കാലാവസ്ഥ അപകട സാധ്യത: സൂചികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥ അപകട സാധ്യത: സൂചികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്

റാബത്ത്: കാലാവസ്ഥ അപകട സാധ്യത സൂചികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് സ്വതന്ത്ര പരിസ്ഥിതി സംഘടനയായ ജര്‍മന്‍വാച്ച്. മൊറോക്കോയിലെ മറാകെച്ചില്‍ നടന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി(സിഒപി22)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2015ല്‍ മാത്രം കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ 4,317 അപകടങ്ങള്‍ നടന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുമൂലം 40 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. 2015ല്‍ ഇന്ത്യ വ്യത്യസ്ത കാലാവസ്ഥാ മാറ്റങ്ങളെ അഭിമുഖീകരിച്ചെന്ന് ഗ്ലോബല്‍ ക്ലൈമറ്റ് റിസ്‌ക്ക് ഇന്‍ഡെക്‌സിന്റെ 12 മത്   പതിപ്പ് വ്യക്തമാക്കുന്നു.
കാലംതെറ്റിയ മഴയെ തുടര്‍ന്ന് ഫെബ്രുവരിയിലും മാര്‍ച്ചിലുമുണ്ടായ വെള്ളപ്പൊക്കത്തിനു പിന്നാലെ മെയില്‍ ചരിത്രത്തിലെ തന്നെ അതിഭയങ്കരമായ ചൂട് 2,300 ലധികം പേരുടെ മരണത്തിനിടയാക്കിയിരുന്നു. 2015ല്‍ ഏറ്റവും മോശമായ കാലാവസ്ഥ വ്യതിയാനങ്ങളുണ്ടായത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്. ആഗോളതലത്തില്‍ കാലാവസ്ഥ മാറ്റംമൂലം പ്രകൃതി ദുരന്തങ്ങളുണ്ടായ 10 സ്ഥലങ്ങളില്‍ നാലും ആഫ്രിക്കയിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൊസാംബിക്ക്, മലാവി, ഘാന, മഡഗാസ്‌കര്‍ എന്നിവയാണ് കൂടുതല്‍ ദുരന്തങ്ങള്‍ക്കിരയായ സ്ഥലങ്ങള്‍. ഈ വര്‍ഷത്തെ കാലാവസ്ഥ ഉച്ചകോടിയേയും വെള്ളപ്പൊക്കം ബാധിച്ചെന്ന് ജര്‍മന്‍വാച്ചിന്റെ സൂചികയുടെ പ്രധാന ലേഖകനായ സൊന്‍കെ റെഫ്റ്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ചൂട് വളരെ കൂടുതലായിരുന്നു. ഇന്ത്യയില്‍ നാലായിരത്തിയഞ്ഞൂറോളം മരണങ്ങളും ഫ്രാന്‍സില്‍ 3,300 ലധികം മരണങ്ങളുമുണ്ടായി. അസാധാരണമായ ചൂട് വികസിത, വികസ്വര രാജ്യങ്ങളെ ഒരേപോലെ ബാധിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെള്ളപ്പൊക്കത്തിന്റെയും ചൂട് വികിരണങ്ങളുടെ പ്രസരണത്തിന്റെയും വര്‍ധന ആഗോള താപനത്തിന് ഇടവരുത്തുമെന്നും റെഫ്റ്റ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വ്യതിയാനം 1996 മുതല്‍ 2015 വരെ 5,30,000 പേരുടെ ജീവനെടുത്തുകഴിഞ്ഞു.

Comments

comments

Categories: Slider, Top Stories