വഴക്കാളിയില്‍ നിന്നും നേതൃ പദവിയിലേക്ക്

വഴക്കാളിയില്‍ നിന്നും നേതൃ പദവിയിലേക്ക്

ആന്റണി ഷെലിന്‍

ധിക്കാരി, അഹങ്കാരി, ഒരുമ്പെട്ടവന്‍…ഇതെല്ലാമായിരുന്നു ട്രംപ്. ന്യൂയോര്‍ക്ക് എന്ന മഹാനഗരത്തിലെ ധനികരില്‍ ധനികരായവരുടെ മുഖമുദ്രയും ഇതു തന്നെയാണ്. എന്നിട്ടും അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും അവരുടെ രക്ഷകനെ കണ്ടെത്തിയത് ട്രംപിലാണ്.
ന്യൂയോര്‍ക്ക് നഗരത്തില്‍ ക്യൂന്‍സ് എന്ന് പേരുള്ള ധനികര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് വസ്തു കച്ചവടക്കാരനായ ഫ്രെഡെറിക് ക്രിസ്റ്റ് ട്രംപിന്റെ മകനായിട്ടാണ് 1946 ജൂണ്‍ 14നു ഡൊണാള്‍ഡ് ട്രംപ് ജനിച്ചത്. ധനികനായിരുന്നു ട്രംപിന്റെ പിതാവ്. നീല നിറത്തിലുള്ള കാഡിലാക്ക് കാര്‍ സ്വയം ഡ്രൈവ് ചെയ്തു പോകുന്നത് അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നായിരുന്നു. സ്‌കോട്ടിഷ് വംശജയായിരുന്ന മേരി ആന്‍ മക്‌ലിയോഡായിരുന്നു ട്രംപിന്റെ മാതാവ്. അവര്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറുകയായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത്, ട്രംപ് സ്ഥിരം വഴക്കാളിയായിരുന്നു. ട്രംപിനെ നേര്‍വഴി പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ കണ്ടെത്തിയ മാര്‍ഗം ട്രംപിനെ സൈനിക അക്കാദമിയില്‍ ചേര്‍ക്കുകയെന്നതായിരുന്നു. അവിടെ നിന്നാണു ട്രംപ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സില്‍ നിന്നുമാണ് ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് പിതാവിന്റെ ബിസിനസിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ബാല്യകാല ജീവിതത്തെക്കുറിച്ച് ട്രംപ് അധികമൊന്നും ആരോടും പറഞ്ഞട്ടില്ല. ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയാണ് ട്രംപിന്റെ ജീവകഥ തയാറാക്കിയ എഴുത്തുകാരനായ തിമോത്തി ഒ ബ്രെയിനോട് ട്രംപിന്റെ ബാല്യകാലത്തെ കുറിച്ച് പറഞ്ഞത്. ബാല്യകാലത്തില്‍ അധികം ശ്രദ്ധ ലഭിച്ചിരുന്നില്ല ട്രംപിന്. അന്നു മുതല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ ട്രംപ് ശ്രമിച്ചിരുന്നെന്നു ഇവാന പറയുന്നു. ട്രംപ് ആദ്യകാലങ്ങളില്‍ തനിയെ ആരംഭിച്ച ബിസിനസ് ഈ വാദം സത്യമാണെന്നു തെളിയിക്കുന്നതാണെന്നും ഇവാന പറയുന്നുണ്ട്.
കച്ചവടത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചപ്പോള്‍ ട്രംപ് ഏര്‍പ്പെട്ടിരുന്നത് പ്രോപ്പര്‍ട്ടി സംബന്ധമായ കച്ചവടങ്ങളിലായിരുന്നില്ല. പകരം ടിവി ഷോ ബിസിനസിലായിരുന്നു ചുവടുവച്ചത്. 23 വയസില്‍ ട്രംപ്, ടിവി ഷോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബ്രോഡ്‌വേ പ്രൊഡക്ഷനില്‍ 50 ശതമാനം ഓഹരിയാണു നിക്ഷേപിച്ചത്. തിയേറ്റര്‍ വ്യവസായം എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നു പഠിക്കാന്‍ വേണ്ടിയായിരുന്നു ട്രംപ് നിക്ഷേപം നടത്തിയത്. ഈ കച്ചവടത്തില്‍ പക്ഷേ ട്രംപിനു നഷ്ടം സംഭവിച്ചു. എങ്കിലും ഈ രംഗം ഇഷ്ടപ്പെട്ടിരുന്ന ട്രംപ് അവിടം എന്നന്നേക്കുമായി ഉപേക്ഷിക്കാനും തയാറായിരുന്നില്ല.
