നോട്ടുകളുടെ നിരോധനം: പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഡിജിറ്റല്‍ പേമെന്റ് മേഖല

നോട്ടുകളുടെ നിരോധനം:   പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഡിജിറ്റല്‍ പേമെന്റ് മേഖല

 
മുംബൈ: രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് പകരം പുതിയ നോട്ടുകള്‍ അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിയന്തര തീരുമാനം ഡിജിറ്റല്‍ വാലെറ്റ് കമ്പനികള്‍ക്കു ഗുണകരമാണെന്നു റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പേമെന്റ് സ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി.

ലോകത്തെ ഏതു ഗവണ്‍മെന്റ് എടുത്തിട്ടുള്ളതിനേക്കാള്‍ ധീരവും ശക്തവുമായ തീരുമാനമാണിതെന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ അഭിപ്രായപ്പെട്ടു. സാമ്പത്തിക സേവനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെക് സംരംഭങ്ങളുടെ സുവര്‍ണകാലത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നും വിജയ് ശേഖര്‍ ശര്‍മ ചൂണ്ടിക്കാട്ടി.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പ്രധാനമന്ത്രി എടുത്ത നടപടി വിജയകരമാക്കാന്‍ ജനങ്ങളെല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് സ്‌നാപ്ഡീലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ ഫ്രീ ചാര്‍ജിന്റെ സിഇഒ കുനാല്‍ ഷാ ട്വീറ്റ് ചെയ്തു.

ഉല്‍പ്പന്നം വിതരണം ചെയ്യുമ്പോള്‍ പണം കൈമാറുന്ന രീതി വൈകാതെ ഇല്ലാതാകുമെന്ന് സ്‌നാപ്പ്ഡീല്‍ സഹസ്ഥാപകനായ കുനാല്‍ ബാഹ്ല്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പേയ്‌മെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ നവീന്‍ സൂര്യ വ്യക്തമാക്കി.

വളരെയധികം പ്രചാരമുള്ള നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കിയത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നാണ് ഇ-കൊമേഴ്‌സ് മേഖലയിലെ നിരീക്ഷകര്‍ കരുതുന്നത്. പേടിഎം, ഒല, മണി മുതലായ സ്ഥാപനങ്ങള്‍ക്കാണ് പുതിയ തീരുമാനം കൂടുതല്‍ ഗുണം ചെയ്യുകയെന്നും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഇല്ലാത്ത സാധാരണക്കാരനെ വെട്ടിലാക്കാനും സമ്പദ്ഘടനയെ പരിപൂര്‍ണ്ണ സ്തംഭനത്തിലാക്കാനും പുതിയ തീരുമാനം ഇടവരുത്തുമെന്നാണ് കേരളത്തിന്റെ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടിയത്. ചരിത്രപരമായ നീക്കമെന്നു ചില കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ബാങ്കുകളും സര്‍ക്കാരും തീരുമാനം എപ്രകാരം പ്രാവര്‍ത്തികമാക്കുമെന്നത് വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാകുകയുള്ളൂ.

Comments

comments

Categories: Slider, Top Stories