ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 5 മികച്ച മൊബീല്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 5 മികച്ച മൊബീല്‍ സ്റ്റാര്‍ട്ടപ്പുകള്‍

 

ഇരുപത്തിമൂന്ന് കോടിയോളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയും ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണനത്തിന്റെ കാര്യത്തില്‍ ഇന്ത്യ യുഎസിനെ കടത്തി വെട്ടിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ അടുത്തകാലത്ത് അനുഭവപ്പെട്ടിട്ടുള്ള വര്‍ധന ഒട്ടേറെ മൊബീല്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ ആവിര്‍ഭാവത്തിനും കാരണമായി. ബെംഗളൂരുവാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ് എന്ന വിശേഷണം നേടിയിട്ടുള്ളതെങ്കിലും രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലും മൊബീല്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഡെല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 5 മികച്ച സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം.

കാഷിഫൈ: 2013ല്‍ ആരംഭിച്ച കാഷിഫൈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്കാവശ്യമായ ധനസഹായം ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ്. ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഇ-കൊമേഴ്‌സ് കമ്പനികളുമായുള്ള സഹകരണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം ബെസ്സെമെര്‍ വെഞ്ച്വേഴ്‌സ്, ബ്ലൂം വെഞ്ച്വേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നായി നിക്ഷേപ സമാഹരണം കാഷിഫൈ നടത്തിയിരുന്നു. മന്ദീപ് മനോച (സിഇഒ), നകുല്‍ (സിഒഒ), അമിത് സേതി (സിടിഒ) മുതലായവരാണ് കാഷിഫൈയുടെ സ്ഥാപകര്‍.

റെയ്ല്‍യാത്രി: കപില്‍ റായിസാദ, സച്ചിന്‍ സക്‌സേന, മനിഷ് രാതി എന്നിവര്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് റെയ്ല്‍ യാത്രി. രാജ്യത്തെ ട്രെയ്ന്‍ യാത്ര മെച്ചപ്പെടുത്തുക എന്നതാണ് റെയ്ല്‍ യാത്രിയുടെ ലക്ഷ്യം. ട്രെയ്‌നുകളുടെ സമയം, ഓരോ ട്രെയ്‌നുകളുടേയും വേഗം, സ്‌റ്റേഷനുകളുടെ വിവരം മുതലായവ നല്‍ക്കുന്ന ആപ്പാണ് റെയ്ല്‍ യാത്രി പുറത്തിറക്കിയിട്ടുള്ളത്. മൂന്നു വര്‍ഷം പഴക്കമുള്ള കമ്പനിയില്‍ നന്ദന്‍ നിലേകനി, ഹീലിയോണ്‍ വെഞ്ച്വേഴ്‌സ്, ഒമൈഡിയര്‍ പാര്‍ട്‌ണേഴ്‌സ്, ബ്ലൂം വെഞ്ച്വേഴ്‌സ് മുതലായവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

മൈപൂളിന്‍: വിനോദയാത്ര, സിനിമ, പാര്‍ട്ടികള്‍ മുതലായ കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. ഇന്‍വെസ്റ്റോപാഡ് എന്ന ഇന്‍ക്യുബേറ്ററിനു കീഴിലാണ് മൈപൂളിന്‍ പ്രവര്‍ത്തിച്ചു വരുന്നത്. ശരദ് ശര്‍മ, രാജന്‍ ആനന്ദന്‍ , സുനില്‍ കാല്‍റ, അമിത് രന്‍ജന്‍ എന്നിവരാണ് മൈപൂളിനിലെ പ്രമുഖ നിക്ഷേപകര്‍.

വണ്‍എംജി: 2013ല്‍ ഹെല്‍ത്ത് കാര്‍ട്ട് പ്ലസ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച വണ്‍എംജി ആരോഗ്യ സേവനം സംബന്ധിച്ച മൊബീല്‍ ആപ്പുകള്‍ക്കു രൂപം നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. 50 ലക്ഷത്തോളം ആപ്പ് ഡൗണ്‍ലോഡും രണ്ടരക്കോടി പ്രതിമാസ വരിക്കാരും വണ്‍എംജിക്കു നിലവില്‍ ലഭിച്ചിട്ടുണ്ട്. 600 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതെന്ന് വണ്‍എംജി അവകാശപ്പെടുന്നു.

സ്‌കാന്റ: വിര്‍ച്വല്‍ ലോകവും സാധാരണ ലോകവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് സ്‌കാന്റയുടെ പ്രവര്‍ത്തന ലക്ഷ്യം. ഐഒഎസ്,് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളുമായി മെച്ചപ്പെട്ട രീതിയില്‍ സംവദിക്കുന്നതിനുള്ള അവസരം സ്‌കാന്റ ഒരുക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ശക്തമായ ഉല്‍പ്പന്ന വിഭാഗമാണ് സ്‌കാന്റയ്ക്കുള്ളത്. പ്രാരംഭദശയില്‍ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ സ്റ്റാര്‍ട്ടപ്പാണിത്.

Comments

comments

Categories: Entrepreneurship