ഓപ്പണ്‍ ഡാറ്റാ നയം കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കും

ഓപ്പണ്‍ ഡാറ്റാ നയം കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കും

 

ന്യൂഡെല്‍ഹി: പകര്‍പ്പവകാശത്തിന്റെയോ പേറ്റന്റുകളുടെയോ നിയന്ത്രണങ്ങളില്ലാതെ എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പൊതു ഡൊമെയ്‌നുകളില്‍ എത്തിക്കുന്ന തരത്തിനുള്ള ‘ഓപ്പണ്‍ ഡാറ്റാ’ നയം കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കും. സെന്‍സസ് ഡാറ്റ പോലുള്ളവ സാധരണഗതിയില്‍ അക്കാഡമിക് ആവശ്യങ്ങള്‍ക്കു വേണ്ടി കമ്പനികളും വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് കൂടുതലായും ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍ ഓപ്പണ്‍ ഡാറ്റ നയം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിടുന്ന നിരവധി വിവരങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. വിവിധ ആപ്ലിക്കേഷനുകള്‍ തയാറാക്കുന്നതിനും വ്യാവസായിക ആവശ്യങ്ങള്‍ക്കുമെല്ലാം ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

നിയന്ത്രണങ്ങള്‍ ഇല്ലാതെ സ്വതന്ത്രമായി ലഭ്യമാകുന്ന വിവരമാണ് ‘ഓപ്പണ്‍ ഡാറ്റ’. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ പൊതുവിവരങ്ങള്‍ക്ക് ഇതുവരെ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഈ അടുത്താണ് വാണിജ്യാടിസ്ഥാനത്തില്‍ മൂല്യ വര്‍ധിത സേവനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിവല്‍ പൊതുവിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന തീരുമാനം കൈകൊണ്ടത്.

സര്‍ക്കാരിന്റെ കൈവശമുള്ള അടിസ്ഥാന സ്ഥിതിവിവര കണക്കുകളുടെ വന്‍ ശേഖരം ഇനി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ഇതിനു വേണ്ടി data.gov.in എന്ന പോര്‍ട്ടലും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള രേഖകളൊന്നും ഇത്തരത്തില്‍ നല്‍കപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: Politics