ഇന്‍ഡിഗോയുടെ ലാഭം 24 ശതമാനം വര്‍ധിച്ചു

ഇന്‍ഡിഗോയുടെ ലാഭം 24 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോയുടെ ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ അറ്റ ലാഭം 23.6 ശതമാനം വര്‍ധിച്ചു. ഇന്ധനയിതര ചെലവുകള്‍ കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതുമാണ് ഇന്‍ഡിഗോയുടെ ലാഭം വര്‍ധിപ്പിച്ചത്.

സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്‍ഡിഗോയുടെ അറ്റലാഭം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 113.1 കോടി രൂപയില്‍നിന്ന് 139.8 കോടി രൂപയായി വര്‍ധിച്ചു. രണ്ടാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 17 ശതമാനം ഉയര്‍ന്ന് 4,166.9 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,539.9 കോടി രൂപയായിരുന്നു.

ഇന്ധനയിതര ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതാണ് ലാഭം വര്‍ധിക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. വിനിമയ നിരക്ക് താഴ്ന്നതും ഫിനാന്‍സ് ചെലവുകള്‍ കുറഞ്ഞതും വിമാനങ്ങളുടെ ഉപയോഗ ശേഷി വര്‍ധിച്ചതുമാണ് മൊത്തം ചെലവുകള്‍ കുറയാന്‍ കാരണമായതെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രോഹിത് ഫിലിപ്പ് വിശദീകരിച്ചു.

രണ്ടാം പാദത്തില്‍ ഇന്ധന ചെലവുകള്‍ 24.9 ശതമാനം വര്‍ധിച്ച് 1552.3 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,242.1 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ കമ്പനി ഒമ്പത് വിമാനങ്ങള്‍ കൂടുതലായി ഉപയോഗിച്ചുതുടങ്ങി. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 136 ആയി ഉയര്‍ത്താനാണ് ഇന്‍ഡിഗോ തീരുമാനിച്ചിരിക്കുന്നത്. ഇവയില്‍ ഇരുപതെണ്ണം എ320 നിയോ ആയിരിക്കും. അടുത്ത രണ്ട് സാമ്പത്തിക പാദത്തിലും അവെയ്‌ലബിള്‍ സീറ്റ് പെര്‍ കിലോമീറ്റര്‍ (എഎസ്‌കെ) മുപ്പത് ശതമാനം വീതം വര്‍ധിപ്പിക്കാനും മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നു.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 18 ശതമാനം വര്‍ധിച്ച് 3597.9 കോടി രൂപയായി. അനുബന്ധ വരുമാനം 17.7 ശതമാനം വര്‍ധിച്ച് 558.4 കോടി രൂപയും.

Comments

comments

Categories: Branding