ഭാഷയെ പൊങ്ങച്ച സംസ്‌കാരത്തിന്റെ ഭാഗമാക്കരുത്: സേതു

ഭാഷയെ പൊങ്ങച്ച സംസ്‌കാരത്തിന്റെ ഭാഗമാക്കരുത്: സേതു

 

കൊച്ചി: ഭാഷയെ പൊങ്ങച്ച സംസ്‌കാരത്തിന്റെ ഭാഗമാക്കരുതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സേതു. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കാതെ അവരെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ട് സംസ്‌കാര ശൂന്യത സൃഷ്ടിക്കുന്നതിന് ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്. ഭാഷ പൈതൃകമാണ്. അത് തലമുറകള്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എറണാകുളം ജില്ലാ ഭരണകൂടവും ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഭാഷാവാരാചരണത്തിന്റെ സമാപന സമ്മേളനം കളക്ടറേറ്റ് സമ്മേളന ഹാളില്‍ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കീഴാള ഭാഷകളെ അടിച്ചമര്‍ത്തുന്ന സമീപനം വര്‍ധിച്ചുവരുകയാണ്. കീഴാള ഭാഷകളെ അടുത്ത തലമുറയ്ക്കായി കൈമാറണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ആ ഭാഷയുടെ നിലനില്‍പ്പ് അപകടത്തിലാകും. കേരളം നേരിടുന്ന ഒരു വലിയ ഭീഷണിയാണിത്. ഭാഷയെ ഓര്‍ക്കാന്‍ ഒരുദിനം സംഘടിപ്പിക്കുന്നത് ലോകത്തിലൊരിടത്തും കാണില്ല. അത് ഒരു ദുഃഖകരമായ കാര്യമാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന വേളയില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിനെ ശക്തമായി ചിലര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഉറച്ച വിശ്വാസത്തോടെ അദ്ദേഹം മുന്നോട്ടുപോയി. അതിന്റെ ഫലമാണ് ഇന്നത്തെ ഇന്ത്യ. ഇന്ത്യയില്‍ ഇപ്പോള്‍ 700 ലധികം ഭാഷയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കുകിഴക്ക് മാത്രം അമ്പതോ അറുപതോ വരാം. അവിടങ്ങളിലെ നാടോടിക്കഥകള്‍ നമ്മുടെ പൈതൃകസ്വത്താണ്. ആന്‍ഡമാനില്‍ ഒരാള്‍ മരിച്ചപ്പോള്‍ ഒരു ഭാഷ മരിച്ചുവെന്ന കാര്യം സേതു ചൂണ്ടിക്കാട്ടി.

ഭാഷ ഒന്നിനും തടസമല്ല. എന്നാല്‍ ഒന്ന് മറ്റൊന്നിനെ ഉള്‍ക്കൊള്ളണം. ഐടി വ്യവസായത്തില്‍ നുഴഞ്ഞുകയറി ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും ഇംഗ്ലീഷിനെ ഒരു ആശയവിനിമയ ഭാഷയായി കരുതി മുന്നേറുകയാണ്. എന്നാല്‍ സ്വന്തം ഭാഷയെ അതിലേക്ക് സമന്വയിപ്പിച്ചാണ് അവര്‍ മുന്നോട്ടുപോകുന്നത്. നമ്മുടെ കുട്ടികളുടെ സംവഹനശേഷി കുറച്ചുകാണരുത്. ജോലി കിട്ടാനെന്നു പറഞ്ഞ് വികലമായ ഇംഗ്ലീഷ് പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. നമ്മുടെ സംസ്‌കാരവും പൈതൃകവും അവരിലേക്കു പകര്‍ന്നുകൊടുക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഭാഷയെ ജനഹൃദയങ്ങളിലെത്തിക്കാന്‍ ആകാശവാണി വലിയ സംഭാവനയാണ് ചെയ്തിട്ടുള്ളതെന്ന് ചടങ്ങില്‍ പങ്കെടുത്ത കൊച്ചി സ്റ്റേഷന്‍ ഡയറക്റ്റര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ പറഞ്ഞു. ലോകത്തിലെ ചെറുഭാഷകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ചെറു സമൂഹങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഉദാഹരണത്തിന് പാണന്‍മാര്‍. നാട്ടുഭാഷകളെക്കൂടി മനസിലാക്കി വേണം മുന്നോട്ടുപോകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പഠിച്ചെടുത്തതും സംസ്‌കരിച്ചെടുത്തതുമായ ഭാഷയെ സമന്വയിപ്പിച്ചു കൊണ്ടുപോകണം. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കളക്ടറേറ്റ് ആലാപന സംഘത്തിന്റെ ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. യോഗത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സേതുവിനെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പൊന്നാടയണിച്ചു. ഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ സേതു വിതരണം ചെയ്തു.

Comments

comments

Categories: Politics

Related Articles