പുകമഞ്ഞ്: ഡെല്‍ഹി മെട്രോ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

പുകമഞ്ഞ്: ഡെല്‍ഹി മെട്രോ നിര്‍മാണ  പ്രവര്‍ത്തനം നിര്‍ത്തിവച്ചു

 

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാന നഗരിയിലെ പുകമഞ്ഞ് കുറയ്ക്കുന്നതിന് യത്‌നിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവച്ചു. ഡെല്‍ഹി മെട്രോ റെയ്ല്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചതാണ് ഇക്കാര്യം.
വരുന്ന അഞ്ചു ദിവസത്തേക്ക് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളായ ഖനനം, ബാക്ക്ഫില്ലിംഗ് (കുഴിച്ചെടുക്കുന്ന വസ്തുക്കള്‍ കൊണ്ട് തന്നെ അതേ കുഴി വീണ്ടും നിറയ്ക്കുന്ന രീതി) ജോലികള്‍ നിറുത്തിവെയ്ക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചിട്ടുണ്ട്. പൊടി വ്യാപിച്ചിരിക്കുന്ന നിര്‍മാണ കേന്ദ്രങ്ങളില്‍ വെള്ളം നനയ്ക്കുമെന്നും ഡിഎംആര്‍സി വ്യക്തമാക്കി.
തുടര്‍ച്ചയായി വെള്ളം നനയ്ക്കുക വഴി മണ്ണൊലിപ്പും പൊടി ശല്യവും ഒഴിവാക്കാനാകും. പുല്ല് പാകുന്നതും മരങ്ങള്‍ നടുന്നതും പൊടി നിയന്ത്രിക്കുന്നതിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്. കൂടാതെ ഖനനത്തിലൂടെ ലഭിക്കുന്ന മണ്ണ് മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടും. നിര്‍മാണ സൈറ്റുകളിലെ ട്രക്കുകളുടെ വീലുകള്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കഴുകുമെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ അറിയിച്ചു. പൊടി നിയന്ത്രിക്കുന്നതിനായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഡിഎംആര്‍സിയുടെ പാരിസ്ഥിതിക നയം അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണിവ.
കൊയ്ത്തു കഴിഞ്ഞ വയലുകളിലെ വിളകളുടെ കുറ്റി കത്തിച്ചതിനേയും ദീപാവലി ദിവസങ്ങളില്‍ പടക്കം പൊട്ടിച്ചതിനേയും തുടര്‍ന്ന് ഒക്‌റ്റോബര്‍ അവസാനം മുതല്‍ ഡെല്‍ഹിയിലേയും അയല്‍ സംസ്ഥാനങ്ങളിലേയും വായു മലിനീകരണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാനും തിങ്കളാഴ്ച മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനും ഡെല്‍ഹി സര്‍ക്കാരും ഉത്തരവിട്ടുകഴിഞ്ഞു.

Comments

comments

Categories: Branding