ഭുവന്‍ ഫോര്‍ കേരള: ഐഎസ്ആര്‍ഒയുമായി സംയുക്ത കര്‍മപദ്ധതിക്കു കേരളം

ഭുവന്‍ ഫോര്‍ കേരള: ഐഎസ്ആര്‍ഒയുമായി സംയുക്ത കര്‍മപദ്ധതിക്കു കേരളം

 

തിരുവനന്തപുരം: സ്‌പേസ് ടെക്‌നോളജി-ജിയോ സ്‌പേഷ്യല്‍ ആപ്ലിക്കേഷന്‍ സംയുക്ത കര്‍മ പദ്ധതി നടപ്പിലാക്കാന്‍ കേരളം ഒരുങ്ങുന്നു. ദേശീയ വികസനത്തിനായി എല്ലാ സംസ്ഥാനങ്ങളും സ്‌പേസ് ടെക്‌നോളജി, ജിയോ സ്‌പേഷ്യല്‍ ആപ്ലിക്കേഷന്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍മ പദ്ധതി നടപ്പിലാക്കാന്‍ തയാറെടുക്കുന്നത്. സ്‌പേസ് ടെക്‌നോളജിയെ ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഐസ്ആര്‍ഒയുമായി സഹകരിച്ച് പദ്ധതി രൂപീകരിക്കുന്നത്. കാലവസ്ഥാ പ്രവചനം, റിമോട്ട് സെന്‍സിംഗ്, ജിപിഎസ് സിസ്റ്റംസ്, സാറ്റലൈറ്റ് ടെലിവിഷന്‍ തുടങ്ങിയ നൂതന സാങ്കേതിക രീതികള്‍ ഉള്‍പ്പെടുന്നതാണ് സ്‌പേസ് ടെക്‌നോളജി. സ്‌പേസ് ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതില്‍ ഐഎസ്ആര്‍ഒ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഐഎസ്ആര്‍ഒ സെന്ററുകളുമായി സഹകരിച്ച് സ്‌പേസ് ടെക്‌നോളജിയും സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിറോണ്‍മെന്റ് സെന്ററിന്റെ(കെഎസ്ആര്‍ഇസി) പങ്കാളിത്തത്തോടെ റിമോട്ട് സെന്‍സിങ് ആപ്ലിക്കേഷനുകളും കാര്യക്ഷമമായി ഉപയോഗപ്പെടുത്തും.

പദ്ധതിയെ സംബന്ധിച്ച വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍മെന്റുകളായും കെഎസ്ആര്‍ഇസി, സ്റ്റേറ്റ് നോഡല്‍ സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് ജിയോഗ്രാഫിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം(ജിഐഎസ്), ഐഎസ്ആര്‍ഒ എന്നിവരുമായി ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പു തലവന്മാര്‍ ഉള്‍പ്പെട്ട കൂടിക്കാഴ്ചയില്‍ പദ്ധതിക്കാവശ്യമായ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു. നിലവില്‍ 50 ഓളം വകുപ്പുകളും സ്ഥാപനങ്ങളും സ്‌പേസ് ടെക്‌നോളജിയ്ക്കും ജിയോ സ്‌പേഷ്യല്‍ ആപ്ലിക്കേഷനുമുള്ള സംയുക്ത പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തയാറെടുപ്പിലാണ്.

പദ്ധതിയുടെ ഭാഗമായി ഐഎസ്ആര്‍ഒയുടെ ജിയോ പോര്‍ട്ടല്‍ വിഭാഗമായ ഭുവന്‍ ഫോര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഭുവന്‍ ഫോര്‍ കേരളയുടെ അവതരണത്തോടെ സംസ്ഥാനത്തിന് ഭൂമി, കൃഷി, കാലാവസ്ഥ, പരിസ്ഥിതി, ഭൂഗര്‍ഭജലം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ട് അറിയാനാകുമെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പദ്മശ്രീ എം ചന്ദ്രദത്തന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി ലാന്‍ഡ് റവന്യു നിരീക്ഷണം അടക്കമുള്ള ജിയോ സ്‌പേഷ്യല്‍ മാപ്പിങിനുള്ള പ്രവര്‍ത്തനങ്ങള്‍ 11 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് ഉറപ്പുനല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: Slider, Tech