്യാസയുടെ സാരഥികള്‍. ദിനുപിന്റെ മനസിലാണ് ഇത്തരമൊരാശയം ആദ്യമായി ഉദിച്ചത്. ഡിജിറ്റല്‍ മേഖലയിലാണ് ഭാവിയിലെ എല്ലാ സംരംഭങ്ങളും കരുത്താര്‍ജ്ജിക്കുക എന്നു മനസിലാക്കിയ ദിനുപ് എന്‍ജിനിയറിംഗ പഠനം പാതിയില്‍ ഉപേക്ഷിച്ച് ചെന്നൈയില്‍ നിന്നു കൊച്ചിയിലെത്തി. തുടര്‍ന്ന് 2012ല്‍ ഓണ്‍ലൈന്‍ ടീഷര്‍ട്ട് വില്‍പ്പന കേന്ദ്രം ആരംഭിച്ചു. എന്നാല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന ശക്തിയാര്‍ജ്ജിച്ചിട്ടില്ലായിരുന്നതിനാല്‍ ദിനുപിന്റെ സ്ഥാപനം വിചാരിച്ച പോലെ വിജയം കൈവരിച്ചില്ല. കാഷ് ഓണ്‍ ഡെലിവറിക്കാണ് കൂടുതല്‍ ഉപഭോക്താക്കളും ശ്രമിച്ചിരുന്നത്. ഇതു സ്ഥാപനത്തിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. കൊച്ചിയില്‍ തന്നെയുള്ള ചാര്‍ട്ടേഡ് എക്കൗണ്ടന്റിന് സ്ഥാപനം വിറ്റ ശേഷം കൂടുതല്‍ മെച്ചപ്പെട്ട സംരംഭകാവസരങ്ങള്‍ക്കായി ദിനുപ് ശ്രമിച്ചു കൊണ്ടിരുന്നു.

പരമ്പരാഗതമായ ജ്യോതിഷ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നില്ലെന്നു മനസിലാക്കിയ ദിനുപ് സ്വന്തമായി പോര്‍ട്ടല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. തന്റെ ആശയം കോളെജില്‍ സുഹൃത്തായിരുന്ന ശരത് കെഎസുമായി ദിനുപ് പങ്കു വച്ചു. സ്വകാര്യ കമ്പനിയിലെ ജോലി രാജി വച്ചു മങ്ക് വ്യാസയുടെ സഹസ്ഥാപനായി ശരതും ദിനുപിനൊപ്പം കൂടി. മങ്ക് വ്യാസയുടെ സാങ്കേതിക വിഭാഗത്തിന്റെ ചുമതലയാണ് ശരതിനുള്ളത്. രണ്ടുമാസത്തിനുള്ളില്‍ മങ്ക് വ്യസയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലെ വിവിധ ജ്യോതിഷികളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തിക്കാനുള്ള ശ്രമം ഇരുവരും തുടങ്ങി. ആദ്യഘട്ടത്തില്‍ 10 ജ്യോതിഷികളുമായി സേവനം ആരംഭിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. 2015 ഏപ്രിലില്‍ വെബ്‌സൈറ്റ് പുനരവതരിപ്പിച്ച ദിനുപിനും ശരതിനും കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്ഥാപകന്‍ സഞ്ജയ് വിജയകുമാറില്‍ നിന്ന് പ്രാഥമിക നിക്ഷേപം ലഭിച്ചു.

2015ല്‍ 15 ജ്യോതിഷികളുമായി തുടങ്ങിയ സ്ഥാപനത്തില്‍ നിലവില്‍ 25 പേര്‍ ജ്യോതിഷ സേവനം നല്‍കുന്നു. ഇവരില്‍ ഭൂരിപക്ഷവും ഉത്തരേന്ത്യക്കാരാണ്. കേരളത്തിലുള്ള ജ്യോതിഷികള്‍ സാങ്കേതിക വിഷയങ്ങളിലുള്ള പരിചയക്കുറവാണ് ഇതിനു കാരണമെന്ന് ദിനുപ് ഫ്യൂച്ചര്‍ കേരളയോടു പറഞ്ഞു. കുറച്ചു കൂടി ലളിതമായ വെര്‍ഷന്‍ അവതരിപ്പിച്ച് ഈ മേഖലയില്‍ കൂടുതല്‍ പ്രശസ്തരായവരുടെ സേവനം ഉറപ്പു വരുത്താനാണ് മങ്ക് വ്യാസ ശ്രമിക്കുന്നത്. 24നും 35നും ഇടയിലുള്ളവരാണ് കൂടുതല്‍ ഉപയോക്താക്കളായിട്ടുള്ളതെന്ന് ദിനുപ് വ്യക്തമാക്കി. ഓരോ ഇടപാടിനും 15 ശതമാനം കമ്മിഷനാണ് മങ്ക് വ്യാസയ്ക്ക് ലഭിക്കുന്നത്. പ്രതിദിനം 22 ഓളം ഇടപാടുകളാണ് മങ്ക് വ്യാസയില്‍ ഇപ്പോള്‍ നടക്കുന്നത്.

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിയന്ത്രണമുള്ളതിനാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമായാണ് സേവനങ്ങള്‍ മങ്ക് വ്യാസ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാല്‍ വൈകാതെ ഇന്റര്‍നെറ്റ് കോളിംഗ് സംവിധാനത്തിലൂടെ ലോകവ്യാപകമായി ജ്യോതിഷ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി ദിനുപ് ചൂണ്ടിക്കാട്ടി. സ്ഥാപത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ക്കണ്ട് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപമാഹരണം സ്വീകരിക്കേണ്ടതില്ലെന്ന നയമാണ് ദിനുപിനും ശരതിനുമുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൂടി തങ്ങളുടെ പോര്‍ട്ടലില്‍ അവതരിപ്പിക്കാന്‍ വൈകാതെ സാധിക്കുമെന്നാണ് ഈ യുവ സംരംഭകരുടെ പ്രതീക്ഷ. മൂന്നു വര്‍ഷത്തിനുള്ളില്‍ 2000 ജ്യോതിഷിമാരുടെ സേവനവും 200 മില്യണ്‍ ഡോളറിന്റെ ഇടപാടുമാണ് മങ്ക് വ്യാസ ലക്ഷ്യം വയ്ക്കുന്നത്.

Comments

comments

Categories: Branding