അഞ്ച് മില്ല്യണ്‍ ഡോളറിന്റെ അനധികൃത ഇടപാടുകള്‍ നടന്നെന്ന് കോഗ്നിസന്റ്

അഞ്ച് മില്ല്യണ്‍ ഡോളറിന്റെ  അനധികൃത ഇടപാടുകള്‍  നടന്നെന്ന് കോഗ്നിസന്റ്

മുംബൈ: ഇന്ത്യയിലെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ച് മില്ല്യണ്‍ ഡോളറിന്റെ അനധികൃത പണമിടപാടുകള്‍ കണ്ടെത്തിയെന്ന് പ്രമുഖ ടെക്‌നോളജി സൊലൂഷന്‍സ് കമ്പനിയായ കോഗ്നിസന്റ്. അതേസമയം, ഇതിന്റെ പേരില്‍ ഏതെങ്കിലും തരത്തിലെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ യൂണിറ്റുകളിലെ ആഭ്യന്തര അന്വേഷണത്തില്‍ അനധികൃത പണമിടപാടുകള്‍ വെളിപ്പെട്ടെന്നും യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്റ്റീസസ് ആക്റ്റിന്റെ ലംഘനമാണിതെന്നും സെപ്റ്റംബറില്‍ കോഗ്നിസന്റ് അറിയിച്ചിരുന്നു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 3.1 മില്ല്യണ്‍ ഡോളറിന്റെ അനധികൃത പണമിടപാടുകള്‍ കണ്ടെത്തുകയുണ്ടായി. അവശേഷിക്കുന്ന 1.9 മില്ല്യണ്‍ ഡോളറിന്റെ ഇടപാടുകളില്‍ അന്വേഷണം നടന്നുവരികയാണ്-കമ്പനി അധികൃതര്‍ പറഞ്ഞു.
ഇത്തരത്തിലെ പണമിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുകയും തടയാന്‍ നടപടികളെടുക്കാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥരായാലും അവരെ പുറത്താക്കുമെന്ന് കോഗ്നിസന്റ് വിശദീകരിച്ചു. എന്നാല്‍, അനധികൃത പണമിടപാടുകള്‍ തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് അവര്‍ കുറ്റസമ്മതം നടത്തി. അനുചിത പണമിടപാടുകള്‍ ചെറുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായും കോഗ്നിസന്റ് കൂട്ടിച്ചേര്‍ത്തു. ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ മുന്‍ പ്രസിഡന്റ് ഗോര്‍ഡണ്‍ കോബേണ്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരുന്നു.

Comments

comments

Categories: Business & Economy