അട്ടിമറി വിജയം: ഡെമൊക്രാറ്റിക് ശക്തി കേന്ദ്രങ്ങളിലും ട്രംപിന്റെ മുന്നേറ്റം

അട്ടിമറി വിജയം:  ഡെമൊക്രാറ്റിക് ശക്തി കേന്ദ്രങ്ങളിലും ട്രംപിന്റെ മുന്നേറ്റം

 

വാഷിങ്ടന്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശതകോടീശ്വരന്‍ ഡൊണള്‍ഡ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത് അടുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കയെ ആര് നയിക്കുമെന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത ഉത്തരമരുളി. ഭരണത്തിന്റെ കടിഞ്ഞാണ്‍ ഹിലരിയില്‍ സുരക്ഷിതമായിരിക്കുമെന്ന രീതിയിലുള്ള പ്രവചനങ്ങളെയും സര്‍വേകളെയും പൊളിച്ചടുക്കികൊണ്ടുള്ള അട്ടിമറി വിജയമാണ് ട്രംപ് കൈവരിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയും എഴുപതുകാരനായ ട്രംപിനുണ്ട്.

538 ഇലക്ടറല്‍ വോട്ടുകളില്‍ 276 വോട്ടുകള്‍ നേടിയാണ് ട്രംപ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിജയ പ്രതീക്ഷകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്. ഹിലരിക്ക് 218 വോട്ടുകളാണ് ലഭിച്ചത്. ഹിലരിയുടെ സ്വന്തം സംസ്ഥാനമായ അര്‍കന്‍സയിലുള്‍പ്പടെയുള്ള ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും ട്രംപ് ഭൂരിപക്ഷം നേടി. ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 26 ഇടത്ത് ട്രംപ് വിജയകൊടി പാറിച്ചു.തലസ്ഥാന മേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഉള്‍പ്പടെ 19 ഇടത്ത് ഹിലരിയും വിജയിച്ചു. ഫ്‌ളോറിഡ, ടെക്‌സാസ്, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളില്‍ ജയം നേടാനായതും ട്രംപിനു കരുത്തായി. ഒഹായോ, ഇന്‍ഡ്യാന, ടെനിസി എന്നിവിടങ്ങളിലും ട്രംപ് മികച്ച വിജയം നേടി.

പരാജയം സമ്മതിച്ച ഹിലറി ട്രംപിന് അഭിനന്ദനമറിയിച്ചു. യുഎസിലെ എല്ലാ ജനങ്ങളുടെയും പ്രസിഡന്റായിരിക്കും താനെന്നും ഈ വിജയത്തിന് യുഎസ് ജനതയ്ക്ക് നന്ദിയറിയിക്കുന്നതായും ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്നും, വിമുക്ത ഭടന്‍മാര്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് പദത്തിലേക്ക് സ്ഥാനാരോഹിതനാകുന്ന 45ാമത്തെ വ്യക്തിയാണ് ട്രംപ്. എട്ടു വര്‍ഷത്തിനുശേഷം ഡൊണള്‍ഡ് ട്രംപിലൂടെ പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന് മാറ്റുകൂട്ടുന്ന പ്രകടനമാണ് യുഎസ് സെനറ്റിലും കോണ്‍ഗ്രസിലും കാണാനായത്. എട്ടു വര്‍ഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും.

Comments

comments

Categories: Slider, Top Stories