പുതിയ യുഎസ് പ്രസിഡന്റിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

പുതിയ യുഎസ് പ്രസിഡന്റിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

 

ആരവം കഴിഞ്ഞു. ഇനി ആകാംഷയുടെ നാളുകള്‍. മാസങ്ങള്‍ നീണ്ടു നിന്ന പ്രചാരണ കോലാഹലങ്ങള്‍ക്കു ശേഷം 44മത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്നലെ അമേരിക്കന്‍ വോട്ടര്‍മാര്‍ വിധിയെഴുതി. വാശിയേറിയ പോരാട്ടത്തില്‍ ഹിലരി വിജയിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ അസ്വസ്ഥമാക്കിയ ഒരു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2016നു മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് ആഗോള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. വെറുപ്പും വിദ്വേഷവും കുത്തിനിറച്ച് ഒരു സ്ഥാനാര്‍ഥി പ്രചാരണം നയിച്ചപ്പോള്‍, മറുവശത്ത് വിശ്വാസ്യത നഷ്ടപ്പെട്ട ഇമേജുമായിട്ടാണു വോട്ട് അഭ്യര്‍ഥിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥി രംഗത്തിറങ്ങിയത്.
ഭരണത്തുടര്‍ച്ച ഉയര്‍ത്തി കാണിച്ചാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി വോട്ട് തേടിയിറങ്ങിയത്. മുന്‍ഗാമിയായ ബരാക് ഒബാമ തുടക്കമിട്ട പുരോഗമന, സ്വതന്ത്ര ലോകക്രമം പിന്തുടരാന്‍ ശ്രമിക്കുമെന്നാണു ഹിലരി വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനം. എന്നാല്‍ ഈ കീഴ്‌ വഴക്കം അവസാനിപ്പിക്കുമെന്നാണു ഹിലരിയുടെ എതിരാളിയായ ട്രംപ് വോട്ടര്‍മാരോട് പറഞ്ഞത്.
ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണിന്റെ വിദേശനയത്തില്‍ പ്രതിസന്ധി രൂപപ്പെടാനുള്ള സാധ്യത ഏറെയാണെന്നു നയതന്ത്ര ലോകം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പ്രസ്താവിച്ച കാര്യങ്ങള്‍ വിശദമായി പഠിച്ച് അവ നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരാവും നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇവയില്‍ പലതും അമേരിക്കയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയുമാണ്.
നിരവധി കാര്യങ്ങളില്‍ ട്രംപ് അജ്ഞനാണ്. അദ്ദേഹം പ്രചാരണത്തിനിടെ ഒരുപാട് വീമ്പിളക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹം ഉറച്ച നിലപാട് സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. യുഎസിന്റെ വിവിധ രാജ്യങ്ങളുമായുള്ള സഖ്യ ഉടമ്പടിയോട് ട്രംപിന് എതിര്‍പ്പുണ്ട്. ആഗോളതലത്തില്‍ സുരക്ഷയൊരുക്കാന്‍ അമേരിക്ക എന്തിനാണ് ഇത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അമേരിക്ക ഇപ്പോള്‍ പിന്തുടരുന്ന വ്യാപാര നയത്തെ ട്രംപ് എതിര്‍ക്കുന്നുണ്ട്. പണമാണ് ഏക ധനം എന്ന പഴയ സിദ്ധാന്തത്തെ അനുകൂലിക്കുന്നുണ്ട് ട്രംപ്. റഷ്യന്‍ അനുകൂലിയാണ്. ജനങ്ങളോട് ഭരണഘടനാപരമായി ഉത്തരവാദിത്വമില്ലാത്തതും എന്നാല്‍ അധികാരം തന്നില്‍ മാത്രം കേന്ദ്രീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുമുണ്ട് ട്രംപ്.
ഒരു കാര്യം ഉറപ്പാണ്, പുതിയ പ്രസിഡന്റ് 2017 ജനുവരി 20ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രവേശിക്കുമ്പോള്‍ ചില കടുത്ത തീരുമാനങ്ങളെടുക്കാന്‍ ബാദ്ധ്യസ്ഥമാകും. ഇത് ആഗോളതലത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ നിസാരമായിരിക്കുകയുമില്ല.

