ഗ്രാമീണ ഇന്ത്യയെ ലക്ഷ്യം വെച്ച് ഗോദ്‌റെജ് കണ്‍സ്യൂമര്‍

ഗ്രാമീണ ഇന്ത്യയെ ലക്ഷ്യം വെച്ച് ഗോദ്‌റെജ് കണ്‍സ്യൂമര്‍

മുംബൈ : എഫ്എംസിജി കമ്പനികള്‍ വില്‍പ്പന ലക്ഷ്യം കൈവരിക്കുന്നതിന് ഗ്രാമീണ ജനതയെ ഉറ്റുനോക്കുന്നു. ഗോദ്‌റെജ് കണ്‍സ്യൂമര്‍, ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയാണ് ഗ്രാമങ്ങളിലും ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുന്നത്. മധ്യ-ഉത്തരേന്ത്യന്‍ വിപണിയെ ലക്ഷ്യംവെച്ച് ഗോദ്‌റെജ് കണ്‍സ്യൂമര്‍ ആവിഷ്‌കരിച്ച വണ്‍റൂറല്‍ പ്രോഗ്രാം ഉടനെത്തന്നെ തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ത്യ & സാര്‍ക് സിഎഫ്ഒ സമീര്‍ ഷാ പറഞ്ഞു. വണ്‍റൂറല്‍ പ്രോഗ്രാം നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു.

രാജ്യത്ത് ഭേദപ്പെട്ട മണ്‍സൂണ്‍ ലഭിച്ചത് ഗ്രാമീണ ജനതയുടെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഗ്രാമങ്ങളില്‍ കണ്ണെറിയുന്നത്. ഖാരിഫ് വിളവെടുപ്പ് കഴിഞ്ഞതും വിവിധ കമ്പനികളുടെ പരിഗണനാ വിഷയങ്ങളില്‍പ്പെടുന്നു.

ഗോദ്‌റെജ് കണ്‍സ്യൂമറിന്റെ വണ്‍ റൂറല്‍ പ്രോഗ്രാം ഗ്രാമീണ മേഖലകളിലെ കമ്പനിയുടെ വില്‍പ്പന നിലവിലെ 28 ശതമാനത്തില്‍നിന്ന് 37-38 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി 15,000 മുതല്‍ 20,000 വരെ ഗ്രാമങ്ങളില്‍ വിതരണ-മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. വണ്‍ റൂറല്‍ പ്രോഗ്രാമിനായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ ഒരു റൂറല്‍ ഹെഡിനെ നിയമിക്കും. മുഴുവന്‍ ഗ്രാമീണ വിപണിയുടെയും ചുമതലയുള്ള ഈ മേധാവിക്ക് കീഴില്‍ ഗവേഷണം, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ സ്‌പെഷ്യലിസ്റ്റുകള്‍ പ്രവര്‍ത്തിക്കും.

മുന്‍ വര്‍ഷങ്ങളില്‍ 15,000 ഗ്രാമങ്ങളില്‍ മാത്രമാണ് ഗോദ്‌റെജ് കണ്‍സ്യൂമറിന്റെ സാന്നിധ്യമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് നാലിരട്ടിയായി വര്‍ധിപ്പിച്ച് 60,000 ഗ്രാമങ്ങളിലേക്ക് വളര്‍ന്നിട്ടുണ്ട്. ഓരോ വര്‍ഷവും 5,000 മുതല്‍ 6,000 വരെ പുതിയ ഗ്രാമങ്ങളിലേക്ക് പടര്‍ന്നുകയറാനാണ് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്റെ തീരുമാനമെന്ന് സമീര്‍ ഷാ പ്രസ്താവിച്ചു.

ഗോദ്‌റെജ് കണ്‍സ്യൂമറിനെ മാത്രമല്ല ഗ്രാമങ്ങള്‍ ആകര്‍ഷിക്കുന്നത്. ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയും തങ്ങളുടെ നാല്‍പ്പത് ശതമാനം വില്‍പ്പനയും ഗ്രാമീണ വിപണിയിലാണ് കണ്ടെത്തുന്നത്. വരുംമാസങ്ങളില്‍ ഈ കമ്പനികളെല്ലാം ഇത് തിരിച്ചറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിച്ചേക്കും. ഡാബറിന് ഗ്രാമീണ വിപണിയില്‍ മാത്രം ആയിരത്തോളം സെയില്‍സ് റെപ്രസന്റേറ്റീവ് ഉണ്ട്. ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിച്ചാല്‍ അതിനനുസരിച്ച് വിപുലീകരണം നടത്തുമെന്ന് ഡാബര്‍ ഇന്ത്യ സിഇഒ സുനില്‍ ദുഗ്ഗല്‍ പറഞ്ഞു.

മികച്ച കാര്‍ഷിക വിളവെടുപ്പും ഗ്രാമീണ മേഖലയില്‍ സര്‍ക്കാര്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഗുണകരമാകുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എംഡി & സിഇഒ സഞ്ജീവ് മേഹ്ത്ത വ്യക്തമാക്കി. സെപ്റ്റംബര്‍ പാദത്തില്‍ ഹോം ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിപണി നാല് ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. നഗര-ഗ്രാമീണ മേഖലകളിലെ വളര്‍ച്ചയുടെ അന്തരം 5-7 ശതമാനത്തില്‍നിന്ന് 2-3 ശതമാനമായി കുറയുകയും ചെയ്തു.

Comments

comments

Categories: Branding