സെന്‍ട്രം ഗ്രൂപ്പ് സ്വകാര്യ നിക്ഷേപ ഫണ്ട് രൂപീകരിച്ചു

സെന്‍ട്രം ഗ്രൂപ്പ് സ്വകാര്യ  നിക്ഷേപ ഫണ്ട് രൂപീകരിച്ചു

 
മുംബൈ: സ്വതന്ത്ര ബ്രോക്കറേജ്, സാമ്പത്തിക സേവന കമ്പനിയായ സെന്‍ട്രം ഗ്രൂപ്പ് സ്വകാര്യ നിക്ഷേപ സ്ഥാപനം രൂപീകരിച്ചു. 500 കോടി രൂപ മൂലധനമുള്ള കല്‍പ്പവൃക്ഷ് എന്ന സ്ഥാപനം ഇടത്തരം ഇന്ത്യന്‍ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ചൊവ്വാഴ്ചയാണ് സെന്‍ട്രത്തിന്റെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.
കല്‍പ്പവൃക്ഷയുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ പ്രമുഖ ബിസിനസുകാരുടെ സഹായം തേടുമെന്ന് സെന്‍ട്രം ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായ ജസ്പാല്‍ ബിന്ദ്ര പറഞ്ഞു. അടുത്തിടെയാണ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തുകൊണ്ട് ബിന്ദ്ര ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. സ്വകാര്യ നിക്ഷേപ ഫണ്ട് പോലെയുള്ളവയുടെ ഭാഗമാകുന്നതിന് എച്ച്എന്‍ഐ (ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍)കള്‍ക്കിടയില്‍ താല്‍പര്യം വര്‍ധിക്കുന്നതായി കാണാന്‍ കഴിയുന്നുണ്ടെന്ന് ബിന്ദ്ര ചൂണ്ടിക്കാട്ടി.
മൂലധനം ഉയര്‍ത്തുന്നതിന് 500 കോടി രൂപയുടെ നിക്ഷേപ സമാഹരണത്തിന് സെന്‍ട്രം പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടു കളുണ്ടായിരുന്നു. സെന്‍ട്രം ഇത്തരത്തില്‍ സ്വീകരിക്കുന്ന ആദ്യ നിക്ഷേപമാണിത്. ഉപഭോക്തൃ, ആരോഗ്യ പരിരക്ഷ, വ്യവസായിക സേവന രംഗങ്ങളെയാണ് സെന്‍ട്രത്തിനു കീഴിലെ നിക്ഷേപ്സ്ഥാപനം ലക്ഷ്യമിടുന്നത്. അടുത്തിടെ കമ്പനിയുടെ ഭാഗമായ ഗിരി കൃഷ്ണസ്വാമി കല്‍പ്പവൃക്ഷയെ നയിക്കും. ഇന്‍ഡിട്രേഡ് കാപ്പിറ്റലില്‍ നിന്നാണ് ഗിരി സെന്‍ട്രത്തില്‍ ചേര്‍ന്നത്. നെസ്ലെ, റാന്‍ബാക്‌സി എന്നീ കമ്പനികളിലും ഗിരി പ്രവര്‍ത്തിച്ചിരുന്നു.

Comments

comments

Categories: Branding