സ്വച്ഛ ഭാരതം കൂടുതല്‍ ശക്തമാകണം

സ്വച്ഛ ഭാരതം  കൂടുതല്‍ ശക്തമാകണം

 

2017-18 കേന്ദ്ര ബജറ്റില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രത്യേകം ഫണ്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് അഭിയാന്‍ എന്ന സ്വപ്‌ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. പദ്ധതി പ്രായോഗിക തലത്തില്‍ അതിന്റെ പൂര്‍ണതയിലേക്കെത്തുന്നില്ലെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും ഇനി മുതല്‍ അവരുടെ ബജറ്റുകളില്‍ സ്വച്ഛഭാരത് അഭിയാന്‍ എന്ന് പ്രത്യേക പരാമര്‍ശം ചേര്‍ക്കണം. അടുത്ത ആറ് ആഴ്ച്ചയ്ക്കുള്ളില്‍ എല്ലാ മന്ത്രാലയങ്ങളും അവരുടെ രണ്ട് വര്‍ഷത്തേക്കുള്ള സ്വച്ഛതാ കര്‍മ പദ്ധതിയുടെ രൂപരേഖയുണ്ടാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും വേണം. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണിത്. രാജ്യം മുഴുവന്‍ വൃത്തിയാക്കുന്ന ഈ പദ്ധതിക്കായിരിക്കണം പ്രഥമ മുന്‍ഗണനയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സമഗ്ര കര്‍മപദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. നിലവില്‍ 15 ശതമാനം ഗ്രാമീണ കുടുംബങ്ങളില്‍ മാത്രമേ കുടിവെള്ള കണക്ഷനുള്ളു. ഇത്തരം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഫോട്ടോഷൂട്ടിനല്ലാതെ പ്രായോഗിക തലത്തില്‍ ഏറ്റെടുത്ത് നടത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്ന് ബിജെപിയിലെ ഒരു വിഭാഗം ചിന്തിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയെന്ന നിലയിലാണ് സ്വച്ഛ ഭാരത് അഭിയാന്‍ വിഭാവനം ചെയ്തത്. എന്നാല്‍ മോദിയുടെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും പലയിടങ്ങളിലും പരിപാടി പബ്ലിസിറ്റി സ്റ്റണ്ടായി മാത്രം അവശേഷിക്കുകയാണ്. ഈ അവസ്ഥ മാറ്റാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അതിന് ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial