എല്‍എന്‍ജി ഇന്ധനം ഉപയോഗിക്കുന്ന ആദ്യബസ് ടാറ്റാ മോട്ടോഴ്‌സ് കേരളനിരത്തിലിറക്കി

എല്‍എന്‍ജി ഇന്ധനം ഉപയോഗിക്കുന്ന ആദ്യബസ് ടാറ്റാ മോട്ടോഴ്‌സ് കേരളനിരത്തിലിറക്കി

 

കൊച്ചി: വാണിജ്യവാഹനങ്ങളുടെ നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ആദ്യമായി ദ്രവീകൃത പ്രകൃതി വാതകത്തില്‍ (എല്‍എന്‍ജി) ഓടുന്ന ബസുകള്‍ കേരളത്തില്‍ അവതരിപ്പിച്ചു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് വാഹനം വിപണിയിലിറക്കിയത്. ഊര്‍ജം, വളം, വാഹനങ്ങള്‍ എന്നിവയ്ക്കായി എല്‍എന്‍ജിയുടെ ആവശ്യകത വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി വാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌രംഗം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലാണ് ആദ്യമായി എല്‍എന്‍ജി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആദ്യത്തെ ട്രയല്‍ നടത്തുന്നത്.

എല്‍എന്‍ജി ഇന്ധനം ഉപയോഗിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ബസ് അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവി പിഷാരടി പറഞ്ഞു. പൊതുജനങ്ങളുടെ യാത്രാസൗകര്യത്തിന് ഉതകുന്ന തരത്തില്‍ വിവിധ ഗതാഗത അധികൃതരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് ടാറ്റാ എല്‍എന്‍ജി ബസ് രൂപപ്പെടുത്തിയിരിക്കുന്നത്. വൃത്തിയും സുരക്ഷിതത്വവുമുള്ളതും ചെലവ് കുറഞ്ഞതും സുഖകരവുമായ യാത്രയ്ക്കും ഉതകുന്നവയുമാണ് ഈ ബസുകള്‍. എല്‍എന്‍ജി ഉപയോഗിക്കുന്നതിനാല്‍ ‘ഫ്യൂച്ചര്‍റെഡി’ വാഹനങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജരംഗത്തെ സുരക്ഷിതത്വവും ഉറപ്പാക്കുന്നവയാണെന്ന് രവി പിഷാരടി ചൂണ്ടിക്കാട്ടി.

എല്‍എന്‍ജിയില്‍ ഓടുന്ന ടാറ്റാ എല്‍പിഒ1613 ബസ് പരമ്പരാഗത ഇന്ധനം ഉപയോഗിച്ച് ഓടുന്ന മറ്റ് ബസുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞവയാണ്. കൂടാതെ അധിക യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുമുണ്ട്. വാതകഇന്ധനം ഉപയോഗിക്കുന്നതോടെ മലിനീകരണം കുറയ്ക്കാനും കൂടുതല്‍ ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കാനും സാധിക്കും. എല്‍എന്‍ജിക്ക് ഉയര്‍ന്ന സാന്ദ്രതയുള്ളതിനാല്‍ കൂടുതല്‍ ഇന്ധനക്ഷമതയും നേടാം. ഒരു പ്രാവശ്യം നിറച്ചാല്‍ 700 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കും. എല്‍പിജിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ശബ്ദമലിനീകരണത്തിന്റെ തോതായ നോയ്‌സ് വൈബ്രേഷന്‍ ഹാര്‍ഷ്‌നസ് (എന്‍വിഎച്ച്) കുറവുമായിരിക്കും.

ഹൈസ്പീഡ് ഡീസലിനെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ എല്‍എന്‍ജി അധികമായി ലഭ്യമായിത്തുടങ്ങുന്നതോടെ ചെലവ് കുറയ്ക്കാനും ക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും. ഉയര്‍ന്ന സാന്ദ്രതയുള്ളയും ദ്രവരൂപത്തിലുള്ളതുമായതിനാല്‍ ഡീസല്‍ എന്നതുപോലെ ചെറിയ വലിപ്പത്തിലുള്ള സിലിണ്ടറുകളില്‍ നിറയ്ക്കാന്‍ സാധിക്കും. കൂടുതല്‍ ശുദ്ധമായ ഇന്ധനമാണ് എല്‍എന്‍ജി എന്നതിനാല്‍ പരമ്പരാഗതമായി ദ്രവരൂപത്തിലുള്ള ഇന്ധനങ്ങളേക്കാള്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് 30 ശതമാനംവരെ കുറവാണ്. വായുവിനേക്കാള്‍ ഭാരം കുറവായതിനാല്‍ കുറഞ്ഞ മര്‍ദ്ദത്തിലാണ് എല്‍എന്‍ജി പ്രവര്‍ത്തിക്കുന്നത്. വേഗത്തില്‍ വായുരൂപത്തിലാകുകയും ചെയ്യും. സാധാരണ അന്തരീക്ഷമര്‍ദ്ദത്തിലും താപനിലയിലും അതിവേഗത്തില്‍ ബാഷ്പീകരിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമാണ്. വിലയേറിയ ക്രൂഡ് ഓയിലിനെ അധികമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ എല്‍എന്‍ജിയുടെ ഉപയോഗം വഴി കഴിയും.

2014ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് എല്‍എന്‍ജി സാങ്കേതികവിദ്യയില്‍ ഓടുന്ന ടാറ്റാ പ്രൈമ ട്രെക്കുകള്‍ ടാറ്റാ മോട്ടോഴ്‌സ് ആദ്യമായി അവതരിപ്പിച്ചത്.

Comments

comments

Categories: Slider, Top Stories