ആപ്പിള്‍-ഫ്‌ളിപ്പ്കാര്‍ട്ട് സഹകരണം: ഐഫോണ്‍ വില്‍പ്പന വര്‍ധിപ്പിച്ചു

ആപ്പിള്‍-ഫ്‌ളിപ്പ്കാര്‍ട്ട് സഹകരണം: ഐഫോണ്‍ വില്‍പ്പന വര്‍ധിപ്പിച്ചു

 

ന്യൂഡെല്‍ഹി: ദീപാവലി ഉത്സവസീസണില്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സേവനദാതാക്കളായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയുള്ള ഐഫോണുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഫ്‌ളിപ്പ്കാര്‍ട്ടുമായുള്ള ആപ്പിളിന്റെ മികച്ച സഹകരണമാണ് വിപണിയില്‍ ഐഫോണ്‍ വില്‍പ്പന കുതിച്ചുയരാന്‍ കാരണമായതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒക്‌റ്റോബര്‍ മാസത്തില്‍ ലഭിച്ച വില്‍പ്പനയുടെ 50 ശതമാനവും ഫ്‌ളിപ്പ് കാര്‍ട്ട് മുഖാന്തരമാണ് നടന്നത്.

ഒക്‌റ്റോബറില്‍ മൊത്തം 2.6 ലക്ഷം ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് ഉല്‍പ്പന്നങ്ങളാണ് ആപ്പിള്‍ കമ്പനി വിതരണം ചെയ്തതെന്ന് വിപണി ഗവേഷണ സ്ഥാപനമായ സൈബര്‍ മീഡിയ വ്യക്തമാക്കി. ഭൂരിപക്ഷം ഓണ്‍ലൈന്‍ വില്‍പ്പനയും നടന്നിട്ടുള്ളത് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ മുഖേനയാണ്. ഏകദേശം 70 ശതമാനത്തോളം ആന്‍ഡ്രോയ്ഡ് ഫോണുകളും ഐഫോണ്‍7 ഉം തമ്മിലുള്ള എക്‌സ്‌ചേഞ്ചിലൂടെയാണ് സാധ്യമായിട്ടുള്ളത്. മുന്‍കാല മോഡലുകള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് 30 ശതമാനത്തോളം വില്‍പ്പനയും സംഭവിച്ചിട്ടുള്ളത്. 60,000 രൂപ വില മതിക്കുന്ന ഐഫോണ്‍7 വില്‍പ്പനയിലുണ്ടായ വര്‍ധന 20,000 രൂപയ്ക്കു മുകളില്‍ വില മതിക്കുന്ന പ്രീമിയം ഹാന്‍ഡ്‌സെറ്റുകളുടെ വിപണനത്തില്‍ മെച്ചപ്പെട്ട വിപണിവിഹിതം ലഭിക്കുന്നതിന് ആപ്പിളിനെ സഹായിച്ചിട്ടുണ്ട്. 2016ലെ ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് 20 ശതമാനത്തോളം വിപണിവിഹിതമാണ് ആപ്പിള്‍ നേടിയത്.

സാംസംഗിന്റെ ഗാലക്‌സി 7 സ്മാര്‍ട്ട്‌ഫോണുകള്‍ക്കു നേരിടേണ്ടി വന്ന തിരിച്ചടി ആപ്പിള്‍ ഐഫോണുകള്‍ക്ക് ഗുണകരമായിട്ടുള്ളതായി സൈബര്‍ മീഡിയ മുഖ്യനിരീക്ഷകന്‍ ഫൈസല്‍ കവൂസ പറഞ്ഞു. വരും മാസങ്ങളും ആപ്പിള്‍ ഐ ഫോണുകളുടെ വിപണനത്തിന് അനുകൂലമായിരിക്കുമെന്നും ഫൈസല്‍ കവൂസ അഭിപ്രായപ്പെട്ടു.

റെഡിംഗ്ടണ്‍ ഗ്രാം, രാശി പെരിഫറല്‍സ് എന്നീ സ്ഥാപനങ്ങളിലൂടെയാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ വിതരണം നടത്തുന്നത്. ആദ്യമായാണ് ഓണ്‍ലൈന്‍ സേവന സ്ഥാപനവുമായി ദീപാവലി ഉത്സവ കാലത്ത് സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ടൗണുകളിലും ഒരു പോലെ കടന്നു ചെല്ലുന്നതിന് ആപ്പിളിന് സഹായിച്ചത് ഫ്‌ളിപ്പ് കാര്‍ട്ടുമായുള്ള സേവനമാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു. മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ പലയിടത്തും ആപ്പിളിന് സ്വന്തം വിപണന ശാലകള്‍ ഉണ്ടായിരുന്നില്ല. സാമ്പ്രദായികമായ രീതിയില്‍ കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ഇടങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പങ്കാളിത്തം ആപ്പിളിനു ഗുണം ചെയ്തു.

Comments

comments

Categories: Slider, Top Stories