സൗജന്യം നീട്ടിയാല്‍ ജിയോയുടെ മതിപ്പ് കുറയും

സൗജന്യം നീട്ടിയാല്‍  ജിയോയുടെ മതിപ്പ് കുറയും

കൊല്‍ക്കത്ത: സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ മാസത്തിനപ്പുറം നീട്ടുന്നത് റിലയന്‍സ് ജിയോ ബ്രാന്‍ഡിന്റെ മൂല്യമിടിയുന്നതിന് ഇടയാക്കുമെന്ന് വിപണി നിരീക്ഷകര്‍. എതിരാളികളില്‍നിന്ന് കൂടുതല്‍ പ്രീമിയം ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ജിയോയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ജിയോ തങ്ങളുടെ സൗജന്യങ്ങള്‍ ഡിസംബര്‍ മാസത്തിനപ്പുറം നീട്ടിയാല്‍ അത് അവര്‍ക്ക് തിരിച്ചടിയാകുമെന്ന് എച്ച്എസ്ബിസി അനലിസ്റ്റ് രാജീവ് ശര്‍മ മുന്നറിയിപ്പ് നല്‍കി. സൗജന്യ ഓഫറുകള്‍ നീട്ടുന്നത് എതിരാളികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്ക് ഗുണകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഉയര്‍ന്ന-മധ്യനിര ഉപയോക്താക്കള്‍ ജിയോ വരിക്കാരാകുന്നതിന് മടിക്കുമെന്നാണ് പ്രവചിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു മുന്നറിയിപ്പ് അസംബന്ധമാണെന്ന് ജിയോ അധികൃതര്‍ പ്രതികരിച്ചു. ഭൂരിഭാഗം വരിക്കാരും 4,000 ത്തിനും 20,000 ഇടയ്ക്ക് വിലവരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ജിയോ എങ്ങിനെയാണ് ഡിസ്‌കൗണ്ട് ബ്രാന്‍ഡ് ആകുന്നതെന്നാണ് മറുചോദ്യം. ജിയോയുടെ മെച്ചപ്പെട്ട സേവനങ്ങള്‍ ഇതിനകം നാനാതുറകളിലായി ദശലക്ഷക്കണക്കിനാളുകളാണ് ഉപയോഗിക്കുന്നതെന്നും ജിയോ വക്താവ് പ്രതികരിച്ചു.

ജിയോയുടെ 4ജി സ്പീഡ് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയേക്കാള്‍ കുറവാണെന്ന തരത്തില്‍ ഈയടുത്ത കാലത്തു പുറത്തുവന്ന റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ഉപയോക്താക്കള്‍ തങ്ങളുടെ ദിവസേനയുള്ള എഫ്‌യുപി (സൗജന്യമായി 4ജി സേവനം ഉപയോഗിക്കാവുന്ന ഡാറ്റാ പരിധി) പരിധി കഴിഞ്ഞ ശേഷമായിരിക്കും 4ജി വേഗപരിശോധന നടത്തിയിട്ടുണ്ടാവുകയെന്നും ജിയോ വക്താവ് പറഞ്ഞു.

Comments

comments

Categories: Branding