വടക്കന്‍ കൊറിയയുടെ പ്രകോപനം

ആഗോളതലത്തില്‍ യുഎസിന്റെ അപ്രമാദിത്വം വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ്. ഉത്തര കൊറിയയുടെ പ്രകോപനം യുഎസിനെ കുറച്ചൊന്നുമല്ല അലട്ടുന്നത്. സമീപകാലത്ത് ഉത്തര കൊറിയ ഡസന്‍ കണക്കിന് ആണവ പരീക്ഷണങ്ങളാണ് നടത്തിയത്. ഇവയാകട്ടെ, യുഎസിനെ ലക്ഷ്യം വച്ചിട്ടുള്ളതുമാണ്. സമീപഭാവിയില്‍ ഉത്തര കൊറിയ യുഎസിന്റെ പശ്ചിമ തീരത്തെ ലക്ഷ്യംവയ്ക്കാന്‍ പ്രാപ്തിയുള്ള ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്തര കൊറിയയുടെ വളര്‍ച്ച തടയിടേണ്ടത് യുഎസിന് അത്യാവശ്യമാണ്. ഇതിനുള്ള തന്ത്രപരമായ നടപടികള്‍ ആവിഷ്‌കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും പുതിയ ഭരണാധികാരിക്കായിരിക്കും. ഉത്തര കൊറിയയെ തളയ്ക്കാന്‍ യുഎന്‍ സ്‌പോണ്‍സേഡ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടു മാത്രം കാര്യമില്ല. അവ കര്‍ശനമായി നടപ്പിലാക്കാന്‍ ചൈനയുടെ സഹകരണം യുഎസ് തേടണം. ഇത് സാധ്യമാവുന്നില്ലെങ്കില്‍ ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ യുഎസ് തയാറാകണം. ഇത് പുതിയ യുഎസ് പ്രസിഡന്റ് നേരിടാന്‍ പോകുന്ന വെല്ലുവിളിയായിരിക്കും.

ചൈനയുടെ വളര്‍ച്ച
ചൈന ഉള്‍പ്പെടുന്ന western pacificക്കില്‍ യുഎസ് ആസ്വദിക്കുന്ന സ്വാധീനശക്തിക്ക് നാളുകളായി വെല്ലുവിളി നേരിടുകയാണ്. യുഎസിന്റെ പുതിയ പ്രസിഡന്റിനും ഈ വെല്ലുവിളി നേരിടേണ്ട സാഹചര്യമായിരിക്കും വരാന്‍ പോകുന്നത്. ഉടമസ്ഥതാ തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളിന്മേല്‍ ചൈന സ്ഥാപിച്ചെടുത്ത അധീശത്വം യുഎസിന് തിരിച്ചടിയാണ്. ഇതിനു പുറമേയാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ട് യുഎസ് സഖ്യം ഉപേക്ഷിച്ച് ചൈനയുമായി സൗഹൃദം സ്ഥാപിക്കാന്‍ തയാറായതും. ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്കുള്ള സ്വാധീനം മറികടക്കാന്‍ യുഎസ് കണ്ടുപിടിച്ച മാര്‍ഗങ്ങളിലൊന്ന് ഫിലിപ്പീന്‍സിനെ തന്ത്രപൂര്‍വ്വം ഉപയോഗിക്കുകയെന്നതായിരുന്നു. എന്നാല്‍ യുഎസുമായുള്ള സഖ്യം ഫിലിപ്പീന്‍സ് ഉപേക്ഷിച്ചതോടെ യുഎസിന് മേഖലയിലെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെയാണ് നഷ്ടമായിരിക്കുന്നത്.
ഹിലരി ക്ലിന്റന്‍ യുഎസ് പ്രസിഡന്റാവുകയാണെങ്കില്‍ ഒബാമയുടെ വിദേശനയം (pivot to asia- ഏഷ്യ കേന്ദ്രബിന്ദു) തന്നെയായിരിക്കും പിന്തുടരുകയെന്നു സൂചനയുണ്ട്. മേഖലയിലെ യുഎസ് സഖ്യകക്ഷികളില്‍ വിശ്വാസം ഊട്ടിയുറപ്പിച്ച് ചൈനയുടെ അപ്രമാദിത്വത്തിനു തടയിടുക എന്നതാണ് ഏഷ്യ കേന്ദ്രബിന്ദു എന്ന ഒബാമയുടെ വിദേശനയം. അതേസമയം ട്രംപിന് ചൈനയോടുള്ള എതിര്‍പ്പ് ദക്ഷിണ ചൈനാ കടലിന്റെ ഉടമസ്ഥതാ തര്‍ക്കത്തിലല്ല. പകരം വ്യാപാര സംബന്ധിയാണ്.