1971ല്‍ പ്രോപ്പര്‍ട്ടി ബിസിനസിലേക്ക് പ്രവേശിച്ച ട്രംപ്, പിതാവിന്റെ കമ്പനിയുടെ ചുമതലയേറ്റെടുത്തു. കമ്പനിക്ക് ദി ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നും പേരിട്ടു. ബിസിനസില്‍ പിതാവായിരുന്നു ഗുരുവെന്ന് പലപ്പോഴും ട്രംപ് പറഞ്ഞിട്ടുണ്ട്. പിതാവിന്റെ സ്ഥാനമില്ലെങ്കിലും അത്രയും തന്നെ ബഹുമാനം ട്രംപ്, റോയി മാര്‍ക്കസ് കോഹന്‍ എന്ന അഭിഭാഷകനും നല്‍കുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ സെനറ്ററായിരുന്ന ജോസഫ് മക്കാര്‍ത്തിയുടെ വിശ്വസ്ത ഉപദേശകന്‍ കൂടിയായിരുന്നു റോയി മാര്‍ക്കസ് കോഹന്‍.
ധനികനായ ട്രംപും കുതന്ത്രങ്ങള്‍ മെനയാന്‍ മിടുക്കനുമായ അഭിഭാഷകന്‍ റോയി കോഹനും തമ്മില്‍ നൈറ്റ് ക്ലബ്ബില്‍ കൂടിക്കാണുന്നത് പതിവാക്കി. കച്ചവടത്തില്‍ മാത്രമല്ല ജീവിതത്തിലും തന്ത്രവും കുതന്ത്രവും എളുപ്പം പഠിച്ചെടുക്കാന്‍ ഇതിലൂടെ ട്രംപിന് സാധിച്ചു. നമ്മളെ ഒരാള്‍ തൊഴിച്ചാല്‍ അവനെ പത്ത് മടങ്ങ് തിരിച്ച് തൊഴിക്കണം. അവസാനം അവന്‍ ഒത്തുതീര്‍പ്പിന് വരുമെന്ന തത്വം ട്രംപ് പഠിച്ചെടുത്തു.
ട്രംപിന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിലും കോഹന്‍ വഹിച്ച പങ്ക് നിസാരമായിരുന്നില്ല. മാധ്യമങ്ങളില്‍ ട്രംപിനെ പ്രകീര്‍ത്തിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയ്യെടുത്തു. ടിവിയില്‍ അഭിമുഖങ്ങള്‍ പ്രക്ഷേപണം ചെയ്തു. ട്രംപിന്റെ പ്രോപ്പര്‍ട്ടികളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര് എഴുതി ചേര്‍ക്കണമെന്ന് ഉപദേശിച്ചു. അമേരിക്കയുടെ നഗരങ്ങളില്‍ ഓരോ കെട്ടിടങ്ങള്‍ ഉയരുമ്പോഴും ട്രംപ് എന്ന പേരും സമൂഹത്തില്‍ മുദ്രണം ചെയ്യപ്പെട്ടു. അങ്ങനെ സ്വന്തം പേര് വരെ ബ്രാന്‍ഡ് ചെയ്യാന്‍ ട്രംപ് തന്ത്രപൂര്‍വം ശ്രമിച്ചു.
സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ ഉച്ചത്തിലും വ്യക്തതയോടും നടത്തണമെന്ന ശൈലി ട്രംപിനെ പരിശീലിപ്പിച്ചതും കോഹന്‍ തന്നെയായിരുന്നു. അഭിഭാഷകനായിരുന്ന കോഹന്‍ കോടതികളില്‍ വാദം നടത്തുമ്പോള്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്ന കാര്യം ട്രംപിനെ ഓര്‍മിപ്പിച്ചു. ഈയൊരു ശൈലിയാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ട്രംപ് അനുവര്‍ത്തിച്ചത്.
പൊതുസമൂഹത്തില്‍ പ്ലേ ബോയ്, അഥവാ സരസമായ വ്യക്തിത്വം രൂപപ്പെടുത്താന്‍ ട്രംപ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന് അദ്ദേഹം കൂട്ടുപിടിച്ചത് ടിവി ഷോകളെയാണ്. പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴും ട്രംപ് സ്വന്തം കുടുംബാംഗങ്ങളെയും കൂടെ കൂട്ടാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. മൂന്ന് ഭാര്യമാരുണ്ട് ട്രംപിന്. ഇപ്പോള്‍ മൂന്നാം ഭാര്യ മെലാനിയയോടൊപ്പമാണ് താമസം. ഈ ബന്ധത്തില്‍ ട്രംപിന് ഒന്‍പത് വയസുള്ള മകനുണ്ട്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി ഈ വര്‍ഷം ജൂലൈയിലാണ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ ട്രംപ് കുടുംബാംഗങ്ങളെ ഒന്നടങ്കം വേദിയില്‍ കൊണ്ടുവരികയുണ്ടായി. മാത്രമല്ല, ട്രംപിന്റെ മകള്‍ ഇവാന്‍കയും ടിഫാനിയും ഭാര്യ മെലാനിയയും ട്രംപിനു വേണ്ടി പ്രചാരണത്തില്‍ പങ്കെടുക്കുകയും ചെയ്തു.
