ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളം പഠിക്കുന്നു

ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളം പഠിക്കുന്നു

 

തിരുവനന്തപുരം: ബംഗാള്‍, അസം തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളെ ഭാഷ പഠിപ്പിക്കാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലെത്തി. തൊഴിലാളികളെ മലയാളം, ഹിന്ദി ഭാഷകള്‍ പഠിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയാറായി. ഇവരെ അടിസ്ഥാനപരമായി എഴുത്തു വായനയും പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ജനുവരിയിലാണ് ആരംഭിക്കുക. ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയിലാണ് പദ്ധതി തുടങ്ങുക. ഇതിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് സര്‍വെ നടത്തി വിവര ശേഖരണം നടത്തും. തുടര്‍ന്ന് ഡിസംബര്‍ മാസത്തോടെ ഇന്‍സ്ട്രക്ടര്‍ ട്രെയ്‌നിംഗ്, സാക്ഷരതാ പാഠാവലി തുടങ്ങിയ തയാറാക്കി അടുത്തവര്‍ഷം ജനുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും.

2013 ല്‍ ഇത്തരത്തിലൊരു ഒരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നതെങ്കിലും നടപ്പിലാക്കിയിരുന്നില്ല. സാക്ഷരതാ മിഷന്റെ പ്രേരകുമാര്‍ വഴി പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള പെരുമ്പാവൂരില്‍ കേന്ദ്രീകരിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. കാലക്രമേണ പദ്ധതി മറ്റ് ജില്ലകളിലേക്കും പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ച് സാക്ഷരത വര്‍ധിപ്പിക്കാനാണ് സാക്ഷരതാ മിഷന്റെ ശ്രമം.

തൊഴിലാളികള്‍ക്ക് പ്രാഥമിക സാക്ഷരതയാണ് നല്‍കുന്നത്. അതിനാല്‍ അധ്യാപകരുടെ ആവശ്യം വരുന്നില്ല. വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോവുക.
കേരളത്തില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യം കണക്ക് നിലവില്‍ കേരള സര്‍ക്കാരിന്റെ കയ്യിലില്ല. കേരളത്തില്‍ വന്ന് കേരളത്തിന്റെ ഭാഗമായി മാറിയ ഇതര സംസ്ഥാന തൊഴിലാളികളെ സംസ്ഥാനത്തിന്റെ ഭാഷയുടെ സംസ്‌കാരത്തിന്‍രെയും ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുറ്റവാസനയും അക്രമവും ഇവരില്‍ വര്‍ധിക്കുന്നതിനു കാരണം അടിസ്ഥാന വിദ്യാഭഫ്യാസം പോലും ലഭിക്കാത്തതിനാലാണ്. ഇത് നികത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഭിന്നലിംഗ സമൂഹത്തിലെ അംഗങ്ങള്‍ക്കുവേണിയുള്ള വിദ്യാഭ്യാസ മിഷന്‍, പരിസ്ഥിതി സാക്ഷരതാ മിഷന്‍ തുടങ്ങിയ പല പദ്ധതികളും സാക്ഷരതാ മിഷന്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്.

Comments

comments

Categories: Education