ഐഎസും സിറിയയും

ആഗോളതലത്തില്‍ ഭീഷണിയായി മാറിയ ഇസ്ലാമിക സ്റ്റേറ്റിനെതിരേ സിറിയയിലും ഇറാഖിലും സൈനിക മുന്നേറ്റം കൈവരിച്ച സാഹചര്യത്തിലാണ് അമേരിക്ക പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഐഎസിനെതിരേയുള്ള യുദ്ധത്തില്‍ അസദിനും പുടിനുമൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് പ്രചാരണ ഘട്ടത്തില്‍ പ്രസ്താവിച്ചിരുന്നു. കിഴക്കന്‍ അലെപ്പോയില്‍ വിമത കേന്ദ്രങ്ങളില്‍ അസദ് ഭരണകൂടം റഷ്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണത്തെ അപലപിക്കാന്‍ ട്രംപ് തയാറായതുമില്ല. ട്രംപിന്റെ ഈ നിലപാട് അക്ഷരാര്‍ഥത്തില്‍ വഞ്ചനാപരമായിട്ടാണ് ചിത്രീകരിക്കുന്നത്. ഹിലരിയാകട്ടെ, പ്രചാരണഘട്ടത്തില്‍ സിറിയയില്‍ നോ-ഫ്‌ളൈ സോണ്‍ അഥവാ സേഫ് സോണ്‍ നടപ്പിലാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ റഷ്യയുമായി നേരിട്ടുള്ളൊരു പോരാട്ടത്തിന് യുഎസിന് തയാറെടുക്കേണ്ടി വരിക.

യൂറോപ്പും നാറ്റോയും

യൂറോപ്യന്‍ യൂണിയന്‍, നാറ്റോ തുടങ്ങിയ സംഘടനകളുമായി സൗഹൃദം മെച്ചപ്പെടുത്താനാണു ഹിലരി ആഗ്രഹിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇരു സംഘടനകളുടെയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹിലരി താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
മറുവശത്ത് ട്രംപാകട്ടെ, നാറ്റോയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തനല്ല. അമേരിക്കയുടെ ചെലവില്‍ കഴിയുന്ന സംഘടനയാണ് നാറ്റോയെന്നും അവര്‍ സുരക്ഷയൊരുക്കുന്നതില്‍ ആത്മാര്‍ഥ പുലര്‍ത്തുന്നുണ്ടോ എന്നും ട്രംപ് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
അമേരിക്ക സഖ്യകക്ഷികളോട് കാണിച്ച പ്രതിബദ്ധത തിരിച്ച് അമേരിക്കയ്ക്ക് ലഭിച്ചോ എന്നു താന്‍ പ്രസിഡന്റായാല്‍ പരിശോധിക്കുമെന്ന ട്രംപിന്റെ പ്രസ്താവന നാറ്റോയോടുള്ള എതിര്‍പ്പ് തന്നെയാണ് പ്രകടമാക്കിയത്.

വ്യാപാരം

ഒബാമ ഭരണകൂടത്തിലെ പ്രധാനപ്പെട്ട രണ്ട് വ്യാപാര പദ്ധതികളായിരുന്നു ട്രാന്‍സ് അറ്റ്‌ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ് വിത്ത് യൂറോപ്പ് (ttip), ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ttp) തുടങ്ങിയവ. ഇവയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹിലരി ആദ്യം ttp യെ അനുകൂലിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. എങ്കിലും ttp പോലെ ബഹുമുഖ വ്യാപാര കരാറുകള്‍ നടപ്പിലാക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഹിലരി. എന്നാല്‍ ട്രംപ് ഇക്കാര്യങ്ങളില്‍ നേര്‍വിപരീതമാണ്. ഇത്തരം വ്യാപാര കരാറുകള്‍ യുഎസിന് ഒരിക്കലും ഗുണകരമല്ലെന്നാണ് ട്രംപിന്റെ പക്ഷം. അമേരിക്കയ്ക്ക് അനുകൂലമല്ലാത്ത യാതൊരു വ്യാപാര കരാറുകളും വേണ്ടെന്ന ഉറച്ച നിലപാടാണ് ട്രംപിനുള്ളത്. മാത്രമല്ല, വ്യാപാരത്തിലൂടെ അന്യായമായി നേട്ടം കൊയ്യുന്ന രാജ്യങ്ങളെ സാമ്പത്തിക ഉപരോധത്തിലൂടെയും മറ്റ് നടപടികളിലൂടെയും ശിക്ഷിക്കുമെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.

കാലാവസ്ഥ വ്യതിയാനം

ആഗോളതലത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു പാരീസ് കാലാവസ്ഥ ഉടമ്പടി. നിലവില്‍ ഈ ഉടമ്പടിയില്‍ 94 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. ട്രംപ് ഇതിന് എതിരാണ്. പ്രസിഡന്റായാല്‍ യുഎന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള താപന നിയന്ത്രണ പരിപാടിക്ക് യുഎസ് നല്‍കി വരുന്ന ഫണ്ട് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ട്രംപ്. കാലാവസ്ഥ വ്യതിയാനം എന്ന ആശയത്തോട് ഒട്ടും യോജിക്കുന്നില്ല ട്രംപ്. ഈ ആശയം ചൈന സൃഷ്ടിച്ച വ്യാജ, കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം പറയുന്നു. ഗ്രീന്‍ ഹൗസ് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ അമേരിക്കന്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വാദിക്കുന്നു.

Comments

comments

Categories: Slider, Trending