1970കളില്‍ മന്‍ഹട്ടനില്‍ നിരവധി പ്രദേശങ്ങളില്‍ ഭൂമിയും വസ്തുക്കളും വാങ്ങി കൂട്ടിയ ട്രംപ് 80കളില്‍ ചൂതാട്ട, വിനോദകേന്ദ്രങ്ങള്‍ ആരംഭിച്ചു. എന്നാല്‍ 90കളോടെ അവയെല്ലാം ട്രംപിന്റെ ബിസിനസിനെ നഷ്ടത്തിലേക്ക് നയിച്ചു. 1990ലും 92ലും ട്രംപിന്റെ കമ്പനികളെ പാപ്പരായി പ്രഖ്യാപിച്ചു. പിന്നീട് 2000ാടെ ഭൂമി വില വര്‍ധിച്ചതാണ് ട്രംപിന് പുതുജന്മമേകിയത്. മന്‍ഹട്ടനിലുള്ള വസ്തുക്കള്‍ വിറ്റു. ട്രംപ് വീണ്ടും ധനികനായി. 2004ല്‍ ടിവി റിയാല്‍റ്റി ഷോ ആരംഭിച്ചു. ദി അപ്രന്റിസ് എന്ന ടിവ ഷോയിലൂടെ ട്രംപ് പ്രശസ്തനായി. അപ്രന്റിസ് എന്ന ഷോ ആണ് ട്രംപിനെ ജനകീയനാക്കിയത്.
പ്രോപ്പര്‍ട്ടി ടൈക്കൂണ്‍, ബിസിനസുകാരന്‍ തുടങ്ങിയ വിശേഷണങ്ങളുമായിട്ടാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് നടന്ന പ്രചാരണത്തില്‍ ട്രംപ് സ്വയം പരിചയപ്പെടുത്തിയത്. എന്നാല്‍ എതിരാളികള്‍ ട്രംപിന് ചാര്‍ത്തികൊടുത്തത് കളങ്കിത വ്യക്തിത്വത്തിന് ഉടമയെന്ന വിശേഷണമാണ്.
കരാറുകാര്‍ക്ക് കുടിശികയില്‍ വീഴ്ചവരുത്തിയവന്‍, ജീവനക്കാര്‍ക്ക് ശബളം കുറച്ചു കൊടുക്കുന്നവന്‍, നിലവാരമില്ലാത്ത കോഴ്‌സുകള്‍ നടത്തുന്ന യൂണിവേഴ്‌സിറ്റിയുടെ തലവന്‍(ട്രംപിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്), ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ ചെലവേറിയ വ്യവഹാരത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നവന്‍ തുടങ്ങിയ കുറ്റങ്ങള്‍ ട്രംപിനെതിരേ പ്രചാരണഘട്ടത്തില്‍ എതിരാളികള്‍ ഉയര്‍ത്തിയിരുന്നു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ഘട്ടത്തില്‍ അമേരിക്കന്‍ ജനതയെ വിഭജിച്ചെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതിന് കാരണക്കാരന്‍ ട്രംപാണെന്നു വരെ പ്രചരിക്കുകയുണ്ടായി. മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരേ മതില്‍ കെട്ടുമെന്ന ട്രംപിന്റെ പ്രസ്താവനയും മുന്‍ മിസ് യൂണിവേഴ്‌സുമായി ട്രംപ് വാക്ക് പോരിലേര്‍പ്പെട്ടതും ട്രംപിനു പ്രചാരണഘട്ടത്തില്‍ തിരിച്ചടി സമ്മാനിച്ച സംഭവങ്ങളായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് നിര്‍ണായകമായ ബ്രോഡ്കാസ്റ്റിംഗ് കരാര്‍ നഷ്ടപ്പെടുകയും ട്രംപ് പ്രോപ്പര്‍ട്ടിയുടെ മൂല്യം കുത്തനെ ഇടിയുകയുമുണ്ടായി.
ട്രംപിന്റെ പ്രചാരണഘട്ടത്തിലെ പ്രസംഗങ്ങളും പ്രസ്താവനകളും ഏറ്റവുമധികം അസ്വസ്ഥതപ്പെടുത്തിയത് ബ്ലു കോളര്‍ എന്ന് അറിയപ്പെടുന്ന തൊഴിലാളി വര്‍ഗത്തെയായിരുന്നു. കാരണം അദ്ദേഹം ശാസിച്ചതും നിന്ദിച്ചതും ഭര്‍ത്സിച്ചതും തൊഴിലാളിവര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ട്രംപിനെ ഇഷ്ടപ്പെട്ടവരും ട്രംപില്‍ രക്ഷകനെ കണ്ടെത്തിയവരും ഹിലരിയേക്കാള്‍ അധികമാണെന്നു തെളിയിച്ചിരിക്കുന്നു. പ്രോപ്പര്‍ട്ടി ഡവലപ്പറായി ജീവിതം ആരംഭിച്ച് മിനി സ്‌ക്രീനിലൂടെ അമേരിക്കന്‍ കുടുംബ പ്രേക്ഷകര്‍ക്കു മുന്‍പില്‍ സാന്നിധ്യമറിയിച്ചാണ് ട്രംപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇവിടെ അദ്ദേഹത്തിന്റെ മൂന്നാം കാണ്ഡമാണ്. ലോകത്തിന്റെ ശ്രദ്ധ നേടുന്ന മൂന്നാം കാണ്ഡം.

Comments

comments

Categories: Trending